പാലായിലും മേലുകാവിലും കടകളിൽ മോഷണ ശ്രമം നടത്തിയ പ്രതികൾ പൊലീസിനെ കണ്ട് ബൈക്കിൽ രക്ഷപെട്ടു; പെട്രോൾ തീർന്ന് ബൈക്ക് റോഡരികിൽ ഉപേക്ഷിച്ച് പ്രതികൾ എസ്റ്റേറ്റിനുള്ളിൽ ഒളിച്ചു; പ്രതികളെ തിരഞ്ഞ് പൊലീസ് സംഘം എസ്റ്റേറ്റ് വളഞ്ഞു; പൊലീസും പ്രതികളും തമ്മിൽ ഒളിച്ചു കളി തുടരുന്നു; പ്രതികൾ രക്ഷപെട്ടത് തോക്കുമായെന്നു സോഷ്യൽ മീഡിയയിൽ പ്രചാരണം
തേർഡ് ഐ ബ്യൂറോ
കോട്ടയം: പാലായിലും മേലുകാവിലും കടകളിൽ മോഷണശ്രമം നടത്തിയ പ്രതികൾ പൊലീസിനെ വെട്ടിച്ചു കടന്നു. അർദ്ധരാത്രിയിൽ വാച്ച് കടയും, മൊബൈൽ ഫോൺ കടയും തകർത്തു മോഷണ ശ്രമം നടത്തിയ മൂന്നു പ്രതികളെയാണ് ബൈക്കിൽ പൊലീസ് സംഘം പിൻതുടരുന്നത്. പെട്രോൾ തീർന്നതോടെ ബൈക്ക് പൈക മല്ലികശേരി ഭാഗത്ത് ഉപേക്ഷിച്ച ശേഷം റബർ എസ്റ്റേറ്റിൽ ഒളിച്ച പ്രതികൾക്കായി പൊലീസ് സംഘം എസ്റ്റേറ്റ് വളഞ്ഞു. എന്നാൽ, പ്രതികൾ പൊലീസുകാരന്റെ തോക്കുമായാണ് രക്ഷപെട്ടതെന്നാണ് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം. ഈ പ്രചാരണം തെറ്റാണെന്നു പാലാ ഡിവൈ.എസ്.പി സാജു വർഗീസ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
ശനിയാഴ്ച അർദ്ധരാത്രി മുതലായിരുന്നു സംഭവങ്ങളുടെ തുടക്കം. മേലുകാവ് പൊലീസ് സ്റ്റേഷനു സമീപം ഒരു വാച്ചു കടയുടെ ഷട്ടർ തകർത്ത പ്രതികൾ മോഷണ ശ്രമം നടത്തുകയായിരുന്നു. വാച്ച് കടയുടെ ഷട്ടർ തകർത്ത് അകത്തു കടന്ന പ്രതികൾ, കടയുടെ ചില്ല് അടിച്ചു തകർത്ത് വാച്ച് മോഷ്ടിക്കാൻ ശ്രമം നടത്തുകയായിരുന്നു. കടയുടെ ഷട്ടറും, ഗ്ലാസും തകർത്ത ശബ്ദം കേട്ട് ഇവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഓടിയെത്തി. പ്രതികളെ കണ്ടതും ഇയാൾ വിവരം മേലുകാവ് പൊലീസ് സ്റ്റേഷനിലെ രാത്രി പെട്രോളിംങ് സംഘത്തെ അറിയിച്ചു. പൊലീസ് എത്തിയതും പ്രതികൾ മൂന്നു പേരും ബൈക്കിൽ കയറി രക്ഷപെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികൾ പാലാ ഭാഗത്തേയ്ക്കു രക്ഷപെട്ടത് അറിഞ്ഞ് പൊലീസ് വയർലസ് വഴി പാലാ സബ് ഡിവിഷനിലെ എല്ലാ പൊലീസ് സ്റ്റേഷനിലേയ്ക്കും രാത്രി പെട്രോളിംങ് സംഘത്തിനും വിവരം കൈമാറി. പൊലീസ് പരിശോധന നടത്തുന്നതിനിടെ പ്രവിത്താനം ഭാഗത്ത് എത്തിയ പ്രതികൾ, ഇവിടെ ഒരു മൊബൈൽ ഫോൺ ഷോപ്പിൽ കയറി മോഷണം നടത്താൻ ശ്രമിച്ചു. തുടർന്നു, ഇവിടെ നിന്നും രക്ഷപെട്ട് തിടനാട് ഭാഗത്തു എത്തിയ പ്രതികൾ ഇവിടെ ബൈക്ക് ഉപേക്ഷിച്ചു. ബൈക്കിന്റെ പെട്രോൾ തീർന്നതിനെ തുടർന്നാണ് പ്രതികൾ ബൈക്ക് ഉപേക്ഷിച്ചു രക്ഷപെട്ടത്.
ഇതേ തുടർന്നു, പാലാ ഡിവൈ.എസ്.പി സാജു വർഗീസിന്റെ നേതൃത്വത്തിൽ പാലാ, തിടനാട്, രാമപുരം, മേലുകാവ് സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ പരിശോധന തുടരുകയാണ്. ഇതിനിടെ, പ്രതികൾ പൊലീസുകാരനെ ആക്രമിച്ച ശേഷം തോക്കുമായാണ് രക്ഷപെട്ടതെന്നു സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.