
തീക്കട്ടയിൽ ഉറുമ്പരിയ്ക്കുന്നു..! ഡിവൈ.എസ്.പിമാരുടെയും സി.ഐമാരുടെയും പേരിൽ വരെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ വളച്ച് പണം തട്ടുന്ന സംഘം കേരളത്തിൽ; ഉപയോഗിക്കുന്നത് ക്ലോൺ വാട്‌സ്അപ്പ് അക്കൗണ്ടുകൾ; മുന്നറിയിപ്പുമായി പൊലീസ് ഉദ്യോഗസ്ഥർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: ആഴ്ചകൾക്കു മുൻപ് ഇടുക്കി അഡീഷണൽ എസ്.പി എസ്.സുരേഷ്‌കുമാർ ഫെയ്‌സ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു. എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇതു മാത്രമേയുള്ളു. എന്റെ ചിത്രമോ, ഈ അക്കൗണ്ടിന്റെ സ്‌ക്രീൻഷോട്ടോ വച്ച് ആരെങ്കിലും അക്കൗണ്ട് ആരംഭിക്കുകയോ, ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കുകയോ ചെയ്താൽ ഉടൻ തന്നെ എന്നെ അറിയിക്കുമല്ലോ..!
വരാനിരിക്കുന്ന വൻ തട്ടിപ്പിന്റെ സൂചനകളായിരുന്നു അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പായി നൽകിയത്. സംസ്ഥാനത്തെ മുൻ നിര പൊലീസ് ഉദ്യോഗസ്ഥരുടെയും, സി.ഐമാരുടെയും അടക്കമുള്ളവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും, ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങൾ സജീവമാണ് എന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ആലുവ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി മധുബാബു തന്റെ ഫെയ്‌സ്ബുക്കിൽ ഇതു സംബന്ധിച്ചുള്ള പോസ്റ്റ് കൂടി പങ്കു വച്ചതോടെയാണ് തട്ടിപ്പ് കൂടുതൽ വ്യക്തമായത്. സംസ്ഥാന വ്യാപകമായി നൂറുകണക്കിന് കേസുകളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .
സുഹൃത്തുക്കളാവുന്നവരോട് പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ അത്യാവശ്യമായി സഹായിക്കണമെന്ന് മെസേജിലൂടെ ആവശ്യപ്പെടുന്നതാണ് തട്ടിപ്പുകാരുടെ രീതി. അത്ര വലിയ തുക അല്ലാത്തതിനാൽ പലരും കൂടുതൽ അന്വേഷിക്കാതെ അവർ നൽകുന്ന ഗൂഗിൾ പേ നമ്പരിലേക്ക് പണം കൈമാറുകയായിരുന്നു.
കുമ്പള സി ഐ കെ സലിം, ആലുവാ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി മധുബാബു രാഘവ് , തിരുവല്ല സി ഐ രാജീവ്, കണ്ണൂർ വിജിലൻസ് സി ഐ ടി പി സുമേഷ്,കുമ്പള എസ് ഐ രാജീവൻ ,തൃശ്ശൂർ വരന്തരപ്പള്ളി എസ് ഐ ചിത്തരഞ്ജൻ, കുറ്റ്യാടി എസ് ഐ റഫീഖ്, കൊല്ലം എ ആർ ക്യാമ്ബ് എസ് ഐ അനിൽ കുമാർ, തിരുവനന്തപുരത്ത് ഡി വൈ എസ് പി ആയ സുരേഷ് കുമാർ എന്നിവരടക്കം നൂറ് കണക്കിന് ഉദ്യോഗസ്ഥന്മാരുടെ പേരിലാണ് വ്യാജ ഐഡി ഉണ്ടാക്കി സുഹൃത്തുക്കളിൽ നിന്നും പണം തട്ടിയിരിക്കുന്നത് .
ഐ പി നമ്പർ വച്ചുള്ള പൊലീസ് അന്വേഷണത്തിൽ ബീഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നും തട്ടിപ്പു നടന്നതായാണ് വിവരം. പൊലീസ് ഉദ്യോഗസ്ഥന്മാരെ കൂടാതെ കമ്പനി ഉടമകൾ, മറ്റ് ഉദ്യോഗസ്ഥന്മാർ എന്നിവരുടെ പേരിലും വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് തട്ടിപ്പു നടത്തിയിട്ടുണ്ട് .കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അറിയിപ്പ് പ്രകാരം എല്ലാ കേസുകളും സൈബർ സെൽ അന്വേഷിച്ചു വരുന്നതായും കൂടുതൽ ആളുകൾ തട്ടിപ്പുകാരുടെ ഇരകൾ ആ വാതിരിക്കാൻ ജാഗ്രത കാട്ടണമെന്നും അറിയിക്കുന്നു .
കേരള പൊലീസിന്റെ അറിയിപ്പ് ഇങ്ങനെ:
പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമ്മിച്ച് പണം തട്ടിപ്പ്: അന്വേഷണം ആരംഭിച്ചു പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമ്മിച്ച് പണം തട്ടുന്ന സംഭവം സംസ്ഥാനത്ത് ചിലയിടത്തു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. . വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും വിരമിച്ച ഉദ്യോഗസ്ഥരുടേയും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമ്മിച്ചു അതിലൂടെ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് പണം ആവശ്യപ്പെടുകയും ചെയ്യുന്ന തട്ടിപ്പു രീതിയെക്കുറിച്ചു ചില ജില്ലകളിൽ പരാതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അത്യാവശ്യമാണ്, സഹായിക്കണമെന്നും മറ്റും മെസഞ്ചറിലൂടെ അഭ്യർത്ഥിക്കുകയും അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാണ് തട്ടിപ്പുകാർ ആവശ്യപ്പെടുക. പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമേ സ്വകാര്യ കമ്പനി ഉടമകൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ പേരിലും ഇത്തരത്തിൽ വ്യാപകമായ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം.
ഫേസ്ബുക്കിലൂടെ പരിചയം നടിച്ചു പണം തട്ടുന്നവർക്കെതിരെ ജാഗ്രത പാലിക്കുക.