ദീപ നിശാന്തിനെതിരെ കേസ്
സ്വന്തം ലേഖകൻ
തൃശൂർ: വർഗീയ കലാപം ഉണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്‌തെന്ന പരാതിയിൽ കേരള വർമ്മ കോളേജ് മലയാളം അദ്ധ്യാപിക ദീപ നിശാന്തിനെതിരെ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. മുളങ്കുന്നത്തുകാവ് സ്വദേശി സുകു സി ആറിന്റെ പരാതിയിലാണ് തൃശൂർ സിജെഎം കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. കഴിഞ്ഞ ഏപ്രിൽ നാലിന് കത്വ സംഭവത്തിന്റെ പശ്ചാത്തലത്തിൽ 31 ശതമാനം ഹിന്ദുമതവിശ്വാസികളെയും വെടിവെച്ചു കൊന്ന് നീതി നടപ്പാക്കണമെന്ന ദീപക്ക് ശങ്കരനാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ് ദീപ ഷെയർ ചെയ്തത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഹിന്ദുമതവിശ്വാസികൾക്കു നേരെയുളള ആക്രമണത്തിനുളള ആഹ്വാനമാണിതെന്നും ഇതിനെതിരെ നടപടി വേണമെന്നുമായിരുന്നു പരാതിക്കാരൻറെ വാദം. പേടിപ്പിച്ച് നിശബ്ദമാക്കാമെന്ന് സംഘപരിവാർ ശക്തികൾ കരുതേണ്ടെന്നും ഇനിയും കൂടുതൽ ഉച്ചത്തിൽ വിമർശനവുമായി മുന്നോട്ടുപോകുമെന്ന് ദിപ നിശാന്ത് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് വെസ്റ്റ് എസ്ഐ അറിയിച്ചു.