ഏറ്റുമാനൂർ പാറോലിയ്ക്കലിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരൻ: ശിക്ഷ ബുധനാഴ്ച വിധിയ്ക്കും
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂർ പാറോലിക്കലിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്നു കോടതി. 2016 ഓഗസ്റ്റ് 14 നു നടന്ന സംഭവത്തിലാണ് ജില്ലാ സെഷൻസ് കോടതി നാല് ജഡ്ജി വി.ബി സുജയമ്മ പ്രതിയെ കുറ്റക്കാരനാണ് എന്നു കണ്ടെത്തിയത്. കേസിലെ പ്രതിയായ ഒഡീഷ സ്വദേശി നായ്ക്കിനെ (28)തിരായ ശിക്ഷ ബുധനാഴ്ച കോടതി വിധിക്കും.
കൊല്ലപ്പെട്ട ഒഡീഷ കലഹണ്ടി സങ്കരക്കോട്ട ഡനിറാം ദുർഗയുടെ മകൻ ചന്ദ്രമണി ദുർഗ (ജഗു-28)യാണ് മരിച്ചത്. ഏറ്റുമാനൂരിനു സമീപം പാറോലിക്കൽ ജംഗ്ഷനിൽ എംസി റോഡരികിലെ ജയം സ്റ്റോൺ വർക്സിലെ തൊഴിലാളികളായിരുന്നു ജഗുവും ശശിയും. 2016 ആഗസ്റ്റ് 14 നു പുലർച്ചെ 5.30-നാണ് ജഗു കൊല്ലപ്പെട്ടത്. ജഗുവിനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ ശശിയെ അന്ന് ഉച്ചകഴിഞ്ഞ് 3.30-ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുനിന്നാണു പോലീസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാഗർകോവിൽ സ്വദേശി രാജേന്ദ്രരാജിന്റെ ഉടമസ്ഥതയിലുള്ള ജയം സ്റ്റോൺസ് വർക്സിലെ ജീവനക്കാരായിരുന്ന ജഗുവും ശശിയും സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലെ മുറിയിലാണു താമസിച്ചിരുന്നത്. ഞായറാഴ്ച വെളുപ്പിന് ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ ശശി ജഗുവിനെ കൊലപ്പെടുത്തുകയായിരുന്നു.
പതിവു സമയം കഴിഞ്ഞിട്ടും ഇരുവരെയും പുറത്തു കാണാത്തതിനെത്തുടർന്നു നാട്ടുകാരായ നിരപ്പേൽ ബാബുവും പാപ്പനുംകൂടി ഇവരുടെ മുറിയിലെത്തി പരിശോധിക്കുമ്പോഴാണ് ജഗു മരിച്ചുകിടക്കുന്നതു കാണുന്നത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ.ഗിരിജ ബിജു കോടതിയിൽ ഹാജരായി.