
ഇനിയില്ല…! കന്മദത്തിൽ മുത്തശ്ശിയായി വേഷമിട്ട ശാരദ നായർ അന്തരിച്ചു
സ്വന്തം ലേഖകൻ
കൊച്ചി : കന്മദത്തിലൂടെ മുത്തശ്ശിയായെത്തി മലയാളികൾക്ക് മറക്കാനാവാത്ത വേഷം സമ്മാനിച്ച ശാരദ നായർ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ്.
കന്മദത്തിന് പുറമെ പട്ടാഭിഷേകത്തിലും ശാരദ സുപ്രധാന കഥാപാത്രമായി എത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കന്മദത്തിൽ ‘എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രമാണ് മുത്തശ്ശിയുടേത്. എന്നാൽ ഈ കഥാപാത്രത്തിനുവേണ്ടി സിനിമയിൽ സജീവമായിരിക്കുന്ന പല നടിമാരെയും ആലോചിച്ചു. പക്ഷേ, ആരും ലോഹി വിചാരിക്കുന്ന അപ്പിയറൻസുമായി യോജിക്കുന്നില്ല. ഒടുവിൽ ആരോ പറഞ്ഞതനുസരിച്ച് തത്തമംഗലത്ത് ഒരമ്മൂമ്മയെ കണ്ടെത്തുകയായിരുന്നു.
ലോഹി ഉദ്ദേശിച്ച അതേ രൂപമായിരുന്നു മുത്തശിയുടേത്.തുടർന്ന് വീട്ടുകാരുടെ സമ്മതം വാങ്ങിച്ച് ലൊക്കേഷനിലെത്തിക്കുകയായിരുന്നു.
ഒരു സിനിമയുടെ ചിത്രീകരണംപോലും കണ്ടിട്ടില്ലാത്ത അവർ മുത്തശ്ശിയായി ഗംഭീര അഭിനയം കാഴ്ചവയ്ക്കുകയായിരുന്നു. സ്വാഭാവിക സംഭാഷണങ്ങൾ അവർ വളരെ ആസ്വദിച്ചാണ് പറഞ്ഞത്. ചിത്രത്തിലെ ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ’ എന്ന ഗാനരംഗത്ത് മോഹൻലാലിനൊപ്പം ആദ്യ ടേക്കിൽതന്നെ മുത്തശ്ശി ഒ.കെ.യാക്കിയെന്നും ചിത്രത്തിലെ ഛായാഗ്രാഹകൻ പറയുന്നു.
കന്മദത്തിലെ കഥാപാത്രത്തിനായി ശാരദ നായർക്ക് ശബ്ദം നൽകിയത് അന്തരിച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലിയാണ്. 1998ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് എ.കെ. ലോഹിതദാസാണ്.
അനിൽ ബാബു ചിത്രമായ പട്ടാഭിഷേകത്തിലാണ് മറ്റൊരു ശ്രദ്ധേയ പ്രകടനം. ഇതിൽ മോഹിനിയുടെ മുത്തശ്ശിയുടെ കഥാപാത്രമായിരുന്നു.