സംസ്ഥാനത്ത് ശക്തമായ മഴ: നാലു ജില്ലകളിൽ ഉരുൾപൊട്ടൽ; പതിനഞ്ച് മരണം, അതീവ ജാഗ്രത !

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി/കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ മഴ. വയനാട്ടിലും ഇടുക്കിയിലും കോഴിക്കോടും മലപ്പുറത്തും പാലക്കാടും ഉരുൾപൊട്ടി. ഇടുക്കിയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പുതിയകുന്നേൽ ഹസൻകുട്ടിയുടെ ഭാര്യ ഫാത്തിമ, മകൻ നെജി, ഭാര്യ ജമീല, മക്കളായ ദിയ, നിയ എന്നിവരാണ് മരിച്ചത്. ഹസൻകുട്ടിയെയും മറ്റൊരു മകൻ മുജീബിനെയും പരുക്കുകളോടെ കണ്ടെത്തി. ഇടുക്കി കീരിത്തോട്ടിൽ ഉരുൾപൊട്ടലിൽ രണ്ടുപേർ മരിച്ചു. അഗസ്റ്റിൻ ഭാര്യ ഏലിയാമ്മ എന്നിവരാണ് മരിച്ചത്. ചേലച്ചുവട് പെരിയാർ വാലിയിലും ഉരുൾപൊട്ടി രണ്ടുപേർ മരിച്ചു.
മലപ്പുറം നിലമ്പൂരിന് സമീപം ചെട്ടിയാൻ പാറയിൽ ഉരുൾപൊട്ടലിൽ അഞ്ചുപേർ മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. വയനാട് വൈത്തിരിയിൽ ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. നാലുപേരെ രക്ഷപെടുത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനു സമീപവും തലപ്പുഴ മക്കിമലയിലുമാണ് ഉരുൾപൊട്ടിയത്. കോഴിക്കോട് കിഴക്കൻ മലയോരത്ത് മൂന്നിടത്ത് ഉരുൾപൊട്ടി. മട്ടികുന്ന്, പൂവാറുംതോട്, മുത്തപ്പൻപുഴ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. താമരശേരിയിൽ കൈതപ്പൊയിൽ ഒരാളെ കാണാതായി. ഇടുക്കി ജില്ലയിലാണ് വ്യാപകമായ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. മൂന്നാറിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. പാലക്കാടിന്റെ വിവിധ ഭാഗങ്ങളിലും ഉരുൾപൊട്ടി. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇതേ തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നു. തുടർന്ന് ഓരോ മണിക്കൂർ ഇടവിട്ട് ഷട്ടറുകൾ ഉയർത്തിയിരുന്നു. അതീവ ജാഗ്രതാ നിർദേശമാണ് തീരപ്രദേശത്തുള്ളവർക്ക് നൽകിയിരിക്കുന്നത്.