വീട്ടുവളപ്പിലെ ചന്ദനമരം കാണാനെത്തി; ദിവസങ്ങൾക്കകം മരം അപ്രത്യക്ഷമായി
സ്വന്തം ലേഖകൻ
തളിപ്പറമ്പ്: വീട്ടുവളപ്പിൽ വളർന്ന ചന്ദനമരത്തിന് വില ചോദിച്ചെത്തിയവരെ തിരിച്ചയച്ച് ദിവസങ്ങൾക്കുള്ളിൽ മരം അപ്രത്യക്ഷമായി. കാഞ്ഞിരങ്ങാടിന് സമീപത്താണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് പതിനായിരത്തോളം രൂപ വിലമതിക്കുന്ന ചന്ദനമരം അജ്ഞാതർ മുറിച്ചു കടത്തിയത്. ദിവസങ്ങൾക്കു മുൻപ് അജ്ഞാതരായ രണ്ടുപേർ എത്തി ചന്ദന മരം വിൽക്കുന്നോ എന്ന് അന്വേഷിച്ചിരുന്നു. വിൽക്കുന്നില്ലെന്ന് വീട്ടുകാർ മറുപടി നൽകിയപ്പോൾ വന്നവർ തുക കൂട്ടി പറഞ്ഞ് പ്രലോഭനം നടത്തി. എന്നിട്ടും വീട്ടുകാർ വഴങ്ങിയില്ല. തുടർന്ന് ഇവർ തിരിച്ചു പോവുകയും ചെയ്തു. മൂന്നു ദിവസത്തിനു ശേഷം പമ്പിൽ പോയി നോക്കിയപ്പോഴാണ് ചന്ദന മരം മുറിച്ചു കടത്തിയതായി കണ്ടത്. മരത്തിന്റെ ചുവട്ടിൽ കുഴിച്ച് മണ്ണിന് താഴെയുള്ള ഭാഗം ഉൾപ്പെടെയാണ് മുറിച്ചിരിക്കുന്നത്. മുകൾ ഭാഗത്തെ ശിഖരങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. വില ചോദിച്ചെത്തിയവർ തന്നെയായിരിക്കും മരം മുറിച്ച് കടത്തിയതെന്ന് കരുതുന്നു.