
തേർഡ് ഐ ക്രൈം
കോട്ടയം: കഞ്ചാവ് മാഫിയക്കെതിരെ രണ്ടു വർഷം മുൻപ് പരാതി നൽകിയെന്ന സംശയിച്ചു ഗുണ്ടാ മാഫിയ സംഘം യുവാവിന്റെ വീട് ആക്രമിച്ചു. യുവാവിനെ ലക്ഷ്യമിട്ട് എത്തിയ ഗുണ്ടാ സംഘം, വീട് പൂർണമായും തല്ലിത്തകർക്കുകയും ബന്ധുവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. അവിട്ടം ദിനത്തിൽ പരിപ്പിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.
പരിപ്പ് വാലിൽ ഹൗസിൽ ഷിന്റോ സോമനെ ലക്ഷ്യമിട്ട് എത്തിയ അക്രമി സംഘമാണ്, ഇദ്ദേഹത്തിന്റെ വീട് അടിച്ചു തകർക്കുകയും ഇദ്ദേഹത്തിന്റെ അച്ഛന്റെ അനുജൻ ചന്ദ്രബാബുവിനെ അടിച്ചും വെട്ടിയും പരിക്കേൽപ്പിക്കുകയും ചെയ്തത്. ചന്ദ്രബാബുവിന്റെ തലയിൽ ഏഴു തുന്നിക്കെട്ടും, ശരീരത്തിൽ 14 തുന്നിക്കെട്ടുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അയ്മനം ചേനപ്പാടി പാറേമറ്റം അനന്തു (23), പരിപ്പ് സ്വദേശി ജിതിൻ എന്നിവരെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവിട്ടം ദിനത്തിൽ രാത്രിയിലായിരുന്നു സംഭവം. രണ്ടു വർഷം മുൻപ് പ്രദേശത്തെ യുവാക്കളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയിരുന്നു. ഈ യുവാക്കളെ എകക്സൈസിനു ഒറ്റിക്കൊടുത്തത് ഷിന്റോ ആണെന്നു പ്രതികൾ സംശയിച്ചിരുന്നു. ഇതേ തുടർന്നു പ്രതികൾ ഷിന്റോയ്ക്കെതിരെ വധ ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെ ഷിന്റോയും മാതാവും ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതിയും നൽകിയിരുന്നു.
വീണ്ടും ഭീഷണി രൂക്ഷമായതോടെ ഷിന്റോ എറണാകുളത്തേയ്ക്കു താമസം മാറ്റി. ഇവിടെ സിനിമയുടെ പ്രവർത്തനങ്ങൾ നടത്തി ജീവിക്കുകയായിരുന്നു. ഇതിനിടെ ലോക്ക് ഡൗണിനെ തുടർന്നു ഷിന്റോ നാട്ടിൽ മടങ്ങിയെത്തി. കഴിഞ്ഞ ദിവസം ഷിന്റോ നാട്ടിലെത്തിയ വിവരം ഈ കഞ്ചാവ് മാഫിയ ക്വട്ടേഷൻ സംഘം അറിഞ്ഞു. രാത്രി വൈകി ഷിന്റോയും സഹോദരനും മടങ്ങിയെത്തുന്നതിനിടെ, അയ്മനം അലക്കുകകടവ് ഭാഗത്ത് വച്ചെത്തിയ ആറംഗ സംഘം ഷിന്റോയെ ആക്രമിച്ചു.
രണ്ടു ബൈക്കുകളിലായി എത്തിയ സംഘം ഇയാളെയും സഹോദരനെയും വീട്ടിലേയ്ക്കു പിൻതുടർന്നു. ഇരുവരും വീടിനുള്ളിൽ ഓടിക്കയറി കതകടച്ചു. തുടർന്നു, സംഘം വീട് പൂർണമായും തല്ലിത്തകർക്കുകയും വാതിൽ തകർത്ത് അകത്തു കയറുകയും ചെയ്തു. ഈ സമയം വീടിനുള്ളിലുണ്ടായിരുന്ന പിതൃസഹോദരനും, ഷിന്റോയും പുറത്തേയ്ക്ക് ഇറങ്ങിയോടി. ഓട്ടത്തിനിടെ വീണു പോയ ചന്ദ്രബാബുവിനെ അക്രമി സംഘം വെട്ടുകയായിരുന്നു. തലയ്ക്കും , ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ചന്ദ്രബാബുവിന് വെട്ടേറ്റിട്ടുണ്ട്.
ഷിന്റോ ഫോൺ ചെയ്തതനുസരിച്ച് വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തിയതോടെ പ്രതികൾ സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു. പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട്, പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ രണ്ടു പ്രതികളെ പിടികൂടി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.