സ്വന്തം ലേഖകൻ
കറുകച്ചാൽ: കങ്ങഴ മഹാദേവക്ഷേത്രത്തിലെ കൊമ്പൻ കങ്ങഴ ദേവസ്വം വിശ്വനാഥൻ ചരിഞ്ഞു. രണ്ടാഴ്ചയിലേറെയായി വയറിനു അസുഖബാധിതനായ കൊമ്പൻ ചികിത്സയിലായിരുന്നു. ഇതിനിടെ ഞായറാഴ്ച പുലർച്ചെയോടെയാണ് അന്ത്യം സംഭവിച്ചത്. 22 വയസുണ്ടായിരുന്നു.
പന്ത്രണ്ടു വർഷം മുൻപാണ് കൊല്ലം പുത്തൻകുളം ഗ്രൂപ്പിൽ നിന്നും കങ്ങഴ ദേവസ്വം അധികൃതർ കൊമ്പനെ വാങ്ങുന്നത്. കങ്ങഴയിലെ ക്ഷേത്രത്തിലെ എല്ലാ എഴുന്നെള്ളത്തുകൾക്കും ഇവനെയാണ് ഉപയോഗിച്ചിരുന്നത്. തലയെടുപ്പിലും സ്വഭാവത്തിലും മിടുക്കനായ കൊമ്പൻ ഇതുവരെയും കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നില്ലെന്ന് ദേവസ്വം പ്രസിഡന്റ് മധുസൂധനക്കുറുപ്പ് പറഞ്ഞു.
രണ്ടാഴ്ച മുൻപ് കൊമ്പന് വയറിനു അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടർന്നു വെറ്റിനറി ആശുപത്രി അധികൃതരുടെ ചികിത്സയിലായിരുന്നു വിശ്വനാഥൻ. രോഗം ഭേദമായെന്നാണ് കഴിഞ്ഞ ദിവം വരെ കരുതിയിരുന്നത്. എന്നാൽ, ഞായറാഴ്ച പുലർച്ചെ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടർന്നാണ് അന്ത്യം സംഭവിച്ചത്. ദേവസ്വം അധികൃതർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. മൃതദേഹം കോന്നിയിലേയ്ക്കു കൊണ്ടു പോകും. ഇവിടെ പോസ്റ്റ്മാർട്ടത്തിനു ശേഷം സംസ്‌കാരം നടത്തും.