play-sharp-fill
കളക്ട്രേറ്റിനു മുന്നിൽ അപകടത്തിനിടയാക്കിയ ഡീസൽ ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലേക്ക് കൊണ്ടു പോയത്: കടത്തിയത് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച്; കേസെടുക്കാൻ പോലീസിന് മടി

കളക്ട്രേറ്റിനു മുന്നിൽ അപകടത്തിനിടയാക്കിയ ഡീസൽ ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലേക്ക് കൊണ്ടു പോയത്: കടത്തിയത് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച്; കേസെടുക്കാൻ പോലീസിന് മടി

സ്വന്തം ലേഖകൻ

കോട്ടയം: കളക്ടറേറ്റിനു മുന്നിൽ കെ.കെ റോഡിൽ പത്ത് ഇരുചക്ര വാഹനയാത്രക്കാരെ റോഡിൽ മറിച്ചിട്ട ഡീസൽ ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലേയ്ക്കു കൊണ്ടു പോയതെന്ന് കണ്ടെത്തി. കഞ്ഞിക്കുഴിയിലെ പമ്പിൽ നിന്നും ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലെ ജനറേറ്ററിൽ ഒഴിക്കുന്നതിനായി കൊണ്ടു പോയ ഡീസലാണ് പെട്ടി ഓട്ടോയിൽ നിന്നും ചോർന്ന് റോഡിൽ വീണത്. ഇതേ തുടർന്നു കളക്ടറേറ്റിനു മുന്നിലെ റോഡിൽ പത്ത് ഇരുചക്ര വാഹന യാത്രക്കാരാണ് മറിഞ്ഞ് വീണത്.
ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. കളക്ടറേറ്റിനു മുന്നിലെ പൊലീസ് ട്രാഫിക് ഐലൻഡിനു സമീപത്തായിരുന്നു സംഭവം. കഞ്ഞിക്കുഴി ഭാഗത്തെ പമ്പിൽ നിന്നു ഡീസലുമായാണ് കെ.എൽ 05 എജി 7281 എന്ന നമ്പരിലുള്ള മണപ്പുറത്ത് എന്ന പേരുള്ള പെട്ടി ഓട്ടോറിക്ഷ എത്തിയത്. ഇതിന്റെ പിന്നിൽ 400 ലിറ്റർ ശേഷിയുള്ള ടാങ്കിൽ, നിറയെ ഡീസലായിരുന്നു. കളക്ടറേറ്റിനു മുന്നിലെത്തിയപ്പോൾ ടാങ്കിന്റെ വാൽവ് തുറന്ന് ഡീസൽ പുറത്തേയ്ക്ക് ഒഴുകി. കളക്ടറേറ്റിനു സമീപത്തെ പമ്പിനു മുന്നിലെത്തിയപ്പോഴാണ് ഡ്രൈവർ ഡീസൽ പുറത്തേയ്ക്ക് ഒഴുകുന്നത് കണ്ടത്. പമ്പ് ജീവനക്കാർ വിവരം അറിയിച്ചതോടെ ഇയാൾ വണ്ടി നിർത്തി പുറത്തിറങ്ങി. എന്നാൽ, പിന്നാലെ എത്തിയ ബൈക്കുകാർ റോഡിൽ വീഴാൻ തുടങ്ങിയതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. കൺട്രോൾ റൂം വാഹനം സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു. ഇതോടെ അഗ്‌നിരക്ഷാ സേനാ അധികൃതരും ഇവിടെ എത്തി. തുടർന്ന് സമീപത്തെ മില്ലിൽ നിന്നും അറക്കപ്പൊടിയുമായി എത്തിയ അഗ്‌നിരക്ഷാ സേനാ സംഘം ഈ അറക്കപ്പൊടി റോഡിൽ നിരത്തി ഡീസൽ ഒഴിവാക്കാൻ ശ്രമം തുടങ്ങി. പതിനഞ്ച് മിനിറ്റിന് ശേഷം അറക്കൊപ്പൊടിയ്ക്ക് മുകളിൽ വെള്ളം ഒഴിച്ച് ഇത് കഴുകിക്കളയുകയും ചെയ്തു.
കഞ്ഞിക്കുഴി ഭാഗത്തെ പമ്പിൽ നിന്നും നാഗമ്പടം വട്ടമ്മൂട് പാലത്തിനു സമീപത്തുള്ള ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലേയ്ക്കു കൊണ്ടു പോകുകയായിരുന്നു ഡീസലെന്ന് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഹോട്ടലിലെ ജനറേറ്ററിൽ ഒഴിക്കുന്നതിനായിരുന്നു ഡീസൽ. ഹോട്ടലിന്റെ പേര് പുറത്തു വരുമെന്ന് ഉറപ്പായതോടെ പൊലീസ് പ്രശ്നം ഒതുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മാനദണ്ഡങ്ങളും നിയമങ്ങളും എല്ലാം ലംഘിച്ചാണ് ഡീസൽ കടത്തിയത്. അപകടകരമായ വസ്തുക്കൾ ഇത്തരം വാഹനങ്ങളിൽ കൊണ്ടു പോകണമെങ്കിൽ പ്രത്യേക സുരക്ഷ ആവശ്യമുണ്ട്. എന്നാൽ, ഇതെല്ലാം ലംഘിച്ചാണ് വാഹനത്തിൽ ഡീസൽ കടത്തിക്കൊണ്ടു പോയത്. ഇതിനെതിരെ കേസെടുക്കുന്ന കാര്യ ആലോചിച്ചു വരികയാണെന്നു ഈസ്റ്റ് പൊലീസ് ഉദ്യോഗസ്ഥർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.