കേരള പൊലീസിന് കടുത്ത അപമാനം: ബിഷപ്പിന്റെ പീഡനക്കേസിൽ സഹകരിക്കാതെ സഭ; വത്തിക്കാൻ സ്ഥാനപതിയുടെ മൊഴിയെടുക്കാൻ അനുവദിച്ചില്ല
സ്വന്തം ലേഖകൻ
ന്യുഡൽഹി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ വത്തിക്കാൻ നൂൺഷ്യോ ഡോ.ജാംബത്തിസ്ത ദിക്വാത്രോയുടെ മൊഴിയെടുക്കാൻ കഴിയാതെ കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം മടങ്ങി. മുൻകൂർ അനുമതി വാങ്ങാതെ പ്രതിനിധിയെ കാണാനെത്തിയ പോലീസുകാർക്ക് ചാണക്യപുരിയിലെ എംബസിയിൽ കയറാൻ പോലുമായില്ല. അനുമതി ഇല്ലാത്തതിനാൽ അകത്തേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് ഗേറ്റിനു പുറത്തുള്ള സുരക്ഷാ ജീവനക്കാർ നിർദേശിച്ചു. ശനിയും ഞായറും എംബസി അവധിയാണ്. ഇനി അനുമതി കിട്ടണമെങ്കിൽ തിങ്കളാഴ്ചയാകണം. അനുമതി കിട്ടിയാൽ മാത്രമേ എംബസി കൂടിക്കാഴ്ചയ്ക്ക് അനുവദിക്കൂ. സാധാരണ നിലയിൽ ഇമെയിൽ വഴിയോ ഫോണിലോ മുൻകൂർ അനുമതി തേടാം. രണ്ടു ദിവസത്തിനുള്ളിൽ ഇതിനുള്ള മറുപടിയും ലഭിക്കും. ബിഷപ്പ് മുളയ്ക്കലിനെതിരായ പരാതി സ്ഥാനപതിക്ക് ഇ മെയിലൂടെ ആദ്യം കൈമാറിയിരുന്നെന്ന് അന്വേഷണസംഘത്തോട് കന്യാസ്ത്രീ പറഞ്ഞിരുന്നു. ഇത്തരം ഒരു മെയിൽ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാനാണ് സ്ഥാനപതിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം എത്തിയത്.