പോലീസിലും ചതിയന്മാർ: എസ്. ഐ ഷിജുവിനെതിരെ പരാതി ലഭിച്ചിട്ടും പേരൂർക്കട സി.ഐ കേസെടുത്തില്ല; പോലീസുകാരുടെയടക്കം കോടികൾ തട്ടിയ എസ്.ഐയെ രക്ഷിക്കാൻ ക്രൈം ബ്രാഞ്ചിന്റെ കള്ളക്കളി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേതടക്കം നിരവധി പ്രമുഖരുടെ പേരുപറഞ്ഞ് മൾട്ടിലെവൽ മാർക്കറ്റിംഗ് കമ്പനിയിലെ നിക്ഷേപമായി കോടികൾ തട്ടിയെടുത്ത ഇന്ത്യാ റിസർവ് ബറ്റാലിയനിലെ എസ്.ഐ ഷിജു ശാസ്ത്രിയെ രക്ഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ കള്ളക്കളി. ഷിജുവിനെതിരെ പരാതി ലഭിച്ചിട്ടും പേരൂർക്കട സി.ഐ കേസെടുക്കാതിരുന്നതിൽ സ്പെഷ്യൽബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബറ്റാലിയൻ കമൻഡാന്റ് കെ.ജി. സൈമൺ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഡി.ഐ.ജി ഷെഫീൻ അഹമ്മദ് ഷിജുവിനെ സസ്പെൻഡ് ചെയ്തെങ്കിലും തട്ടിപ്പിൽ ഇയാളെ പ്രതിയാക്കാനോ കാര്യമായ അന്വേഷണം നടത്താനോ ക്രൈംബ്രാഞ്ച് തയ്യാറാവുന്നില്ലെന്നാണ് ആരോപണം. തട്ടിപ്പിനിരയായ പൊലീസുകാരെ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടി വരുമെന്നു പറഞ്ഞ് ഷിജു ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കോട്ടയത്തെ സൂര്യഗയ മൾട്ടിലെവൽ മാർക്കറ്റിംഗ് കമ്പനിയിലെ നിക്ഷേപമെന്ന പേരിൽ പൊലീസിൽ നിന്നടക്കം ആറുകോടിയിലേറെ രൂപ ഇയാൾ തട്ടിയെടുത്തെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റർ ഓമനക്കുട്ടൻ കുടുംബസമേതം ദുബായിലേക്ക് കടന്നു. കോട്ടയം തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ 27 കേസുകളിലായി 35 കോടിയുടെ തട്ടിപ്പിന് കേസുണ്ട്. 40 ലക്ഷം രൂപ നഷ്ടമായ കുളത്തൂപ്പുഴ സ്വദേശി ഫ്രെഡിയുടെ പരാതിയിലാണ് ഷിജുവിനെതിരെ നടപടിയെടുത്തത്. ഷിജുവിനെ പ്രതിപ്പട്ടികയിൽ പെടുത്തുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും പൊലീസുകാർ പരാതിപ്പെടുന്നു. ബിനാമി പേരിൽ തലസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇയാൾക്കുള്ള സ്വത്തുക്കൾ കണ്ടെത്താനും ക്രൈംബ്രാഞ്ച് ശ്രമിക്കുന്നില്ല. മൊത്തം 50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് നിഗമനം. പൊലീസ് അസോസിയേഷനിലെ ഐ ഗ്രൂപ്പിന്റെ നേതാവാണെന്നും രമേശ് ചെന്നിത്തലയുടെ അടുത്ത സുഹൃത്താണെന്നും മറ്റ് നേതാക്കളുമായി വ്യക്തിബന്ധമുണ്ടെന്നും പറഞ്ഞാണ് ഷിജു കോടികൾ തട്ടിയത്. രണ്ടുവർഷം കൊണ്ട് ഇരട്ടി തുക തിരികെ നൽകുമെന്ന് വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. മൾട്ടിലെവൽ മാർക്കറ്റിംഗ് സ്ഥാപനത്തിന്റെ ഏഴ് ഡയറക്ടർമാരിൽ ഒരാളാണ് താനെന്നും ഷിജു പറഞ്ഞിരുന്നു. ഒരുലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ 30,000 രൂപ ഇയാൾക്ക് കമ്മിഷൻ ലഭിച്ചിരുന്നതായും വിവരമുണ്ട്.