
അർദ്ധരാത്രിയിൽ വീടിന്റെ മതിൽചാടിക്കടന്ന ഞരമ്പുരോഗി ജനലിലൂടെ കയ്യിട്ട് വീട്ടമ്മയെ കടന്നു പിടിച്ചു; താഴത്തങ്ങാടിയിലെ സ്ഥിരം ശല്യക്കാരനെ തേടി പൊലീസ്; പ്രശ്‌നക്കാരനായ ഞരമ്പ് രോഗിയുടെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്
തേർഡ് ഐ ബ്യൂറോ
കോട്ടയം: താഴത്തങ്ങാടിയിൽ അർദ്ധരാത്രി വീടിന്റെ മതിൽചാടിക്കടന്ന ഞരമ്പുരോഗി ജനലിലൂടെ കയ്യിട്ട് വീട്ടമ്മയെ കടന്നു പിടിച്ചു. ഉണർന്നെണീറ്റ വീട്ടമ്മ ബഹളം വച്ചതോടെ പ്രതി ഓടിരക്ഷപെട്ടു. വീട്ടിലെ സി.സി.ടി.വി ക്യാമറയിൽ പ്രതിയുടെ വീഡിയോ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതു പൊലീസ് ശേഖരിച്ചിട്ടുണ്ട്.വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം
കഴിഞ്ഞ 22 നു രാത്രിയിലായിരുന്നു സംഭവം. താഴത്തങ്ങാടിയിലും പരിസരപ്രദേശത്തും നേരത്തെ തന്നെ രാത്രിയിൽ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാണ്. വീട്ടുകാരിൽ പലരും നേരത്തെ തന്നെ പരാതിയുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു വീട്ടിൽ രാത്രിയിൽ സാമൂഹ്യ വിരുദ്ധന്റെ ശല്യമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

22 നു രാത്രി ഒരുമണിയോടെ വീടിന്റെ മതിൽ ചാടി ഉള്ളിൽക്കടന്ന സാമൂഹ്യ വിരുദ്ധൻ ജനലിലൂടെ കയ്യിട്ട് വീട്ടമ്മയുടെ കാലിൽ പിടിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതേ തുടർന്നു വീട്ടമ്മ ഞെട്ടി ഉണർന്നു ബഹളം വച്ചു. ഇതോടെ ഇയാൾ ഓടിരക്ഷപെടുകയായിരുന്നു.
ഇതേ തുടർന്നു വീട്ടമ്മ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. വീട്ടിൽ എത്തിയ പൊലീസ് സംഘം സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചു. തുടർന്നു പൊലീസ് സംഘം ഈ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു.
താഴത്തങ്ങാടിയിലും പരിസരത്തും സ്ഥിരമായി സാമൂഹ്യ വിരുദ്ധരുടെ ശല്യം ഉണ്ടാകുന്നുണ്ട്. ഇവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പൊലീസ് അന്വേഷണം നടത്തുന്നത്. വീഡിയോയിലും ഫോട്ടോയിലും കാണുന്ന ആളെപ്പറ്റി എന്തെങ്കിലും വിവരം ലഭിച്ചാൽ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ അറിയിക്കുക. ഫോൺ – 0481 2567210