
വാകത്താനത്ത് ചപ്പാത്തി നിർമ്മാണ യൂണിറ്റിനെച്ചൊല്ലി തർക്കം: അയൽവാസി സിമന്റ് ഇഷ്ടികയ്ക്കു യുവാവിന്റെ തലയ്ക്കടിച്ചു; ആക്രമണത്തിന് ഇരയായത് മദ്ധ്യസ്ഥത പറയാൻ എത്തിയ ഡി.വൈ.എഫ്.ഐ നേതാവ്; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്
തേർഡ് ഐ ബ്യൂറോ
കോട്ടയം: ചപ്പാത്തി നിർമ്മാണ യൂണിറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു അയൽവാസി സിമന്റ് ഇഷ്ടികയ്ക്കു യുവാവിന്റെ തലയ്ക്കടിച്ചു. തലയ്ക്കു സാരമായി പരിക്കേറ്റ ഡി.വൈ.എഫ്.ഐ നേതാവും വാകത്താനം സി.പി.എം പേരൂക്കുന്ന് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ വാകത്താനം പേരൂക്കുന്ന് ഇന്ദിരാനഗർ കൂട്ടുമ്മേൽ വീട്ടിൽ ലിജു പുന്നൂസിനെ (35) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശപ്പിച്ചു. ആക്രമണം നടത്തിയ യുവാക്കൾ ഒളിവിൽ പോയി. വീഡിയോ ഇവിടെ കാണാം
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വാകത്താനത്ത് ഇന്ദിരാ നഗർ പേരൂക്കുന്ന് ഭാഗത്തായിരുന്നു സംഭവങ്ങൾ. ഈ ബാഗത്ത് താമസിക്കുന്ന ബൈജുശാന്തി എന്നയാൾ ഇയാളുടെ വീട്ടിൽ ചപ്പാത്തി നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനായി വീട്ടുവളപ്പിൽ സിമന്റ് ഇഷ്ടിക ഇറക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ ഇവിടെ യൂണിറ്റ് നിർമ്മാണവും ആരംഭിച്ചു. എന്നാൽ, ഇവരുടെ അയൽവാസികളായ രണ്ടു കുടുംബം എതിർപ്പുമായി രംഗത്ത് എത്തി. ഇതോടെ ബൈജു ശാന്തി നിർമ്മാണത്തിനായി ഇട്ട ഷീറ്റുകൾ പൊളിച്ചു നീക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുമുറ്റത്ത് ബഹളം കേട്ടാണ് ലിജു സ്ഥലത്ത് എത്തുന്നത്. സംഭവ സ്ഥലത്ത് എത്തിയ ലിജു രണ്ടു കൂട്ടരുമായി മധ്യസ്ഥം പറഞ്ഞു. തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ അയൽവാസികളിൽ ഒരാളായ കൊച്ചുമോൻ ലിജുവിനെ ആക്രമിക്കുകയായിരുന്നു. വീട് നിർമ്മാണത്തിനായി ഇറക്കിയിട്ടിരുന്ന സിമന്റ് ഇഷ്ടികയ്ക്കു മുകളിൽ കയറി നിന്നിരുന്ന കൊച്ചുമോൻ, കയ്യിൽ സിമന്റ് ഇഷ്ടിക എടുത്ത ശേഷം ലിജുവിന്റെ തലയ്ക്കു നേരെ എറിയുകയായിരുന്നു.
കൊച്ചുമോന്റെ കാല് തെന്നിയതിനാലാണ് ലിജുവിന്റെ തലയ്ക്കു മാരകമായ ക്ഷതം ഏൽക്കാതിരുന്നത്. തലയ്ക്ക് ഇഷ്ടിക ഉപയോഗിച്ചുള്ള അടിയേറ്റ് റോഡിൽ വീണ ലിജുവിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.പി ടോംസണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. ഇതിനിടെ നാട്ടുകാർ ചേർന്നു ലിജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു.
ഇവിടെ നടത്തിയ പ്രാഥമിക പരിശോധനയിൽ ലിജുവിന്റെ തലയ്ക്കുള്ള പരിക്ക് മാരകമല്ലെന്നു കണ്ടെത്തി. എക്‌സ്‌റേയും സ്‌കാനിംങും കൂടി കഴിയുന്നതോടെ മാത്രമേ തലയുടെ പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്നു സ്ഥിരീകരിക്കാൻ സാധിക്കൂ. സംഭവത്തിനു ശേഷം കൊച്ചുമോനും മറ്റുള്ളവരും ഒളിവിൽ പോയിരിക്കുകയാണ്. ലിജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വാകത്താനം പൊലീസ് കേസെടുത്തിട്ടുണ്ട്.