play-sharp-fill
സരിത എസ് നായരുടെ വിവാദ കത്തിൽ യു.ഡി.എഫ് നേതാക്കളുടെ പേരുകൾ എഴുതി ചേർത്തത് ഗണേഷ് കുമാറെന്ന് കോടതിയിൽ ഉമ്മൻ ചാണ്ടിയുടെ നിർണായക മൊഴി

സരിത എസ് നായരുടെ വിവാദ കത്തിൽ യു.ഡി.എഫ് നേതാക്കളുടെ പേരുകൾ എഴുതി ചേർത്തത് ഗണേഷ് കുമാറെന്ന് കോടതിയിൽ ഉമ്മൻ ചാണ്ടിയുടെ നിർണായക മൊഴി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സോളാർ കേസിൽ തനിക്കും യു ഡി എഫ് നേതാക്കളുമെതിരെ വ്യാജ രേഖ ചമച്ചത് മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ ആണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോടതിയിൽ മൊഴി നൽകി. അഡ്വ. സുധീർ ജേക്കബ്ബ് സമർപ്പിച്ച കേസിൽ വിസ്താരത്തിന് ഹാജരായപ്പോഴയിരുന്നു മുൻ മുഖ്യമന്ത്രിയുടെ നിർണ്ണായക മൊഴി. ആദ്യം 21 പേജുകൾ മാത്രമുണ്ടായിരുന്ന കത്തിൽ മൂന്നു പേജുകൾ കൂടി എഴുതി ചേർത്ത് 24 പേജുള്ള കത്താക്കി മാറ്റിയത് കെ ബി ഗണേഷ് ഇടപെട്ടാണെന്ന് ആണെന്നാണ് ഉമ്മൻചാണ്ടിയുടെ മൊഴി. ഈ മൂന്ന് പേജുകളിലാണ് തനിക്കും മറ്റ് യു ഡി എഫ് നേതാക്കൾക്കുമെതിരെ വെളിപ്പെടുത്തലുകൾ ഉള്ളത്. തന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന ഗണേഷ് കുമാർ ചില പ്രത്യേക കാരണങ്ങളാൽ രാജി വയ്‌ക്കേണ്ടി വന്നു. പിന്നീട് മന്ത്രിസഭയിലേക്ക് തിരികെയെടുക്കാത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരെയുള്ള രേഖകളായി വ്യാജ രേഖകൾ ചമയ്ക്കാൻ പ്രേരിപ്പിച്ചതെന്നും ഉമ്മൻചാണ്ടി പറയുന്നു. സോളാർ കേസിൽ നേതാക്കൾക്കെതിരായ ലൈംഗിക ആരോപണങ്ങൾ അടങ്ങിയ കത്ത് വിവാദത്തിൽ വഴിത്തിരിവാണ് ഉമ്മൻ ചാണ്ടിയുടെ മൊഴിയോടെ ഉണ്ടായിരിക്കുന്നത്. നേരത്തെ ഗണേശ് കുമാറിനെതിരെ ആരോപണങ്ങളുമായി സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.
സരിതയുടെ 21 പേജുള്ള കത്ത് 25 പേജാക്കി മാറ്റിയത് ഗണേശായിരുന്നു എന്ന് അന്ന് ഫെനി പറയുകയൂണ്ടായി. ഗണേശ് കുമാറിന്റെ വീട്ടിൽ വച്ചാണ് നാലു പേജ് കൂട്ടിച്ചേർത്തതെന്നും ഫെനി പറഞ്ഞു. ബാലകൃഷ്ണപിള്ളിയുടെ ബന്ധു ശരണ്യ മനോജാണ് ഈ നാല് പേജ് എഴുതി തയ്യാറാക്കിയത്. 2015 മാർച്ച് 13 നായിരുന്നു ഇത്. പത്തനംതിട്ട ജയിലിൽ നിന്ന് ഞാൻ കൊണ്ടു വന്ന കത്ത് തന്റെ കൈയിയിൽ നിന്ന് വാങ്ങിയത് ഗണേശ് കുമാറിന്റെ പി.എ പ്രദീപാണ്. എന്റെ വാഹനത്തിൽ വച്ചാണ് ഇവർ എഴുതിചേർത്ത പേജുകൾകൂടി കത്തിലേക്ക് കൂട്ടിചേർത്തതെന്നും ഫെനി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു