
അജീഷ് ചന്ദ്രൻ
കോട്ടയം : കേരളോല്‍പ്പത്തിക്കു ശേഷം ഇതാദ്യമായിരിക്കണം, അല്ലെങ്കില്‍ വാമനന്‍ മാവേലിയെ ചവിട്ടിതാഴ്ത്തിയതിനു ശേഷം ഇതാദ്യമായിരിക്കണം, അതുമല്ലെങ്കില്‍ കേരളം രൂപീകരിക്കപ്പെട്ടതിനു ശേഷമിതാദ്യം- മലയാളി ഓണം ആഘോഷിക്കാതിരിക്കുന്നത്. വീഡിയോ കാണാം
ഇതിനേക്കാള്‍ വലിയ സംഭവങ്ങളായ ലോകമഹായുദ്ധങ്ങളെയും കൊടുംപട്ടിണിയെയും മലയാളി തരണം ചെയ്തിട്ടുണ്ട്. ഓണം ആഘോഷിച്ചിട്ടുണ്ട്, അന്നുണ്ടായ പഴം ചൊല്ലായ കാണം വിറ്റും ഓണമുണ്ണണം എന്നൊക്കെ പറഞ്ഞ ചൊല്ലിനു പോലും ഇന്ന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്തു ചെയ്യണമെന്നറിയാതെ ഓരോ ദിവസവും തള്ളിനീക്കുമ്പോള്‍ ഒന്നുമാത്രം മലയാളി തിരിച്ചറിയുന്നു, ഇത്തവണ ഓണം ഒരുതരത്തിലും ആഘോഷിക്കാനാവില്ല!
മൂന്നു വര്‍ഷങ്ങളിലെ ഓണവിപണിയാണ് മലയാളിക്ക് തുടര്‍ച്ചയായി നഷ്ടപ്പെട്ടത്. പ്രളയത്തെ മറികടന്ന് മലയാളി ഓണത്തിന് തൂശനിലയിട്ടെങ്കില്‍, ബാറുകളായ ബാറുകളിലും ബിവറേജസുകളിലും ഓണക്കുടി നടത്തിയെങ്കില്‍ ഇന്ന് പച്ചവെള്ളം കുടിക്കണമെങ്കില്‍ മാസ്‌ക്ക് കനിയണമെന്ന അവസ്ഥയാണ്.
ഒന്നാമോണം എത്തുന്നതിനു മുന്നേ കോവിഡ് സംഖ്യ കേരളത്തില്‍ രണ്ടായിരത്തിനു മുകളിലെത്തിയിരിക്കുന്നു. എല്ലാ ജില്ലകളിലും പ്രതിദിനം നൂറിനു മുകളില്‍ സമൂഹവ്യാപനം നടക്കുന്നു, എല്ലാ മുന്‍കരുതലുകളും മൂക്കുംകുത്തി വീഴുന്നു. കോവിഡ് മാത്രം സര്‍വ്വവ്യാപിയെ പോലെ വാഴുന്നു.
കോവിഡിന്റെ ആരോഗ്യഘട്ടം ഇങ്ങനെയാണെങ്കില്‍ തിരുവോണത്തോടെ വരാനിരിക്കുന്നത് സാമ്പത്തികഘട്ടവും തുടര്‍ന്നുള്ള മാസങ്ങളില്‍ മാനസിക ഘട്ടവുമാണ് മലയാളി നേരിടാനിരിക്കുന്നത്. ആത്മഹത്യങ്ങളുടെ വലിയൊരു നിരയിലേക്ക് മലയാളി തുറിച്ചുനോക്കാന്‍ തുടങ്ങിയിരിക്കുന്നു.
സമരങ്ങളില്ല, പ്രതിഷേധങ്ങളില്ല, 500 രൂപയ്ക്ക് കിട്ടുന്ന കിറ്റില്‍ എല്ലാമുണ്ടോയെന്നതു പോലും പ്രശ്‌നമല്ല. അതെങ്കിലുമുണ്ടല്ലോ എന്നയവസ്ഥയാണ്. ലോകത്ത് എവിടെയായിരുന്നാലും ഓണത്തിന് ഓടിയെത്തിയിരുന്നവര്‍ ഇന്ന് ക്വാറന്റൈന്‍ ഭയന്ന് വരാതിരിക്കുന്നിനെക്കുറിച്ച് ചിന്തിക്കുന്നു.
ഒന്നില്‍ പിഴച്ചാല്‍ മൂന്നിലെന്നാണ് ചൊല്ല്. ഇനി അതുമാത്രമാണ് ആവേശം. 2018, 2019, 2020 ഓണം മലയാളിക്ക് അന്യമായെങ്കില്‍ ഇനി വരാനിരിക്കുന്നതെങ്കിലും ആഘോഷമാക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് മലയാളി ഊര്‍ധനിശ്വാസമിടുന്നു!