
സ്വന്തം ലേഖകൻ
കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവത്തില്‍ മരണകാരണം ശ്വാസ തടസ്സമെന്ന് രാസപരിശോധന ഫലം. ആന്തരിക അവയവ പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടിലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കുട്ടിക്ക് നേരത്തേയും ശ്വാസതടസ്സമുണ്ടായിരുന്നെന്നാണ് സൂചന.
ആഗസ്റ്റ് മാസം ആദ്യമാണ് ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ മകന്‍ പൃഥ്വിരാജ് എന്ന മൂന്നു വയസുകാരൻ മരിച്ചത്. നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയെ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നാണയം വിഴുങ്ങിയതാവില്ല മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു എന്നാല്‍ ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു.
കുട്ടിയുടെ വയറ്റില്‍ രണ്ട് നാണയങ്ങളുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. കുട്ടിയുടെ വന്‍കുടലിന്റെ ഭാഗത്തായാണ് നാണയങ്ങള്‍ ഉണ്ടായിരുന്നതെന്നായിരുന്നു കണ്ടെത്തല്‍. കളമശ്ശേരി മെഡിക്കല്‍ കോളെജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.