പെട്ടിമുടി ദുരന്തം : തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക് ; ഇനി കണ്ടെത്താനുള്ളത് 21 പേരെ കൂടി ; കണ്ടെത്താനുള്ളവരിൽ അധികവും കുട്ടികൾ
സ്വന്തം ലേഖകൻ
ഇടുക്കി: സംസ്ഥാനത്തെ നടുക്കിയ രാജമല പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക്. ഇനി കണ്ടെത്താനുള്ളത് 21 പേരെ കൂടി. നിലവിൽ മരണ സംഖ്യ 49 ആയി.
ഇനി കണ്ടെത്താനുള്ളവരിൽ അധികവും കുട്ടികളാണ്. അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള പുഴകൾ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസം തിരച്ചിൽ നടന്നത്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തുനിന്ന് പല മൃതദേഹങ്ങളും ഒഴുകിപോയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ പശ്ചാത്തലത്തിലാണ് പുഴകളും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നത്. പെട്ടിമുടി പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിലിലാണ് ആറ് മൃതദേഹം ലഭിച്ചത്. പുഴയിൽ നിന്ന് ഇതുവരെ 12 മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. പുഴയിൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ഉരുൾപൊട്ടലിന്റെ ഭാഗമായി വന്നു പതിച്ച വലിയ പാറക്കൂട്ടങ്ങൾ തിരച്ചിൽ ദുഷ്‌കരമാക്കുന്നുണ്ട്. സ്‌ഫോടക വസ്തുക്കൾ കൊണ്ട് ചെറുസ്‌ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ദിവസങ്ങൾ പിന്നിട്ടതോടെ മൃതദേഹങ്ങൾ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയ ചില മൃതദേഹങ്ങൾ അഴുകി തുടങ്ങിയിരുന്നു. ഇനി കണ്ടെത്താനുള്ള മൃതദേഹങ്ങൾ അഴുകി തുടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തൽ.
അങ്ങനെ ഉണ്ടായാൽ ശരീരം തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടിവരും. ആവശ്യമെങ്കിൽ മൃതദേഹം ഡിഎൻഎ ടെസ്റ്റിനു വിധേയമാക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതരും അറിയിച്ചിട്ടുണ്ട്.
രാജമലയിൽ ഉരുൾപൊട്ടലുണ്ടായിട്ട് ഇന്ന് അഞ്ചാം ദിവസമാണ്. അവസാന ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.