വെള്ളത്തിൽ നിന്നുപോയ വാഹനം സ്റ്റാർട്ട് ചെയ്യാതെ സർവീസ് സ്റ്റേഷന്റെ സഹായം തേടുക ; വാഹനത്തിന്റെ ഡിസ്കിൽ പിടിച്ചിരിക്കുന്ന ചെളി വൃത്തിയാക്കിയതിന് ശേഷം മാത്രം ഓടിക്കുക : ശ്രദ്ധിക്കാം വാഹനം ഓടിക്കുമ്പോൾ ഇക്കാര്യങ്ങൾ
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്ത് മഴ കനത്ത് റോഡിൽ വെള്ളം നിറഞ്ഞതോടെ നിരവധിപേർ വെള്ളത്തിലൂടെ വാഹനം ഓടിച്ചിട്ടുണ്ട്. വെള്ളത്തിലൂടെ വാഹനം ഓടിക്കുന്നത് വാഹനത്തിന് കേടുപാട് ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
പെരുമഴക്കാലത്ത് വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
Whatsapp Group 1 | Whatsapp Group 2 |Telegram Group
- ഓഫായ വാഹനം സ്റ്റാർട്ട് ചെയ്യരുത്
വെള്ളക്കെട്ടിനുള്ളിൽ വാഹനം നിന്ന് പോകുന്നതാണ് ഈ മഴക്കാലത്ത് പതിവായുണ്ടാകുന്ന വെല്ലുവിളി. ഈ സാഹചര്യത്തിൽ പരിഭ്രാന്തരാകുന്ന ആളുകൾ പിന്നെയും വാഹനം സ്റ്റാർട്ട് ചെയ്യുകയാണ് പതിവ്. എന്നാൽ, ഇത് തെറ്റായ കീഴ്വഴക്കമാണ്. വെള്ളത്തിൽ നിന്നുപോയാൽ വാഹനം വീണ്ടും സ്റ്റാർട്ട് ചെയ്യാതെ സർവീസ് സ്റ്റേഷന്റെ സഹായം തേടണം.
2. കുറഞ്ഞ ഗിയറിൽ ഓടിക്കുക
റോഡിലെ വെള്ളക്കെട്ടിലൂടെ പോകുമ്പോൾ വേഗത കുറച്ച് വളരെ പതിയെ പോകുക. കുറഞ്ഞ ഗിയറിൽ കൂടുതൽ റെയ്സ് ചെയ്ത് ഓടിക്കുന്നതാണ് കൂടുതൽ നല്ലത്. കൂടുതൽ റെയ്സ് ചെയ്ത് ഓടുക്കുന്ന പുക കുഴലിലൂടെ വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറുന്നത് ഒഴിവാക്കാം. റെയ്സ് ചെയ്യുന്നതിനൊപ്പം പുക പുറത്തേക്ക് തള്ളുന്നതിലൂടെ വെള്ളം കയറുന്നത് തടയും
3. സഡൻ ബ്രേക്ക് ഒഴിവാക്കുക
വെള്ളം നിറഞ്ഞ റോഡിൽ പെട്ടന്നുള്ള ബ്രേക്കിങ് ഒഴിവാക്കുന്നതാണ് അഭികാമ്യം. സാധാരണ റോഡിലെ കുഴികളിൽ ഇറങ്ങിയാൽ ആളുകൾ പെട്ടെന്ന് ബ്രേക്ക് ചെയ്യാറുണ്ട്. എന്നാൽ, ഇങ്ങനെ ചെയ്യുന്നത് പുക കുഴലിൽ വെള്ളം കടക്കാൻ കാരണമാകും. വെള്ളത്തിൽ വാഹനം നിർത്തുമ്പോഴും ചെറുതായി ആക്സിലറേറ്റർ അമർത്തുക.
4. വാഹനങ്ങൾ തമ്മിൽ അകലം പാലിക്കണം
വെള്ളക്കെട്ടിലൂടെ നീങ്ങുമ്പോൾ വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കാൻ ശ്രദ്ധിക്കണം. വാഹനം ഓടുമ്പോൾ റോഡിൽ രൂപപ്പെടുന്ന ഓളങ്ങൾ മൂലം പിന്നാലെ വരുന്ന വാഹനത്തിന്റെ എയർഡാമിലൂടെ വെള്ളം ഉള്ളിലെത്താൻ സാധ്യതയുണ്ട്. ചെറുകാറുകളുടെ കാര്യത്തിലാണ് ഇത് കൂടുതൽ ശ്രദ്ധിക്കേണ്ടത്.
5. ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കുക
മഴകാലത്ത് വാഹനം ഉപയോഗിക്കുമ്പോൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് മികച്ച ടയറുകൾ ഉപയോഗിക്കാനാണ്. വെള്ളം കെട്ടിനിൽക്കുന്നതിനെ തുടർന്നുണ്ടാകുന്ന വഴുവഴുപ്പിനെ നേരിടാനുള്ള കാര്യക്ഷമത ടയറിനുണ്ടാകണം. തേയ്മാനം സംഭവിച്ച ടയറാണെങ്കിൽ ബ്രേക്ക് ചെയ്യുന്ന സമയത്ത് വാഹനം തെന്നി മാറാനുള്ള സാധ്യത ഏറെയാണ്.
6. ബ്രേക്ക് ഉണ്ടെന്ന് ഉറപ്പാക്കുക
വെള്ളക്കെട്ടിലൂടെ ഓടിയ കാർ പുറത്തെത്തിയ ശേഷം ബ്രേക്ക് പ്രവർത്തനക്ഷമമാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. കാറുകളിൽ കൂടുതലായി ഡിസ്ക് ബ്രേക്കാണ് നൽകുന്നത്. വെള്ളത്തിലൂടെ ഓടി വരുന്ന വാഹനത്തിന്റെ ഡിസ്കിൽ ചെളി പിടിച്ചിരിക്കും. അത് വൃത്തിയാക്കിയ ശേഷം മാത്രം വാഹനം ഓടിക്കുക