play-sharp-fill
കോടിമത നാലുവരിപ്പാതയിൽ ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം: ഓട്ടോറിക്ഷയിൽ എത്തിയ സംഘം ലോറിയുടെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചു: തടയാൻ ശ്രമിച്ച പുനലൂർ സ്വദേശിയായ ലോറി ഡ്രൈവറുടെ തല തല്ലിപ്പൊളിച്ചു; ഓട്ടോറിക്ഷയിൽ രക്ഷപെട്ട അക്രമികളിൽ രണ്ടു പേർ മണർകാട്ട് പിടിയിൽ

കോടിമത നാലുവരിപ്പാതയിൽ ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം: ഓട്ടോറിക്ഷയിൽ എത്തിയ സംഘം ലോറിയുടെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചു: തടയാൻ ശ്രമിച്ച പുനലൂർ സ്വദേശിയായ ലോറി ഡ്രൈവറുടെ തല തല്ലിപ്പൊളിച്ചു; ഓട്ടോറിക്ഷയിൽ രക്ഷപെട്ട അക്രമികളിൽ രണ്ടു പേർ മണർകാട്ട് പിടിയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ പട്ടാപ്പകൽ ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം. പട്ടാപ്പകൽ പെരുമഴയിൽ ഓട്ടോറിക്ഷയിൽ എത്തിയ അക്രമി സംഘം കോടിമതയിൽ മലയാള മനോരമയുടെ ഓഫിസിനു മുന്നിലെ പാർക്കിംങ് സ്ഥലത്തു കിടന്ന ലോറിയുടെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. മോഷണം തടയാൻ ശ്രമിച്ച ലോറി ഡ്രൈവർ പുനലൂർ ഒറ്റയ്ക്കൽ മാങ്കോളത്ത് ഹൗസിൽ രാജന്റെ മകൻ രാജേഷിനെ (35) പരിക്കുകളോടെ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിൽ ഉൾപ്പെട്ടത് എന്നു സംശയിക്കുന്ന ഒരാളെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇയാളുടെ പേരും വിശദാംശങ്ങളും ലഭിച്ചിട്ടില്ല.

ശനിയാഴ്ച വൈകിട്ട് നാലു മണിയ്ക്കു ശേഷമായിരുന്നു സംഭവങ്ങൾ. വിവിധ സ്ഥലങ്ങളിൽ നിന്നും ലോഡുമായി എത്തുന്ന ലോറികൾ ലോഡിറക്കിയ ശേഷം തിരികെ മടങ്ങുന്നതിനു മുൻപ് ലോഡിനായി ഊഴംകാത്ത് കിടക്കുന്നത് മണിപ്പുഴ കോടിമത നാലുവരിപ്പാതയിലെ പതിവ് കാഴ്ചയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇവിടെ നിന്നും നിരവധി ലോറികളുടെ ബാറ്ററി മോഷ്ടിക്കുന്നതും പതിവാണ്. ഇന്നലെ വൈകുന്നേരത്തോടെ കെ.എൽ 45 ജില് 7670 നമ്പരിലുള്ള ഓട്ടോറിക്ഷയിൽ സ്ഥലത്ത് എത്തിയ മൂന്നംഗ സംഘം ലോറിയുടെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ഇതിനെ തടയാൻ ശ്രമിച്ച ലോറി ഡ്രൈവറും അക്രമി സംഘവുമായി ഏറ്റുമുട്ടിയതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

എന്നാൽ, ഇതിനിടെ ഓട്ടോറിക്ഷയിൽ കരുതിയിരുന്ന കമ്പിവടിയെടുത്ത യുവാക്കൾ ലോറി ഡ്രൈവറായ രാജേഷിനെ തലയ്ക്കടിച്ചു വീഴ്ത്തി. അക്രമത്തിൽ തലയ്ക്കു പരിക്കേറ്റ രാജേഷ് തിരികെ പ്രതിരോധിച്ചു നിന്നപ്പോഴാണ് സംഘത്തിൽ ഒരാൾക്കു പരിക്കേറ്റത്. സംഭവം കണ്ട് നാട്ടുകാർ തടിച്ചു കൂടിയതോടെ ഓട്ടോറിക്ഷയിൽ കയറി യുവാക്കൾ രക്ഷപെട്ടു.

സംഭവം അറിഞ്ഞ് കൺട്രോൾ റൂം പൊലീസ് സംഘം അടക്കം സ്ഥലത്ത് എത്തി. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓട്ടോറിക്ഷയുടെ നമ്പർ ശേഖരിച്ച ചിങ്ങവനം പൊലീസ് സംഘം ഈ നമ്പർ വയർലെസ് സെറ്റിലൂടെ കൈമാറി. അരമണിക്കൂറിനു ശേഷം പ്രതികളിൽ രണ്ടു പേരെ മണർകാട് ഭാഗത്തു വച്ചു പൊലീസ് പിടികൂടി. ആക്രമമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം അക്രമത്തിൽ പരിക്കേറ്റ അക്രമി സംഘാംഗമായ ഒരാളെയും ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

എന്നാൽ, സംഭവത്തിനു ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ നിലപാട്. ലോറിയുടെ ബാറ്ററി ഇളക്കിമാറ്റാൻ ശ്രമിച്ചതായുള്ള സൂചനകളൊന്നും ഇവിടെ നിന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. മോഷണം നടത്താൻ എത്തിയ സംഘം ലോറി തല്ലിത്തകർക്കാനും ഡ്രൈവറുമായി ഏറ്റുമുട്ടാനും നിൽക്കുമോ എന്ന സംശയവും നാട്ടുകാർ ഉന്നയിക്കുന്നു. ഈ സാഹചര്യത്തിൽ സംഭവത്തിനു പിന്നിൽ മറ്റെന്തെങ്കിലും തർക്കമുണ്ടോ എന്ന് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.

പിടിയിലായ രണ്ടു പ്രതികളെ മണർകാട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരെ ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയിൽ എടുക്കുന്നതിനുമായി ചിങ്ങവനം എസ്.എച്ച്.ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തേയ്ക്കു പുറപ്പെട്ടിട്ടുണ്ട്.