വിമാനം തകർന്ന് രണ്ട് കഷണങ്ങളായിട്ടും മരണം 19ൽ പിടിച്ചു നിർത്തിയത് രക്ഷാ പ്രവർത്തനത്തിനെത്തിയ പ്രദേശവാസികളുടെ ധീര സമീപനം; തകർച്ചയിൽ പൊട്ടിത്തെറി ഉണ്ടാകാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി
സ്വന്തം ലേഖകൻ
കരിപ്പൂർ: രാജമലയിലെ ഉരുൾപൊട്ടലിന്റെ ഞെട്ടലി മാറും മുമ്പേയാണ് ഇന്നലെ അർധ രാത്രി സംസ്ഥാനത്തെ നടുക്കി കൊണ്ട് കരിപ്പൂരിൽ ലാൻഡിംഗിനിടെ വിമാനം തകർന്ന് വീണ് അപകടം ഉണ്ടായത്. ഒരു ദിവസം മണിക്കൂറുകളുടെ ഇടവേളകളിൽ നാടിനെ നടുക്കിയ രണ്ട് ദുരന്തങ്ങൾ. 19 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. എന്നാൽ 179 യാത്രക്കാരുമായി തകർന്ന വിമാനത്തിൽ 19 പേർക്കെ ജീവൻ നഷ്ടമായൊള്ളു എന്നത് അത്ഭുതമാണ്. പറക്കുന്നതിനിടയിൽ ചെറിയ ഒരു പക്ഷി ഇടിച്ചാൽ പോലും തകരുന്ന വിമാനം 35 അടി താഴ്ചയിലേക്ക് പതിച്ച് രണ്ട് കഷണങ്ങളായിട്ടും മരണം 19ൽ പിടിച്ച് നിർത്താനായത് വലിയ ആശ്വാസമാണ്.
അതിവേഗത്തിൽ കൂപ്പുകുത്തി തകർന്നിട്ടും, തകർച്ചയിൽ പൊട്ടിത്തെറി ഉണ്ടാകാതിരുന്നത് വലിയ ദുന്തമാണ് ഒഴിവാക്കിയത്. മഴയുണ്ടായിരുന്നെങ്കിൽ കൂടി പൊട്ടിത്തെറിക്കുള്ള സാധ്യത വളരെ കൂടുതലായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ വളരെ സജീവമായ ജനവാസ കേന്ദ്രമായ കരിപ്പൂരിൽ സംസ്ഥാനം ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു അപകടത്തിന് സാക്ഷ്യം വഹിക്കുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിമാനം റൺവേയിൽ നിന്നും പുറത്തേക്ക് മാറാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. അപകടം നടന്നപ്പോൾ തന്നെ ശബ്ദം കേട്ട് പ്രദേശവാസികൾ എത്തുകയും, കൊവിഡ് സുരക്ഷ പോലും വകവയ്ക്കാതെ ഇവർ നടത്തിയ വളരെ പ്രോയോഗികമായ രക്ഷാപ്രവർത്തനമാണ് മരണ സംഖ്യ ഉയരാതെ പിടിച്ച് നിർത്തിയത്. അപകടം നിമിഷങ്ങൾക്കുള്ളിൽ തന്നെ ആളുകൾ വിവധ സ്ഥലങ്ങളിൽ നിന്നും രക്ഷാ പ്രവർത്തനത്തിനായി ഒഴുകിയെത്തിയിരുന്നു. തുടർന്ന് ധ്രുതഗതിയിൽ ആളുകളെ വിമാനത്തിൽ നിന്നും പുറത്തെത്തിക്കുന്നതിനും, തുടർന്ന് ആശുപത്രികളിൽ എത്തിക്കാനും സാധിച്ചു.
വിമാനത്താവളത്തിലെ ജീവനക്കാരും ആദ്യ ഘട്ടം മുതൽ തന്നെ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. ഇതിന് പിന്നലെ പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യ പ്രവർത്തകരുട സംഘം എന്നിവർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ഊർജിതമാക്കി. വിമാനത്തിന്റെ സീറ്റുകളിലും മറ്റും കുടുങ്ങിയ നിലയിലായിരുന്നു യാത്രക്കാർ. ഏകദേശം ഒരു മണിക്കൂർ കൊണ്ടാണ് യാത്രക്കാരെ പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.