
നാട്ടകം കാക്കൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു: മരിച്ചത് ചാന്നാനിക്കാട് സ്വദേശി; പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരം
തേർഡ് ഐ ബ്യൂറോ
കോട്ടയം: നാട്ടകം മുളങ്കുഴ കാക്കൂരിൽ നിയന്ത്രണം വിട്ട ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം. മരിച്ചതിൽ ഒരാൾ ചാന്നാനിക്കാട് തെക്കേപ്പറമ്പിൽ വേണു സുരേഷാ (28 ) ണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാണിക്കുന്നം പഴിഞ്ഞാൽ വടക്കേതിൽ രാധാകൃഷ്ണൻ്റെ മകൻ ആദർശും (25) മരിച്ചു. ആദർശിൻ്റെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. വേണുവിൻ്റെ മൃതദേഹം ഭാരത് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിട്ടുണ്ട്. കാരാപ്പുഴ ഇല്ലത്തു പറമ്പിൽ ബാലഭവൻ വിഘ്നേശ്വർ (24) ഭാരത് ആശുപത്രി വെൻ്റിലേറ്ററിൽ ആണ്.
പനച്ചിക്കാട് മുൻപഞ്ചായത്ത് അംഗം സലിജ സുരേഷ് കുമാറിൻ്റെയും സുരേഷ് കുമാറിൻ്റെയും മകനാണ് മരിച്ച വേണു. മരിച്ച വേണുവിൻ്റെ ഭാര്യ ആതിര, കുട്ടി നിവേദ്യ രണ്ട് വയസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുളങ്കുഴ പാക്കിൽ റോഡിൽ കാക്കൂർ കെ.ടി.ഡി.സിയുടെ ബിയർ പാർലറിന് മുന്നിലായിരുന്നു അപകടം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് രണ്ട് വാഹനങ്ങളും നേർക്കുനേർ ഇടിച്ചത്. പാക്കിൽ ഭാഗത്ത് നിന്നും എത്തിയ ബുള്ളറ്റും എതിർ ദിശയിൽ നിന്നും എത്തിയ പൾസർ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. കാക്കൂർ കണ്ടെയ്ൻമെൻ്റ് സോണിലാണ്.
ഇതിനാൽ റോഡിൽ ഗതാഗതവും കുറവായിരുന്നു. അമിത വേഗത്തിൽ എത്തിയ ബൈക്കുകൾ നേർക്കുനേർ ഇടിക്കുകയായിരുന്നു. അപകടം നടന്നതിന് തൊട്ടടുത്തായാണ് പൊലീസിൻ്റെ കൊവിഡ് ചെക്ക് പോസ്റ്റ് ഉള്ളത്. ഇവിടെ നിന്നും പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ഓടിയെത്തി. തുടർന്ന് , അപകടത്തിൽപ്പെട്ടവരെ ആംബുലൻസ് വിളിച്ച് വരുത്തി ആശുപത്രിയിലേക്ക് മാറ്റി.
രണ്ടു ബൈക്കുകളിലായി മൂന്നു പേരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. പരിക്കേറ്റ ഒരാൾ ഭാരത് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തിൽ രണ്ടു ബൈക്ക് യാത്രക്കാരും റോഡിൽ തലയിടിച്ച് വീണു. തല തകർനാണ് വേണുവിൻ്റെ മരണം സംഭവിച്ചിരുന്നു.
പുളിമുട് കവലയിൽ കല്ലുപാലം ജുവലറിയിൽ ന്യൂ പാർവതി ഗോൾഡ് എന്ന പുതിയ കട വേണു ആരംഭിച്ചിട്ട് ഒരു മാസമാകുന്നതേ ഉള്ളു.