
നാണയം വിഴുങ്ങി മരിച്ച മൂന്ന് വയസുകാരന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി ; വൻകുടലിന്റെ ഭാഗത്ത് നിന്നും കണ്ടെത്തിയത് രണ്ട് നാണയങ്ങൾ : ഡോക്ടർമാർക്കെതിരെ ആരോപണവുമായി വീണ്ടും ബന്ധുക്കൾ
സ്വന്തം ലേഖകൻ
ആലുവ :നാണയം വിഴുങ്ങിയതിനെ തുടർന്ന് മരിച്ച മൂന്ന് വയസുകാരൻ പൃഥ്വിരാജിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. പോസ്റ്റ്മോർട്ടത്തിൽ പൃഥ്വിരാജ് രണ്ട് നാണയങ്ങൾ വിഴുങ്ങിയതായി കണ്ടെത്തി.
50 പൈസയുടെയും ഒരു രൂപയുടെയും നാണയമാണ് വൻകുടലിന്റെ ഭാഗത്ത് നിന്നും കണ്ടെത്തിയത്. അതേസമയം മരണത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം കൂടി വരേണ്ടതുണ്ടെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാണയം വിഴുങ്ങിയതല്ല മരണകാരണമെന്ന് പറഞ്ഞ ഡോക്ടർമാർക്കെതിരെ കുട്ടിയുടെ ബന്ധുക്കൾ ഇന്നും രംഗത്തെത്തി. മറ്റ് കാരണം കൊണ്ടാണ് കുട്ടി മരിച്ചതെങ്കിൽ എന്തുകൊണ്ട് റിപ്പോർട്ടിൽ വന്നില്ല? മൂന്ന് ആശുപത്രികളിൽ കൊണ്ടുപോയിട്ടും മറ്റ് അസുഖം ഉള്ളതായി റിപ്പോർട്ടിൽ പറയുന്നില്ല.
ആശുപത്രിയിൽ വരുന്നത് വരെ കുട്ടിക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനുശേഷം തുടർനടപടി എടുക്കുമെന്നും ഡോക്ടർമാർക്കെതിരെ പരാതി നൽകുമെന്നും കുട്ടിയുടെ ബന്ധുവായ ഉദയൻ പറഞ്ഞു.
ആലുവ കടുങ്ങല്ലൂർ സ്വദേശിയായ മൂന്ന് വയസുകാരൻ പൃഥ്വിരാജ് ഇന്നലെയാണ് മരിച്ചത്. ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കുഞ്ഞ് അബദ്ധത്തിൽ നാണയം വിഴുങ്ങിയത്. തുടർന്ന് കുട്ടിയെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇവിടെ പീഡിയാട്രീഷൻ ഇല്ലെന്ന് പറഞ്ഞ് എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ എറണാകുളം ജില്ലാ ആശുപത്രിയിലും പീഡിയാട്രീഷൻ ഇല്ലാതിരുന്നതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
എന്നാൽ പേടിക്കേണ്ടതില്ലെന്നും ചോറും പഴവും നൽകിയാൽ മതിയെന്നും പറഞ്ഞ് ഡോക്ടർമാർ കുഞ്ഞിനെയും കുടുംബത്തെയും തിരിച്ചയക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഉറങ്ങുന്നതിന് കുട്ടി ഏറെ ബുദ്ധിമുട്ടുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ ഉണരാതിരുന്ന കുഞ്ഞിനെ ആശുപത്രിയിൽ എത്തിപ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.
കളമശ്ശേരി മെഡിക്കൽ കോളേജിലാണ് നടത്തിയ പോസ്റ്റുമോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. അമ്മ നന്ദിനിയുടെ സ്വദേശമായ കൊല്ലം പരവൂരിലായിരിക്കും കുട്ടിയെ സംസ്കരിക്കുക.