
ഭാരത് ആശുപത്രി അധികൃതരെ, അന്നേ സത്യം പറഞ്ഞിരുന്നെങ്കിൽ ഈ പുലിവാലുണ്ടാകുമായിരുന്നോ..? ഭാരതിലെ ഡോക്ടർക്കു കൊവിഡില്ലെന്നു ആശുപത്രി ഗ്രൂപ്പ് കള്ളം പറഞ്ഞതിനു കൃത്യമായ തെളിവ് പുറത്ത്; ഡോക്ടർക്കു ചെറിയ കൊറോണ മാത്രമെന്നു ഭാരത് ആശുപത്രിയിലെ സുനിൽ ഡോക്ടർ പറയുന്ന ഓഡിയോ സന്ദേശം പുറത്ത്
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഭാരത് ആശുപത്രി അധികൃതരെ, ഈ കള്ളം പറയേണ്ട ആവശ്യമുണ്ടായിരുന്നോ..? ഭാരത് ആശുപത്രിയിൽ കൊവിഡ് രോഗി എത്തിയെന്നതു മറച്ചു വയ്ക്കാനും, ആശുപത്രിയിലെ ഒരു ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിച്ചതു മറച്ചു വയ്ക്കാനും ആശുപത്രി അധികൃതർ നടത്തിയ നീചമായ നീക്കത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിട്ട ഓഡിയോ സന്ദേശം.
ഭാരത് ആശുപത്രിയിലെ ഡോക്ടറായ സുനിലാണ് താൻ എന്നു വെളിപ്പെടുത്തി പുറത്തു വന്ന ഓഡിയോ സന്ദേശത്തിൽ, ആശുപത്രിയിലെ ഡോക്ടർക്കു രോഗമുണ്ടെന്നും രോഗബാധിതനായ ഡോക്ടറുടെ പേരും വെളിപ്പെടുത്തുന്ന സുനിൽ ഡോക്ടർ, ഈ ഡോക്ടറുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ആളുകളെ ബോധവത്കരിക്കാൻ സന്ദേശം അയച്ച വ്യക്തിയെ ഭയചകിതനാക്കുന്നതും വ്യക്തമായി കേൾക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാൾക്കു കൊവിഡ് ഉണ്ടാകുന്നതും, അയാളുടെ സമ്പർക്കപ്പട്ടികയിൽ ആളുകൾ ഉണ്ടാകുന്നതും ഒരു തെറ്റല്ല. പക്ഷേ, ഇത് മറച്ചു വച്ച് രോഗ വാഹകനാകാൻ ഒരു വ്യക്തി ഇടയാകുന്നത് ഗുരുതരമായ തെറ്റാണ്. ഇതേ തെറ്റാണ് ഭാരത് ആശുപത്രി ഗ്രൂപ്പും നടത്തിയിരിക്കുന്നത്. കൊവിഡ് രോഗി ഭാരത് ആശുപത്രിയിൽ എത്തിയത് 17 നാണ്. 22 ന് ഇവർക്കു രോഗം സ്ഥിരീകരിച്ചു. ഇവരുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും പുറത്തു വിടുന്നത് ഭാരത് ആശുപത്രിയിലെ ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിച്ച ശേഷം മാത്രം.
ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിച്ചത് ജൂലായ് 25 ശനിയാഴ്ചയാണ്. ഇതിനു ശേഷം തിങ്കളാഴ്ച മാത്രമാണ് ചിങ്ങവനത്തെ കൊവിഡ് രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തു വിട്ടത്. ഭാരത് ആശുപത്രിയിലെ ഡോക്ടർക്കു രോഗം സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ഇതുവരെയും പുറത്തു വിട്ടിട്ടില്ല.
കൊവിഡ് ബാധിതൻ ആശുപത്രിയിൽ എത്തിയെന്ന വാർത്ത പുറത്തു വന്നപ്പോൾ മുതൽ ഭാരത് ഗ്രൂപ്പ് സ്വീകരിച്ച നിലപാടുകളാണ് ഇപ്പോൾ ഭാരത് ആശുപത്രിയ്ക്കെതിരെ കടുത്ത വിമർശനത്തിന് ഇടയാക്കിയത്.
കഴിഞ്ഞ ശനിയാഴ്ച രോഗികളുടെ പട്ടിക ജില്ലാ ഭരണകൂടവും പി.ആർ.ഡിയും പുറത്തു വിട്ടപ്പോൾ പോലും സ്വകാര്യ ആശുപത്രിയിലെ 61 കാരനായ ഡോക്ടർ എന്നു മാത്രമാണ് ഉണ്ടായിരുന്നത്. ഇതോടെ കോട്ടയത്തെ സാധാരണക്കാരായ ആളുകൾ പരിഭ്രാന്തരായി. ഏത് ആശുപത്രിയിലെ ഏത് ഡോക്ടറിനാണ് കൊവിഡ് എന്നതായിരുന്നു ആളുകൾക്ക് അറിയേണ്ടിയിരുന്നത്. ഇതേ തുടർന്ന് ആളുകളുടെ പരിഭ്രാന്തി ഒഴിവാക്കുന്നതിനു വേണ്ടിയാണ് തേർഡ് ഐ ന്യൂസ് ലൈവ് ഭാരത് ആശുപത്രിയിലെ ഡോക്ടർക്കു തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ചത് എന്നു വാർത്ത നൽകിയത്.
തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ, വായനക്കാരുടെയും നാട്ടുകാരുടെയും ആവശ്യം കൃത്യമായി മനസിലാക്കി, നാടിന്റെ രക്ഷയെ കരുതിയാണ് തേർഡ് ഐ ന്യൂസ് ലൈവ് അത്തരം ഒരു വാർത്ത നൽകാൻ തയ്യാറായത്. എന്നാൽ, ഈ വാർത്തയോട് പോസിറ്റീവായ സമീപനം സ്വീകരിക്കുന്നതിനു പകരം തേർഡ് ഐ ന്യൂസ് ലൈവ് നേഴ്സുമാരുടെ സമരം 2017ൽ നടന്നപ്പോൾ മൂന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു – അത് നല്കാഞ്ഞതിൻ്റെ വൈരാഗ്യത്തിലാണ് ഇത്തരത്തിൽ കള്ള വാർത്ത ചെയ്യുന്നത് എന്ന് വ്യാജ പ്രചാരണം നടത്തുകയായിരുന്നു. എന്നാൽ 2018 മെയ് മാസത്തിൽ മാത്രമാണ് തേർഡ് ഐ ന്യൂസ് പ്രവർത്തനം ആരംഭിച്ചത് എന്ന് ഭാരത് ഗ്രൂപ്പിനേ അറിയിക്കുന്നു. 2018ൽ തുടങ്ങിയ തേർഡ് ഐ 2017ൽ കൈക്കൂലി ചോദിച്ചു എന്ന നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം പറയാൻ, ഡോക്ടർ സുനിൽ നിങ്ങൾക്ക് നാണമില്ലേ? ഇതിനെതിരേ തേർഡ് ഐ ന്യൂസ് നിയമ നടപടിയും സ്വികരിച്ചിട്ടുണ്ട് .
ഏറ്റവും ഒടുവിൽ ആശുപത്രിയിൽ കൊവിഡ് രോഗി എത്തിയെന്നും, ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിച്ചെന്നു കഴിഞ്ഞ ദിവസം ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ തന്നെ വ്യക്തമാക്കിയിരുന്നു. തേർഡ് ഐ ന്യൂസ് ലൈവ് ആദ്യം മുതൽ തന്നെ പറഞ്ഞ കാര്യങ്ങൾ അംഗീകരിച്ച ആരോഗ്യ വകുപ്പും ഭാരത് ആശുപത്രി അധികൃതരും ഇപ്പോൾ തേർഡ് ഐ ന്യൂസ് ലൈവിനെതിരെ കേസ് നൽകുമെന്ന ഭീഷണിയുമായാണ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
കൊവിഡ് രോഗികൾ എത്തിയ ജില്ലാ ആശുപത്രിയിലെയും, മെഡിക്കൽ കോളേജിലെയും വാർഡുകൾ പോലും അടച്ചിടുമ്പോഴാണ് ഒരു സ്വകാര്യ ആശുപത്രിയ്ക്കു വേണ്ടി കൊവിഡിന്റെ എല്ലാ പ്രോട്ടോക്കോളുകളും ഇപ്പോൾ ഒരു വിഭാഗം ഉദ്യോഗസ്ഥർ ലംഘിക്കുന്നത്.