
വിവാദങ്ങൾക്കിടയിലും വികസന വഴിയിലെ ഒരു വർഷം: ജില്ലാ പഞ്ചായത്തിൽ ഒരു വർഷം പൂർത്തിയാക്കി അഡ്വ.സെബാസ്റ്റ്യൻ കളത്തുങ്കൽ
സ്വന്തം ലേഖകൻ
കോട്ടയം: വഴിമുടക്കാനെത്തിയ വിവാദങ്ങളെ തട്ടിമാറ്റി വികസന വഴിയിൽ ജില്ലാ പഞ്ചായത്തിൽ ഒരു വർഷം പൂർത്തിയാക്കി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കേരള രാഷ്ട്രീയത്തിൽ കോളിളക്കങ്ങളുണ്ടാകുകയും, രാഷ്ട്രീയ നിലപാടിന്റെ പേരിൽ താൻ ഉൾപ്പെട്ട പാർട്ടി മുന്നണിയിൽ നിന്നും പുറത്താക്കുകയും ചെയ്‌തെങ്കിലും, രാഷ്ട്രീയ വിവാദങ്ങളൊന്നും ബാധിക്കാതെ വികസന വഴിയിൽ ജില്ലയുടെ കടിഞ്ഞാണുമായി കുതിക്കുകയാണ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ.
കഴിഞ്ഞ വർഷം അപ്രതീക്ഷിതമായി എത്തിയ പ്രളയവും, ഏറ്റവും ഒടുവിൽ വികസന രംഗത്ത് വെല്ലുവിളിയായി എത്തിയ കൊറോണയെയും നേരിട്ട് ഈ സാമ്പത്തിക വർഷവും 73% പദ്ധതിച്ചെലവ് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ജില്ലാ പഞ്ചായത്ത്. സംസ്ഥാനത്ത് പദ്ധതി നിർവഹണ രംഗത്ത് ആറാം സ്ഥാനത്ത് എത്തിച്ച് മോശമല്ലാത്ത നിലയിലെത്തിക്കുന്നതിന് കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രളയമായിരുന്നു ആദ്യം അഭിമുഖീകരിക്കേണ്ടിവന്ന പ്രതിസന്ധിയെങ്കിൽ ശക്തമായ ഇടപെടലിലൂടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകി പ്രസിഡന്റ്. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഒന്നിച്ചുചേർത്ത് ‘കൂടെയുണ്ട് കോട്ടയം’ എന്ന പേരിൽ ഏകദേശം 50 ലക്ഷം രൂപയ്ക്കുള്ള ദുരിതാശ്വാസ സാമഗ്രികൾ സമാഹരിച്ചു.
ഇത് ജില്ലയ്ക്ക് അകത്തും വടക്കൻ ജില്ലകളിലും എത്തിച്ചു നൽകുന്നതിന് നേതൃത്വം നൽകി. ജില്ലയെ രാജ്യത്തെ ആദ്യ സമ്പൂർണ്ണ മാലിന്യ രഹിത ജില്ലയാക്കാനുള്ള ‘ക്ലീൻ കോട്ടയം – ഗ്രീൻ കോട്ടയം’ പദ്ധതിയാണ് മറ്റൊരു അഭിമാന പദ്ധതി. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കൂട്ടിയോജിപ്പിച്ച് ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ എന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി തുടങ്ങി.
പൊതു വിദ്യാഭ്യാസ രംഗത്ത് വലിയ ഇടപെടൽ നടത്തിക്കൊണ്ട് ‘ഏബിൾ കോട്ടയം വിജയോത്സവം’ പദ്ധതി നടപ്പിലാക്കി ജില്ലയിലെ വിദ്യാഭ്യാസ രംഗത്തെ നിലവാര വർധനവും അതുവഴി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ വിജയത്തിന്റെ കാര്യത്തിൽ ജില്ലയെ സംസ്ഥാനതലത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിക്കുന്നതിനും കഴിഞ്ഞു.
സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വിത്തും നടീൽ വസ്തുക്കളും കർഷകർക്ക് നൽകുന്ന സുഭലം പദ്ധതി, പശുവും തൊഴുത്തും നൽകുന്ന ഗോശാല പദ്ധതി, പച്ചക്കറി കൃഷി വ്യാപന പദ്ധതി, തരിശുനില കൃഷി, തോടുകൾ ആഴം കൂട്ടൽ പദ്ധതി, തുടങ്ങി 4 കോടിയോളം രൂപയ്ക്കുള്ള വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ ഇടപെടൽ നടത്തി ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഏകോപിപ്പിക്കുകയും ജില്ലാ ഭരണകൂടത്തിനും ആരോഗ്യവകുപ്പിനും ശക്തമായ പിന്തുണ നൽകുകയും ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജനറൽ ആശുപത്രിയെ സുസജ്ജമായ കോവിഡ് ആശുപത്രിയാക്കി മാറ്റുകയും, സൗജന്യ ഡയാലിസിസ്, സൗജന്യ ജീവൻരക്ഷാ മരുന്ന് വിതരണം, ആയുർവേദ- ഹോമിയോ പ്രതിരോധ മരുന്നു വിതരണം, ജംഗ്ഷനുകളും സ്ഥാപനങ്ങളും അണുവിമുക്തമാക്കൽ തുടങ്ങി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 2 കോടിയോളം രൂപയും, ജനറൽ ആശുപത്രിക്ക് ഒന്നര കോടിയോളം രൂപയും വകയിരുത്തി.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നു പ്രവർത്തിച്ചു വരുന്നു. ക്യാൻസർ രോഗനിർണയ ചികിത്സാ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ ഇദംപ്രഥമമായി ജനറൽ ആശുപത്രിയിൽ രണ്ടര കോടി രൂപ ചെലവഴിച്ച് മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുകയും ഒരു കോടി എഴുപത് ലക്ഷം രൂപ വകയിരുത്തി ‘ക്യാൻ കോട്ടയം – ഫിറ്റ് കോട്ടയം’ എന്ന ക്യാൻസർ പ്രതിരോധ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തു.
കോവിഡിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ വിദ്യാഭ്യാസം ഓൺലൈൻ ആക്കിയതോടെ പഠനോപകരണങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, ടീ.വി എന്നിവ വാങ്ങി നൽകുന്ന ‘ദേവിക സാന്ത്വനം’ പദ്ധതി ആവിഷ്‌കരിച്ചു. പരിസ്ഥിതി സംരക്ഷണം മുൻനിർത്തി ജില്ലയിൽ അഞ്ച് ലക്ഷം വൃക്ഷതൈകൾ വെച്ചുപിടിപ്പിക്കുന്ന ‘തണലോരം പദ്ധതി’ വനം വകുപ്പിന്റെയും ഹരിത കേരളം മിഷന്റെയും സഹകരണത്തോടെ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പിലാക്കി.
ലൈഫ് മിഷൻ പദ്ധതിയിലൂടെ അയ്യായിരത്തോളം വീടുകൾ ജില്ലയിൽ പൂർത്തീകരിക്കുന്നതിനും നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണവും, ജലസംരക്ഷണവും മുൻനിർത്തി നടത്തിയ പദ്ധതികൾ മുൻനിർത്തി കേന്ദ്ര ഗവണ്മെന്റിൽ നിന്നും ദേശീയ ജല സംരക്ഷണ അവാർഡ് നേടി ദേശീയതല നേട്ടം ആർജിക്കാനും കഴിഞ്ഞു.
ഇപ്രകാരം ശ്രദ്ധേയമായ നിലയിൽ വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകി വിജയകരമായ ഒരു വർഷം പൂർത്തീകരിച്ച് ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവസാന ദിനങ്ങളിലേക്ക് ജില്ലാപഞ്ചായത്തിനെ നയിച്ചുകൊണ്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുന്നോട്ട് പോകുന്നു.