
സ്വന്തം ലേഖകൻ
കോട്ടയം : ആന്റിജന്‍ പരിശോധനയില്‍ 45 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യാപകമായി രോഗപരിശോധന നടത്താന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചു.
ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ തിങ്കളാഴ്ച്ച നടത്തിയ ആന്റിജന്‍ പരിശോധനാ ഫലം ആശങ്കാജനകമാണെന്നു ചൂണ്ടിക്കാട്ടിയ മന്ത്രി രോഗവ്യാപ്തി കൃത്യമായി വിലയിരുത്തുന്നതിന് സത്വര നടപടികള്‍ സ്വീരിക്കണമെന്ന് നിര്‍ദേശിച്ചു. മറ്റു മേഖലകളില്‍നിന്ന് വ്യത്യസ്തമായി ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ രോഗം സ്ഥീരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലാത്തതിനാല്‍ പ്രത്യേക ജാഗ്രത അനിവാര്യമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നിലവിലുള്ള പരിശോധനാ സംവിധാനം കൂടുതല്‍ വികേന്ദ്രീകരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യാപകമായി ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്തണം. രോഗവ്യാപ്തി വിലയിരുത്തിയശേഷം ആവശ്യമെങ്കില്‍ പ്രാദേശിക തലത്തിലോ ജില്ലാതലത്തിലോ ലോക് ഡൗണ്‍ പോലെയുള്ള നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ഏറ്റുമാനൂര്‍ ക്ലസ്റ്റര്‍ മേഖലയിലെ എല്ലാ വാര്‍ഡുതല സമിതികളും സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതാണ്. രോഗം സ്ഥിരീകരിച്ച പലര്‍ക്കും കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാതിരുന്നത് കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മുറയ്ക്ക് മുന്‍കരുതലുകള്‍ സ്വീകരിച്ച് പരിശോധനയ്ക്ക് ആളുകളെ എത്തിക്കുന്നതിനും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന മേഖലയില്‍ അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഉള്‍പ്പെടെ വാര്‍ഡ്തല സമിതിയുടെ ഇടപെടല്‍ അനിവാര്യമാണ്.
ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ തിങ്കളാഴ്ച്ച ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരായ 67 പേരില്‍ 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏറ്റുമാനൂര്‍ കേന്ദ്രീകരിച്ച് ജില്ലാ കളക്ടര്‍ പ്രത്യേക കോവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ചിരുന്നു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായ 4, 27 വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ വാര്‍ഡുകളും കാണക്കാരി, മാഞ്ഞൂര്‍, അയര്‍ക്കുന്നം, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് ക്ലസ്റ്റര്‍.
ഓണ്‍ലൈന്‍ യോഗത്തില്‍ ഏറ്റുമാനൂരിലും ജില്ലയില്‍ പൊതുവിലുമുള്ള സാഹചര്യം ജില്ലാ കളക്ടര്‍ എം. അഞ്ജന വിശദീകരിച്ചു. സുരേഷ് കുറുപ്പ് എം.എല്‍.എ, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കൂമ്പിക്കല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.