
സ്വന്തം ലേഖകൻ
കോട്ടയം: ജനറൽ ആശുപത്രിയിൽ ഒ.പി വിഭാഗത്തിൽ ചികിത്സയിൽ എത്തിയ രണ്ടു ഗർഭിണികൾ അടക്കം മൂന്നു പേർക്കു കൊവിഡ്. ആശുപത്രിയിലെ ഗൈനക്കോളജി ഒ.പി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രണ്ടു ഗർഭിണികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരെയും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജനറൽ ആശുപത്രിയിലെ തന്നെ കൊവിഡ് സെന്ററിലേയ്ക്കു മാറ്റി.
ജനറൽ ആശുപത്രിയിലെ ഏഴാം വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മറ്റൊരു രോഗിയ്ക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നു രോഗികളുടെയും സമ്പർക്കപ്പട്ടിക ജില്ലാ ജനറൽ ആശുപത്രി അധികൃതർ തയ്യാറാക്കി വരികയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം രാവിലെയാണ് രണ്ടു ഗർഭിണികളും ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി ഒ.പിയിൽ പരിശോധനയ്ക്കായി എത്തിയത്. തുടർന്നു, ഇവിടെ പരിശോധന നടത്തുന്നതിനിടെ കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു കൊവിഡ് പരിശോധനയ്ക്കു ഇരുവരെയും വിധേയരാക്കുകയായിരുന്നു. തുടർന്നാണ്, ഇരുവർക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. രണ്ടു പേരെയും കൊവിഡിന്റെ പ്രത്യേക വാർഡിലേയ്ക്കു മാറ്റിയിട്ടുണ്ട്.
ആശുപത്രിയിലെ ഏഴാം വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയ്ക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ ഇവിടെ ചികിത്സയിലുണ്ടായിരുന്നു. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഇയാളുടെ ശ്രവ സാമ്പിൾ പരിശോധന നടത്തിയത്. തുടർന്നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ച രോഗികൾ എത്തിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് ക്വാറന്റനിയിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇത് കൂടാതെ രോഗികളുടെ വിശദമായ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയുമാണ്. ആശുപത്രിയിൽ എത്തിയ രോഗികൾ സഞ്ചരിച്ച സ്ഥലങ്ങൾ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഭയപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്നു ജില്ലാ ആശുപത്രി സൂപ്രണ്ട് ബിന്ദുകുമാരി തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.