പച്ചക്കറി വണ്ടിയിൽ അടക്കം കേരളത്തിലേയ്ക്കു കഞ്ചാവ് കടത്ത്: നാലു കിലോ 250 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ
മീനാക്ഷിപുരം : നാലു കിലോ കഞ്ചാവുമായി ഒരാളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മീനാക്ഷിപുരം പോലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെ പിടികൂടി. കോയമ്പത്തൂർ, പിച്ചന്നൂർ, സ്വദേശി മണികണ്ഠനെ (22) നെയാണ് വണ്ടിത്താവളത്തിനടുത്ത് പെരുമാട്ടിയിൽ വെച്ച് പിടികൂടിയത്.
ഇയാൾ സഞ്ചരിച്ച ബൈക്കും, ബാഗിൽ സൂക്ഷിച്ച നാല് കിലോ 250 ഗ്രാം കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ നാലു ലക്ഷം രൂപ വിലവരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.
പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രമിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഒറീസ്സയിൽ നിന്നും കഞ്ചാവ് മൊത്തത്തിൽ കൊണ്ടുവന്ന് കോയമ്പത്തൂരിൽ സൂക്ഷിച്ച് വെച്ചാണ് ആവശ്യാനുസരണം ഇടപാടുകാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത്. ട്രൈയിൻ ഗതാഗതം നിന്നതോടെ റോഡുമാർഗമാണ് കേരളത്തിലേക്ക് കഞ്ചാവ് വരുന്നത്.
പാലക്കാടൻ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് ചില്ലറ വിൽപനക്കാർക്ക് കൈമാറാൻ കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്. ലോക് ടൗൺ തുടങ്ങിയതോടെ കഞ്ചാവ് കിട്ടാതാവുകയും വില ഇരട്ടിയിലധികമാവുകയും ചെയ്തു. മീൻ , പച്ചക്കറി, മറ്റു ചരക്കു വാഹനങ്ങളിലാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നത്. ഊടുവഴികളിലൂടെ ഇരുചക്ര വാഹനങ്ങളിലും കഞ്ചാവ് കടത്തുന്നതായി സൂചനകൾ ലഭിച്ചിട്ടുണ്ട്.
പ്രതിയെ കോവിഡ് പരിശോധനക്കു ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക. പാലക്കാട് ഡിവൈ.എസ്.പി മനോജ് കുമാർ, മീനാക്ഷിപുരം എസ്.ഐ സി.കെ രാജേഷ്, അഡീഷണൽ എസ്.ഐ ലാൽസൻ , സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീവൻ, സി.പി.ഒ മാരായ അനുരഞ്ജിത്ത് , അനു, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ ട.ജലീൽ, ടി.ആർ. സുനിൽ കുമാർ, റഹിം മുത്തു, ആർ. കിഷോർ, സൂരജ് ബാബു, കെ. അഹമ്മദ് കബീർ.കെ, ആർ. വിനീഷ്, ആർ. രാജീദ്, ദിലീപ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.