അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മൂലമറ്റത്ത് ഫോറസ്റ്റർ വിജിലൻസ് പിടിയിൽ; പിടിയിലായത് മൂവാറ്റുപുഴ സ്വദേശി; കൈക്കൂലി വാങ്ങിയത് കുളമാവ് സ്വദേശിയിൽ നിന്നും; കൈക്കൂലി നൽകാത്തതിനു അസഭ്യം പറഞ്ഞതിനൊടുവിൽ വിജിലൻസ് പിടിയിൽ; വനം വകുപ്പ് ഉദ്യോഗസ്ഥന്റെ ബാഗിലുണ്ടായിരുന്നത് കണക്കിൽപ്പെടാത്ത അരലക്ഷത്തിലധികം രൂപ
തേർഡ് ഐ ബ്യൂറോ
കോട്ടയം: പട്ടയ ഭൂമിയിൽ നിന്നും പാഴ്തടികൾ വെട്ടിമാറ്റി വിൽക്കുന്നതിനു അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റർ വിജിലൻസ് പിടിയിലായി. മൂവാറ്റുപുഴ സ്വദേശിയായ ഫോറസ്റ്ററെയാണ് കുളമാവ് സ്വദേശിയിൽ നിന്നും അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്.
മൂലമറ്റം ഫോറസ്റ്റ് സെക്ഷൻ ഓഫിസർ മൂവാറ്റുപുഴ വെള്ളൂർക്കുന്നം മുടവൂർ അരകനാൽ ഹൗസ് എ.എം സലിമിനെയാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ മേധാവി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 20 ദിവസമായി പ്രദേശത്തെ പട്ടയമുള്ള ഭൂഉടമകളിൽ നിന്നും കരാറുകാരൻ പാഴ് തടികൾ വെട്ടുന്നുണ്ടായിരുന്നു. ഇത്തരത്തിൽ വെട്ടിമാറ്റിയ തടികൾ ഇയാൾ പെരുമ്പാവൂരിൽ എത്തിച്ചു വിൽക്കുകയാണ് ചെയ്തിരുന്നത്. ഈ തടികൾ കൊണ്ടു പോകുന്നതിനു സലിം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
സലിം ആവശ്യപ്പെട്ട കൈക്കൂലി നൽകാതെ വന്നതോടെ കരാറുകാരനെ ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്നു, അസഭ്യം പറയുകയും പണം തന്നില്ലെങ്കിൽ ഒരു ലോഡ് പോലും കടത്തി വിടില്ലെന്നു ഭീഷണി മുഴക്കുകയും ചെയ്തു. ശല്യം സഹിക്കവയ്യാതെ കരാറുകാരൻ വിജിലൻസിനെ സമീപിച്ചു പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത വിജിലൻസ് സംഘം അന്വേഷണം ആരംഭിക്കുകയായിരുന്നു.
തുടർന്നു, ഇടുക്കി വിജിലൻസ് ഡി വൈ എസ് പി രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി ഇയാളെ പിടികൂടുകയായിരുന്നു. കൈക്കൂലിയായി ലഭിച്ച അയ്യായിരം രൂപ കൂടാതെ
54690 രൂപ ബാഗിലുണ്ടായിരുന്നു. കണക്കിൽപ്പെടാത്ത പൈസയാണ് കയ്യിലുണ്ടായിരുന്നത് എന്നു കണ്ടെത്തിയിട്ടുണ്ട്.