video
play-sharp-fill
മണർകാട്ടെ ചീട്ടുകളിയിൽ പൊലീസിനെ ഒറ്റിയ എസ്.എച്ച്.ഒ കുടുങ്ങി: അന്വേഷണ സംഘത്തിൽ നിന്നും മണർകാട് എസ്.എച്ച്.ഒ തെറിച്ചു; എസ്.എച്ച്.ഒ രതീഷ് കുമാർ കുറ്റക്കാരനെന്നു രഹസ്യാന്വേഷണ വിഭാഗവും കാഞ്ഞിരപ്പള്ളി ഡി വൈ.എസ്.പിയും; ഇൻസ്‌പെക്ടർ രതീഷ്‌കുമാർ സസ്‌പെൻഷനിലേയ്ക്ക്

മണർകാട്ടെ ചീട്ടുകളിയിൽ പൊലീസിനെ ഒറ്റിയ എസ്.എച്ച്.ഒ കുടുങ്ങി: അന്വേഷണ സംഘത്തിൽ നിന്നും മണർകാട് എസ്.എച്ച്.ഒ തെറിച്ചു; എസ്.എച്ച്.ഒ രതീഷ് കുമാർ കുറ്റക്കാരനെന്നു രഹസ്യാന്വേഷണ വിഭാഗവും കാഞ്ഞിരപ്പള്ളി ഡി വൈ.എസ്.പിയും; ഇൻസ്‌പെക്ടർ രതീഷ്‌കുമാർ സസ്‌പെൻഷനിലേയ്ക്ക്

തേർഡ് ഐ ബ്യൂറോ

കോട്ടയം: മണർകാട്ടെ ക്രൗൺ ക്ലബിൽ നിന്നും 18 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തിൽ പൊലീസിനെ ഒറ്റിയ മണർകാട് എസ്.എച്ച്.ഒ രതീഷ്‌കുമാർ തെറിച്ചേക്കും. ചീട്ടുകളിയുടെ അന്വേഷണ സംഘത്തിൽ നിന്നു മണർകാട് എസ്.എച്ച്.ഒ ആയ രതീഷ് കുമാറിനെ നീക്കി ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി. രതീഷ്‌കുമാറിനു പകരം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ ചീട്ടുകളികളത്തിൽ നിന്നും പണം പിടിച്ചെടുത്ത സംഭവം അന്വേഷിക്കും.

ഇതിനിടെ, രതീഷ് കുമാറിനു വീഴ്ച പറ്റിയതായും ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി അനീഷ് വി.കോര നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ഡിവൈ.എസ്.പി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു സമർപ്പിച്ചു. റിപ്പോർട്ടിന്മേൽ സി.ഐയ്‌ക്കെതിരെ നടപടി നിർദേശിച്ച് കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറിനു ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ, മണർകാട് എസ്.എച്ച്.ഒയുടെ ഫോൺ സംഭാഷണത്തിലെ ശബ്ദം രതീഷ്‌കുമാറിന്റെ തന്നെയാണ് എന്നു കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ രതീഷ്‌കുമാറിനെതിരെ ജെ.സന്തോഷ്‌കുമാർ ജില്ലാ പൊലീസ് മേധാവിയ്ക്കു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ മണർകാട് എസ്.എച്ച്.ഒയ്ക്കു ചീട്ടുകളി സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ  അന്വേഷണ സംഘത്തിൽ നിന്നും ഇയാളെ പുറത്താക്കി.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി തന്നെ നേരിട്ട് കേസ് അന്വേഷിക്കാനും തീരുമാനം ആയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് മണർകാട് മാലം ക്രൗൺ ക്ലബിൽ പൊലീസ് റെയിഡ് നടത്തി 43 പേരിൽ നിന്നായി 18 ലക്ഷം രൂപ പിടിച്ചെടുത്തത്. ക്ലബ് സെക്രട്ടറി മണർകാട് മാലം വാവത്തിൽ കെ.വി സുരേഷി (മാലം സുരേഷ്)നെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇതിനു പിന്നാലെയാണ് മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ രതീഷ്‌കുമാറും മാലം സുരേഷും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വന്നത്. സഹപ്രവർത്തകരെ ഒറ്റിക്കൊടുക്കുന്ന രീതിയിലുള്ള സംഭാഷണമാണ് രതീഷ്കുമാറിൻ്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ രതീഷ്കുമാറിനെതിരെ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയും, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി അനീഷ് വി കോരയും റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.