കേരള പോലീസിന്റെ ചെറിയ തെറ്റുകൾപോലും പെരുപ്പിച്ച് കാണിക്കുന്ന മാധ്യമങ്ങൾ അവരുടെ നന്മ തിരിച്ചറിയുന്നില്ല

കേരള പോലീസിന്റെ ചെറിയ തെറ്റുകൾപോലും പെരുപ്പിച്ച് കാണിക്കുന്ന മാധ്യമങ്ങൾ അവരുടെ നന്മ തിരിച്ചറിയുന്നില്ല

Spread the love

ശ്രീകുമാർ

ആലുവ: ഒന്നര വർഷം മുമ്പ് കാണാതായ സഹോദരനെ തേടിയെത്തിയ അസം സ്വദേശിക്ക് ആലുവ പൊലീസിനെ ഒരു കാലത്തും മറക്കാനാവില്ല. അസമിലെ മിർസാപൂറിലെ ഹാർഡ് വെയർ വ്യാപാരിയായ ജോഗേഷ് ദാസാണ് (32) 2017 ഫെബ്രുവരി അഞ്ചിന് നാടുവിട്ടത്. തൊട്ടടുത്ത ദിവസം തന്നെ അവിടുത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല വഴിക്ക് അന്വേഷണം നടത്തിയെങ്കിലും ജോഗേഷ് ദാസിനെ കണ്ടെത്താനായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഒരിക്കൽ ഫോൺ ബെല്ല് അടിച്ചപ്പോൾ ജോഗേഷ് കേരളത്തിലുണ്ടെന്ന് അസം പൊലീസിന് മനസിലായി. മിർസാപൂർ എസ്.ഐ. അമിൽ ഫദകും ജോഗേഷിന്റെ സഹോദരൻ ദിലീപും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും ഉടൻ കേരളത്തിലെത്തി. ആലുവ ടവർ ലൊക്കേഷനാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ഇതിനിടെ ജോഗേഷ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം ആലുവ പൊലീസ് പരിശോധിച്ചു. ചിത്രത്തിനു പിന്നിൽ പിഡിലൈറ്റ് കമ്പനിയുടെ പെട്ടികൾ അടുക്കി വെച്ചത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പിഡിലൈറ്റ് മൊത്തവ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെങ്കിലും ജോഗേഷിനെ കണ്ടെത്താനായില്ല. നിർമാണ മേഖലയിൽ പിഡിലൈറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് ഫർണിച്ചർ യൂണിറ്റുകളും കെട്ടിടനിർമ്മാണ കമ്പനികളും അരിച്ചു പെറുക്കി. ഒടുവിൽ ആലുവ ചീരക്കട ക്ഷേത്രത്തിനടുത്തുള്ള നിർമ്മാണ കമ്പനിയിൽ നിന്നും പൊലീസ് ജോഗേഷിനെ കണ്ടെത്തി. അസമിലെ ബിസിനസ് നഷ്ടത്തിലായി കടം കയറിയപ്പോഴാണ് നാടുവിട്ടതെന്ന് ജോഗേഷ് പറഞ്ഞു. ഒന്നര വർഷത്തിനുശേഷം കണ്ട സഹോദരങ്ങൾ ഇരുവരും കെട്ടിപിടിച്ചും കരഞ്ഞും പൊലീസുകാർക്ക് നന്ദി പറഞ്ഞു. ഇന്ന് രാവിലെ നെടുമ്പാശേരിയിൽ നിന്ന് സഹോദരനുമായി ദിലീപും പൊലീസുകാരും വിമാനത്തിൽ യാത്ര തിരിക്കും. കേരള പോലീസിനെ ഒരിക്കലും മറക്കില്ലെന്നും ഇനിയും കേരളത്തിൽ വരുമെന്നും പറഞ്ഞാണ് ദിലീപ് സഹോദരനേയും കൂട്ടി യാത്രയാകുന്നത്.അന്വേഷണ സംഘത്തിൽ സി.ഐ. വിശാൽ ജോൺസൺ, എസ്.ഐ. എം.എസ്. ഫൈസൽ, എ.എസ്.ഐ. പി. സുരേഷ്, വി.ജി. രാജേഷ്, വി. അഭിലാഷ്, സി.എ. സുധീർ എന്നിവർ ഉണ്ടായിരുന്നു