ശിവശങ്കർ കുടുക്കിലേയ്ക്ക്: ഉടൻ കസ്റ്റഡിയിൽ എടുത്തേയ്ക്കും; നിർണ്ണായക മൊഴികൾ നൽകി സ്വപ്‌നയും സരിത്തും; മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതിക്കൂട്ടിൽ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെ പ്രതിക്കൂട്ടിലേയ്ക്കു തള്ളിവിട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ എൻ.ഐ.എ ഉടൻ കസ്റ്റഡിയിൽ എടുത്തേയ്ക്കും. സ്വർണ്ണംകടത്തിയ സംഭവത്തിൽ ശിവശങ്കരനു നേരിട്ടു പങ്കുണ്ടെന്നു സ്വപ്‌നയും സരിത്തും മൊഴി നൽകിയതോടെയാണ് സർക്കാർ കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത്.

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് അറിയാമായിരുന്നെന്ന് കേസിലെ ഒന്നും രണ്ടും പ്രതികളായ സരിത്തും സ്വപ്നയും എൻ.ഐ.എയോട് സമ്മതിച്ചതോടെയാണ് ശിവശങ്കറിനെ ഉടൻ എൻ.ഐ.എ കസ്റ്റഡിയിലെടുക്കുമെന്ന സൂചന ലഭിച്ചിരിക്കുന്നത്. ഐ. എ. എസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്താൽ അതിന് ശേഷം കേന്ദത്തിലും ചീഫ് സെക്രട്ടറിയെയും അറിയിക്കണമെന്നേയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസും വ്യക്തമാക്കിയതോടെ ഏത് ഏജൻസിയാണ് ആദ്യം ഇടപെടുകയെന്ന ആകാംക്ഷയാണ് ഇനിയുള്ളത്. കസ്റ്റഡിയിലെടുത്ത് കൊച്ചിയിൽ കൊണ്ടുപോയി പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകാനാണ് സാദ്ധ്യത.

അതേസമയം, സ്വപ്നയെയും സന്ദീപിനെയും എൻ.ഐ.എ ഇന്നലെ തിരുവനന്തപുരത്തെത്തിച്ച് ശിവശങ്കർ ഏർപ്പാടാക്കിയ സ്റ്റാച്യുവിലെ ഫ്‌ളാറ്റിലടക്കം എട്ടിടത്ത് തെളിവെടുത്തു. സ്വർണക്കടത്തിന്റെ ഗൂഢാലോചന ഈ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു. സ്വർണം ഒളിപ്പിച്ചതും ഇവിടെയാണെന്നാണ് പ്രതികളുടെ മൊഴി.

തെളിവെടുപ്പിനു ശേഷം ചോദ്യംചെയ്തപ്പോഴാണ് ശിവശങ്കറിന്റെ കുരുക്ക് മുറുക്കുന്ന മൊഴികൾ സ്വപ്ന നൽകിയത്. ഔദ്യോഗിക സംവിധാനങ്ങൾ സ്വർണക്കടത്തിന് ഉപയോഗിച്ചെന്നും സ്വപ്ന വെളിപ്പെടുത്തിയതോടെ ശിവശങ്കറിനെ ഉടൻ ചോദ്യംചെയ്യേണ്ട സാഹചര്യമായി. ഇനി കടുത്ത നടപടികളിലേക്ക് എൻ.ഐ.എയ്ക്കും കസ്റ്റംസിനും കടക്കാം. ഒമ്പതര മണിക്കൂർ നീണ്ട കസ്റ്റംസിന്റെ ആദ്യ ചോദ്യം ചെയ്യൽ സൗഹാർദ പരമായിരുന്നു. ശാസ്ത്രീയവും മനശാസ്ത്രപരവുമായ രീതികളൊക്കെ ഉൾപ്പെടുത്തിയുള്ളതാവും എൻ.ഐ.എയുടെ ചോദ്യം ചെയ്യൽ. ഇത് ദിവസങ്ങൾ നീളാം.

സ്വപ്നയുടെ ഒരു ഫോണിലെ വിളികൾ മാത്രമാണ് പുറത്തു വന്നത്. നാല് സിംകാർഡുകൾ കൂടി ഉപയോഗിച്ചിരുന്നെന്നാണ് കണ്ടെത്തൽ. ഉന്നതരുമായുള്ള വിളികളാണ് ഈ നമ്പരുകളിലുള്ളത്. ഫോണിലെ കാൾ വിവരങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ചോദ്യംചെയ്യലിലാണ് സ്വപ്നയും സരിത്തും ശിവശങ്കറിനെതിരെയടക്കമുള്ള വിവരങ്ങൾ കസ്റ്റംസിന് നൽകിയത്. സന്ദീപിന്റെ വീട്ടിൽ ഒളിച്ചുവച്ചിരുന്ന രണ്ട് ഫോണുകൾ എൻ.ഐ.എ പിടിച്ചെടുത്തിരുന്നു. ഇതിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്നറിയുന്നു. കസ്റ്റംസ് പിടിച്ചെടുത്ത ശിവശങ്കറിന്റെ ഫോണിലെ മായ്ച്ചു കളഞ്ഞ ഡാറ്റ വീണ്ടെടുക്കാൻ സി-ഡാക്കിന്റെ സഹായം തേടിയിട്ടുണ്ട്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എയും കസ്റ്റംസും ഇതുവരെ അറസ്റ്റു ചെയ്തത് 15 പേരെയാണ്. സ്വർണം വാങ്ങുകയും സ്വർണക്കടത്തിന് പണം നിക്ഷേപിക്കുകയും ചെയ്ത മലപ്പുറം കോട്ടയ്ക്കൽ വലക്കുളം പട്ടത്തോടിൽ പി.ടി. അബ്ദു (45), കോഴിക്കോട് അരക്കിണർ ഹെസ ജുവലറി പാർട്ണർമാരായ കൊടുവള്ളി മാനിപുരം കൈവേലിക്കൽ കെ.വി. മുഹമ്മദ് അബ്ദു ഷമീം (26), വട്ടക്കിണർ കൊങ്കിണിപ്പറമ്ബ് ജാസ്മഹലിൽ സി.വി. ജിഫ്സൽ (39) എന്നിവരെ കസ്റ്റംസ് ഇന്നലെ അറസ്റ്റു ചെയ്തു. ജുവലറിയിൽ നിന്ന് 3.72 കിലോഗ്രാം സ്വർണം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.