
തേർഡ് ഐ ബ്യൂറോ
കൊച്ചി: തമിഴ്‌നാട്ടിൽ നിന്നും ഏത്തക്കുലകളും വാഴയിലയും ഓണക്കാലത്ത് എത്തുന്നത് കാത്താണ് മുൻ വർഷങ്ങളിൽ മലയാളികൾ കഴിഞ്ഞിരുന്നത്. മലയാളികളുടെ ആഘോഷത്തീയതികൾ ഓർത്തു വച്ചു കച്ചവടം നടത്തുന്ന ഒരു കാലമായിരുന്നു തമിഴ്‌നാട്ടുകാർക്കും ഉണ്ടായിരുന്നത്. എന്നാൽ, കൊവിഡ് എത്തിയതോടെ ആഘോഷങ്ങളുടെ ചിട്ടവട്ടങ്ങളെല്ലാം മാറി. കല്യാണവും ഓണ സദ്യയും എല്ലാം ഇക്കുറി ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
കർക്കിടകത്തിൽ വിളയിട്ട്, ചിങ്ങത്തിൽ കേരളത്തിലേയ്ക്കു എത്താൻ കാത്തു നിന്നിരിക്കുന്ന ഏത്തവാഴകളും, വാഴക്കൈകളും വെട്ടി തോട്ടിൽ കളയുകയാണ് ഇക്കുറി തമിഴ്‌നാട്ടുകാർ. കോവിഡ് മൂലം വിവാഹസൽക്കാരങ്ങൾ ഇല്ലാതായതോടെ മലയാളി സദ്യ വിളമ്പിയിരുന്ന വാഴയിലയ്ക്ക് ആവശ്യക്കാരില്ലാതായി. ഇല വിൽപ്പന നിലച്ചതിനാൽ കേരള വിപണിമാത്രം ലക്ഷ്യമിട്ടു നട്ടുനനച്ച വാഴത്തോപ്പുകൾക്കു തമിഴ്നാട്ടിലെ കർഷകർ തീയിട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൗജന്യമായി നൽകിയിട്ടുപോലും ഇല വാങ്ങാൻ ആളില്ലാത്തതിനാലാണ് തോപ്പുകൾക്ക് തീയിടുന്നതെന്ന് കോയമ്ബത്തൂർ മാതംപെട്ടിയിലെ വാഴയില കർഷകൻ നടരാജ്(52) പറഞ്ഞു. ഇവിടെ മൂന്നേക്കറിലാണ് നടരാജിന്റെ വാഴയിലത്തോട്ടം. മുപ്പതുവർഷമായി വാഴയില കൃഷി ചെയ്യുന്ന നടരാജ് ഇലയും വാഴനാരും പൂർണമായും കേരളത്തിലേക്കാണു കയറ്റിവിട്ടിരുന്നത്.
വിവാഹസീസണിൽ ഏക്കറിന് മാസം എൺപതിനായിരം രൂപയോളം വരുമാനമുണ്ടാകും.ഹോട്ടലുകളിലേക്കും ആവശ്യമുള്ളതിനാൽ മാസം കുറഞ്ഞത് പതിനായിരംരൂപ കിട്ടും. ഇപ്പോൾ വാഴയിലയ്ക്ക് തീർത്തും ആവശ്യമില്ലാതായി.
ഇല വെറുതെ കൊണ്ടുപോകാൻ പോലും ആരും വരാതായതോടെ മണ്ണെണ്ണയും പെട്രോളും ഒഴിച്ച് തോപ്പിന് തീയിട്ടു. ആറുമാസം വളർച്ചയെത്തിയ വാഴയിൽനിന്നാണ് ഇല മുറിച്ചെടുക്കുക. ഇതിനകം തൊഴിലാളികളുടെ കൂലി ഉൾപ്പെടെ കൃഷിക്കായി ഏഴുലക്ഷത്തോളം രൂപ ചെലവഴിച്ചു.
ഇനി നിലം ഉഴുതുമറിച്ചിടണം.
കോവിഡിന് ശേഷം വിപണി ഉണർന്നാലെ വാഴയില കൃഷി പുനരാരംഭിക്കാനാവു. ഇലവാഴ മാത്രമല്ല നേന്ത്രൻ ഉൾപ്പെടെയുള്ള വാഴപ്പഴങ്ങളുടെ കാര്യത്തിലും കേരള വിപണി ലക്ഷ്യമിട്ടിരുന്ന തമിഴ്നാട്ടിലെ കർഷകരുടെ സ്ഥിതി വ്യത്യസ്തമല്ല. കോയമ്പത്തൂർ തൊണ്ടാംമുത്തൂരിലെ മുന്തിരിത്തോപ്പുകളിൽ ഇപ്പോൾ പക്ഷികൾക്ക് കുശാലാണ്. മുന്തിരി വിൽപ്പന നിലച്ചതോടെ ഇവിടെ പക്ഷികളെത്തി മുന്തിരിക്കുലകൾ തിന്നുകയാണെന്നു കർഷകർ പറഞ്ഞു.