
സ്വന്തം ലേഖകൻ
കോട്ടയം: മനഃപൂർവ്വം കുടുക്കുന്നതിനായി വീട്ടിൽ ചാരായം കൊണ്ടുവച്ച് പിടിപ്പിച്ചുവെന്ന വ്യാപാരിയുടെ പരാതിയെ തുടർന്ന് കോട്ടയം ജില്ലയിലെ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം.
സംഭവുമായി ബന്ധപ്പെട്ട് കടുത്തുരുത്തി എക്‌സൈസ് ഇൻസ്‌പെക്ടറെയും കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറെയുമാണ് സ്ഥലം മാറ്റിയത്. വിശദമായ അന്വേഷണത്തിനായി കേസ് എക്‌സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിൽ ചാരായം കൊണ്ടുവച്ച് പിടിപ്പിച്ചുവെന്ന കോതനല്ലൂരിലെ വ്യാപാരി നെല്ലിത്താനത്ത് കാലായിൽ ജോർജ്കുട്ടി സേവ്യറിന്റെ പരാതിയിലാണ് എക്‌സൈസ് ഉദ്യേഗസ്ഥരെ സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥരിൽ ഒരാളെ കാലടി റേഞ്ചിലേക്കും മറ്റൊരു ഉദ്യോഗസ്ഥനെ ആലപ്പുഴയിലേക്കുമാണ് മാറ്റിയത്.
കഴിഞ്ഞ ഫെബ്രുവരി 24നാണ് കേസിനാസ്പദമായ സംഭവം. രഹസ്യവിവരത്തെ തുടർന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ ജോർജ്കുട്ടിയുടെ വീട്ടിലെത്തിയത്. ഈ പ്രദേശം കടുത്തുരുത്തി റേഞ്ചിന്റെ പരിധിയിലായതിനാൽ അവരെ വിവരം അറിയിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ജോർജ്ജുകുട്ടിയുടെ വീടിനുള്ളിൽനിന്ന് 2.4 ലിറ്റർ ചാരായം കണ്ടെടുത്തു. തുടർന്ന് ജോർജ്കുട്ടിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. എന്നാൽ തന്നെ കുടുക്കാൻ ആരോ മന:പൂർവം ചാരായം വീടിനുള്ളിൽ വച്ചുവെന്നാണ് ജോർജുകുട്ടി പറയുന്നത്.
കേസിൽ ജാമ്യത്തിലിറങ്ങിയ ജോർജുകുട്ടി കടുത്തുരുത്തി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർക്ക് പരാതി നൽകുകയായിരുന്നു. താൻ മദ്യപിക്കുന്ന ആളല്ലെന്നും തന്നോട് വിരോധമുള്ളവർ ആരോ ചതിച്ചതാണെന്ന് താൻ പറഞ്ഞിരുന്നു. എന്നിട്ടും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് ഇയാൾ പരാതിയിൽ പറയുന്നത്.
എന്നാൽ കേസിൽ എക്‌സൈസ് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാനാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതെന്നാണ് എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.