അച്ഛൻ മാസ്‌ക് ധരിച്ചില്ല: എണ്ണവീണു പൊള്ളിയ കുട്ടിയ്ക്ക് ആശുപത്രി ചികിത്സ നിഷേധിച്ചതായി പരാതി; പരാതി ഉയർന്നത് കല്ലുപുരയ്ക്കൽ കസ്തൂർബാ ആശുപത്രിയ്‌ക്കെതിരെ
തേർഡ് ഐ ബ്യൂറോ
കോട്ടയം: അച്ഛൻ മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് തിളച്ച എണ്ണ വീണ് മുഖം പൊള്ളിയ കുട്ടിയ്ക്ക് ആശുപത്രി ചികിത്സ നിഷേധിച്ചതായി പരാതി. തിരുവാതുക്കൽ കല്ലുപുരയ്ക്കൽ പ്രവർത്തിക്കുന്ന കസ്തൂർബാ ആശുപത്രിയ്‌ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. തിരുവാതുക്കൽ കല്ലുപുരയ്ക്കൽ താമസിക്കുന്ന യുവാവിന്റെ ഏഴു വയസുള്ള ആൺകുട്ടിയുടെ മുഖത്താണ് എണ്ണ വീണ് പൊളളിയത്. കുട്ടിയും അമ്മയും 11 കാരിയായ സഹോദരിയും അടുക്കളയിൽ നിൽക്കുകയായിരുന്നു. ഇതിനിടെ സഹോദരിയുടെ കൈ തട്ടി, എണ്ണ തിളപ്പിച്ചു വച്ചിരുന്ന പാത്രം മറിയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയുടെ മുഖത്തും, കണ്ണിനു മുകളിലും, ശരീരത്തിന്റെ പലഭാഗങ്ങളിലും എണ്ണ വീണ് പൊള്ളി. 11 കാരിയായ സഹോദരിയുടെ കാലിലും എണ്ണ വീണു. ഭയന്നു പോയ കുട്ടിയുടെ അമ്മ നിലവിളിച്ചതോടെ ഓടിയെത്തിയ അച്ഛൻ കുട്ടിയെയുമെടുത്ത് കല്ലുപുരയ്ക്കൽ തന്നെയുള്ള കസ്തൂർബാ ആശുപത്രിയിൽ എത്തി.
കുട്ടിയ്ക്കു പൊള്ളലേറ്റതിന്റെ വെപ്രാളത്തിൽ കുട്ടിയുടെ അച്ഛന്റെ മുഖത്ത് നിന്നും മാസ്‌ക് താഴേയ്ക്കു ഇറങ്ങിയിരുന്നു. കുട്ടിയ്ക്കു പൊള്ളലേറ്റതിന്റെ പരിഭ്രാന്തിയിൽ ഈ മാസ്‌ക് നേരെ വെയ്ക്കാൻ അച്ഛന് സാധിച്ചില്ല. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെയുമായി ആശുപത്രിയിൽ എത്തിച്ച അച്ഛൻ മാസ്‌ക് ധരിച്ചില്ലന്നാരോപിച്ച് ഈ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ചികിത്സ നിഷേധിച്ചെന്നായിരുന്നു പരാതി.
കുട്ടിയുടെ അച്ഛൻ മാസ്‌ക് ധരിക്കാതെ എത്തിയതായി ആരോപിച്ച ഡോക്ടർ, കുട്ടിയെ മാറ്റി നിർത്തി ചികിത്സ നൽകാനാവില്ലെന്നു അറിയിക്കുകയായിരുന്നു. അച്ഛൻ ഡോക്ടറുടെ പേര് ചോദിച്ചെങ്കിലും ഇയാൾ പറയാൻ തയ്യാറായില്ല. തുടർന്നു കുട്ടിയെയുമായി പുത്തനങ്ങാടി കുരിശുപള്ളിയ്ക്കു സമീപത്തെ ആശുപത്രിയിൽ എത്തി. ഇവിടെ നിന്നും കുട്ടിയ്ക്കു ചികിത്സ ലഭിക്കുകയും ചെയ്തു.
കുട്ടിയുടെ ചികിത്സയിൽ വീഴ്ച വരുത്തിയ കല്ലുപുരയ്ക്കൽ കസ്തൂർബാ ഹോസ്പിറ്റലിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.