
പെട്രോൾ ഡീസൽ വില വർദ്ധന: വെള്ളിയാഴ്ച സംസ്ഥാന മോട്ടോർ വാഹന പണിമുടക്ക്; പണിമുടക്കിന് ഒരുങ്ങി സംയുക്ത സമര സമിതി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില ഓരോ ദിവസവും ക്രമാതീതമായി വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതി പ്രതിഷേധത്തിലേയ്ക്ക്. പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ വെള്ളിയാഴ്ച മോട്ടോർ തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം നടക്കുക.
വെള്ളിയാഴ്ച രാവിലെ ആറു മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടു മണിവരെയാണ് മോട്ടോർ തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുന്നത്. ഓട്ടോറിക്ഷകൾ, ടാക്‌സികൾ, സ്വകാര്യ ബസുകൾ, മറ്റു മോട്ടോർ വാഹനങ്ങൾ എന്നിവർ സമരത്തിൽ പങ്കെടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്രോളിയം ഉത്പ്ന്നങ്ങളുടെ വിലക്കയറ്റം തടയുക, ഓട്ടോ ടാക്‌സി ചാർജ് വർദ്ധിപ്പിക്കുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങൾക്കു സബ്‌സിഡി നിരക്കിൽ നൽകുക, പെട്രോളും ഡീസലും ജി.എസ്.ടി പരിധിയിൽ കൊണ്ടു വരിക, പെട്രോൾ ഡീസൽ വില വർദ്ധന പിൻവലിക്കുക, ഓട്ടോ ടാക്‌സി നിരക്ക് കാലോചിതമായി പുതുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
ലോക്ക് ഡൗണിനു ശേഷം രാജ്യം ചലിച്ചു തുടങ്ങിയപ്പോൾ തുടർച്ചയായ 20 ദിവസമാണ് പെട്രോൾ ഡീസൽ വില എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്. ഇതേ തുടർന്ന് രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ദുസഹമായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ മോട്ടോർ വാഹനങ്ങൾ പണിമുടക്ക് നടത്താനൊരുങ്ങുന്നത്.