play-sharp-fill
കൊവിഡ് സമൂഹ വ്യാപന ഭീതി കോട്ടയത്തും: സമൂഹ വ്യാപന സാധ്യതയില്ലെന്നുറപ്പാക്കാൻ ജില്ലയിൽ കർശന നടപടി: പരിശോധനയും നിയന്ത്രണവും കർശനമാക്കാൻ തീരുമാനം

കൊവിഡ് സമൂഹ വ്യാപന ഭീതി കോട്ടയത്തും: സമൂഹ വ്യാപന സാധ്യതയില്ലെന്നുറപ്പാക്കാൻ ജില്ലയിൽ കർശന നടപടി: പരിശോധനയും നിയന്ത്രണവും കർശനമാക്കാൻ തീരുമാനം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോവിഡ് 19 ബാധിതരുടെ എണ്ണം ജില്ലയിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ സമൂഹ വ്യാപനം പ്രതിരോധിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. രോഗമുക്തരായി വീടുകളിലേക്ക് മടങ്ങുന്നവരും ക്വാറൻറയിൻ നിർദേശിക്കപ്പെട്ടവരും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് നിരീക്ഷണം ശക്തമാക്കും.

ആശുപത്രികളിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നവർ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുള്ള ഹോം ക്വാറൻറയിൻ പൂർത്തിയാക്കേണ്ടതുണ്ട്. സ്വകാര്യ വാഹനങ്ങളിൽ ആശുപത്രികളിൽനിന്ന് പോകുന്നവർ യാത്രയിലും വീടുകളിൽ എത്തിയ ശേഷവും മറ്റുള്ളവരുമായി സമ്പർക്കം പുലർത്താൻ പാടില്ല. ഹോം ക്വാറൻറയിൻ നിർദേശിക്കപ്പെട്ടിട്ടുള്ളവർ ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. വാർഡ്തല നിരീക്ഷണ സമിതികൾ ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എം. അഞ്ജനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർക്കറ്റുകളിൽ രോഗം പകരാനുള്ള സാധ്യത ഒഴിവാക്കുന്നതിന് മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ലോറി ഡ്രൈവർമാർ, ക്ലീനർമാർ തുടങ്ങിയവരുമായി വ്യാപാരികളും ചുമട്ടു തൊഴിലാളികളും അടുത്ത സമ്പർക്കം പുലർത്തുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ ക്രമീകരണം ഏർപ്പെടുത്തണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളും പോലീസ്, റവന്യു, ഫിഷറീസ് വകുപ്പുകളും ചേർന്ന് പരിശോധനകൾ നടത്തണം. ഓരോ മാർക്കറ്റിൻറെയും സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രവർത്തന മാനദണ്ഡങ്ങൾ തയ്യാറാക്കി അതനുസരിച്ചുള്ള നടപടികൾ ഉറപ്പാക്കുന്നതിന് തഹസിൽദാർമാർ നേതൃത്വം നൽകും.

മത്സ്യമാർക്കറ്റുകളിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തും. ഇതുസംബന്ധിച്ച് മാർക്കറ്റുകൾ പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ മൂന്ന് മുനിസിപ്പാലിറ്റികളിലും നാലു ഗ്രാമപഞ്ചായത്തുകളിലുമാണ് മത്സ്യ മാർക്കറ്റുകൾ ഉള്ളത്. വൈക്കം കോലോത്തുംകടവ് മാർക്കറ്റിനുവേണ്ടി നഗരസഭയും പോലീസും ചേർന്ന് തയ്യാറാക്കിയിട്ടുള്ള മുൻകരുതൽ സംവിധാനം മാതൃകയാക്കിയാണ് മറ്റു മത്സ്യ മാർക്കറ്റുകളിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തുക.

സർക്കാർ നിർദേശമനുസരിച്ച് എല്ലാ ബ്ലോക്കുകളിലും രോഗബാധിതരുടെ പ്രാഥമിക പരിചരണത്തിനുള്ള കേന്ദ്രങ്ങൾ(കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻറർ-സി.എഫ്.എൽ.ടി.സി) ആരംഭിക്കും. ലക്ഷണങ്ങൾ ഇല്ലാത്തവരും ഗുരുതരമല്ലാത്ത ലക്ഷണങ്ങളുള്ളവരുമായ രോഗികളെയാണ് ഇത്തരം കേന്ദ്രങ്ങളിൽ താമസിപ്പിക്കുക.

നിലവിൽ പാലാ ജനറൽ ആശുപത്രിയിലെ പുതിയ ബ്ലോക്ക്, മുട്ടമ്പലം സർക്കാർ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, അകലക്കുന്നം കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻറ് ആർട്‌സ് എന്നീ സി.എഫ്.എൽ.ടി.സികളിലാണ് രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളത്.
ഇതിനു പുറമെ പ്രാഥമിക പരിചരണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് നിരവധി സ്ഥാപനങ്ങളിൽ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു. മാനസിക ആരോഗ്യ പ്രശ്‌നങ്ങളുള്ള രോഗബാധിതർക്കായി പ്രത്യേക കേന്ദ്രങ്ങൾ സജ്ജമാക്കും.

ദുരന്ത നിവാരണ അതോറിറ്റി കോ-ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പോലീസ് മേധാവി ജി. ജയദേവ് , എ.ഡി.എം അനിൽ ഉമ്മൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എൻ. വിദ്യാധരൻ , ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജില്ലാ ഫയർ ഓഫീസർ കെ.ആർ. ഷിനോയ് , ജില്ലാ സപ്ലൈ ഓഫീസർ സി.വി. മോഹനകുമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു