സ്വന്തം ലേഖകൻ
ചെന്നൈ: തൂത്തുക്കുടിയിലെ കസ്റ്റഡി കൊലപാതകത്തില്‍ പ്രതികരണവുമായി നടന്‍ രജനികാന്ത് രംഗത്ത്. തൂത്തുക്കുടി കൊലപാതകത്തില്‍ ഉള്‍പ്പെട്ട എല്ലാ പൊലീസുകാരുടെയും ശിക്ഷ ഉറപ്പാക്കണമെന്നും രജനികാന്ത് ആവശ്യപ്പെട്ടു.
‘തൂത്തുക്കുടിയില്‍ അച്ഛനെയും മകനെയും ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതും, മജിസ്‌ട്രേറ്റിനെ കേസന്വേഷിക്കുന്നതില്‍ നിന്ന് തടയാന്‍ ശ്രമിച്ചതും ഒരു പോലെ നടുക്കമുണ്ടാക്കുന്നതാണ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ട എല്ലാ പൊലീസുകാര്‍ക്കും ശിക്ഷ ഉറപ്പാക്കണമെന്നും താരം ട്വീറ്റ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൂത്തുക്കുടിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന പേരില്‍ അച്ഛനെയും മകനെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെതിര പ്രതിഷേധം ശക്തമായിരുന്നു.
സിനിമാ-രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ സംഭവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രജനീകാന്ത് ആദ്യമായാണ് വിഷയത്തില്‍ പ്രതികരിക്കുന്നത്. അതേസമയം പൊലീസ് കസ്റ്റഡിയിൽ മരിച്ച അച്ഛനും മകനും ഒരു രാത്രി മുഴുവൻ ക്രൂരമായ മർദ്ദനത്തിന് ഇരയായി എന്നാണ് ജുഡീഷ്യൽ റിപ്പോർട്ട്. ഇരുവരും നേരിടേണ്ടി വന്ന പീഡനങ്ങൾക്ക് വ്യക്തമായ തെളിവുണ്ടെന്ന് നാല് പേജ് വരുന്ന റിപ്പോർട്ടിൽ പറയുന്നു. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും മജിസ്ട്രേറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കി.
ജൂൺ 19നാണ് ജയരാജിനെയും ബെനിക്സിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്ക് ഡൗൺ ഇളവു സമയം കഴിഞ്ഞും വ്യാപാര സ്ഥാപനം തുറന്ന് പ്രവർത്തിച്ചു എന്ന കേസിലാണ് ഇരുവരും അറസ്റ്റിലായത്. ലോക്കപ്പിനുള്ളിൽ മർദ്ദനത്തിന് ഇരയായ ഇവർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.