തേർഡ് ഐ ബ്യൂറോ
കോട്ടയം: ക്വാറന്റൈൻ കേന്ദ്രം സർക്കാർ ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് ഉടമ പൈപ്പിന്റെ വാൽവ് അടച്ചു പൂട്ടിയതോടെ ക്വാറന്റൈൻ കേന്ദ്രത്തിലെ താമസക്കാർ ദുരിതത്തിൽ. മള്ളൂശേരി പുല്ലരിക്കുന്നിലെ സ്നേഹനിലയം എന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ ക്വാറന്റൈനിൽ കഴിയുന്നവരാണ് ഉടമയുടെ അനാസ്ഥയിൽ ദുരിതത്തിലായത്. പ്രാഥമിക ആവശ്യങ്ങൾക്കു പോലും വെള്ളമില്ലാതെ വന്നതോടെ സാധാരണക്കാരായ ഇവരുടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലായി.
തിങ്കളാഴ്ചയാണ് വിദേശത്തു നിന്നെത്തിയ ആറു പേരെയും, ഡൽഹിയിൽ നിന്നെത്തിയ ഒരാളെയും മള്ളൂശേരിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കളക്ടറാണ് സ്നേഹനിലയം ക്വാറന്റൈൻ കേന്ദ്രമാക്കുന്നതിനായി ഏറ്റെടുത്തത്. എന്നാൽ, കെട്ടിടം വിട്ടു നൽകുന്നതിൽ താല്പര്യമില്ലായിരുന്ന കെട്ടിടം ഉടമകളാണ് ഇപ്പോൾ ക്വാറന്റൈനിൽ കഴിയുന്നവരുടെ വെള്ളംകുടി മുട്ടിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ ഏതോ വാൽവ് അടച്ചു പൂട്ടിയതിനാലാണ് ഇത്തരത്തിൽ ക്വാറന്റൈനിൽ കഴിയുന്നവർക്കു വെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെയാണ് പ്രാഥമിക ആവശ്യങ്ങൾക്കു പോലും ഇവിടെ നിന്നും വെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടാകുകയും ചെയ്തു. ആദ്യം ഇവിടെ താമസിച്ചിരുന്നവർ, ഇതിനെതിരെ ഫെയ്സ്ബുക്കിൽ ലൈവ് ഇട്ട് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇവിടെ നഗരസഭയുടെ വെള്ളവും, കുഴൽക്കിണറും ഉണ്ട്. ഇതിൽ നിന്നെല്ലാം വെള്ളം ടാങ്കിൽ എത്തുമെന്നിരിക്കെയാണ് ഇപ്പോൾ ആളുകളെ പരിഹസിക്കുന്ന രീതിയിൽ വെള്ളത്തിന്റെ വിതരണം നിലച്ചിരിക്കുന്നത്. ഇത് ഉടമ അറിഞ്ഞു തന്നെയാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാൽ, വെള്ളം ലഭിക്കുന്നില്ലാത്തതിനു പരിഹാരം കാണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടെങ്കിലും സൗകര്യം കുറവാണെങ്കിൽ മാറി താമസിക്കുന്നതാണ് നല്ലതെന്ന മറുപടിയാണ് സ്നേഹനിലയം അധികൃതർ നൽകിയത്.
നിലവിൽ താമസിക്കാർക്കുള്ള കുടിവെള്ളവും ഭക്ഷണവും എത്തിക്കുന്നത് നഗരസഭയിൽ നിന്നാണ്.