കൊറൊണ സമ്പർക്ക ഭീതിയിൽ കേരളം: ഉറവിടം കണ്ടെത്താനാവാത്ത രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; സംസ്ഥാന സാമൂഹ്യ വ്യാപനത്തിലേയ്ക്ക്; രോഗികളുടെ എണ്ണം അയ്യായിരത്തിലേയ്ക്ക്

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: രാജ്യത്തും ലോകത്തും ഏറ്റവും സുരക്ഷിതമായ സംസ്ഥാനം കേരളമാണെന്നായിരുന്നു ഈ കൊറോണക്കാലത്തെ ഏറ്റവും വലിയ വിശ്വാസം. സമൂഹ ്‌വ്യാപനവും സമ്പർക്കത്തിലൂടെയുള്ള രോഗവും കേരളത്തിൽ തീരെ കുറവുമായിരുന്നു. എന്നാൽ, സ്ഥിതി ഗതികൾ ഏതാണ്ട് കൈവിട്ടു പോകുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്.

സംസ്ഥാനത്ത് ക്വാറന്റീൻ ഇളവുകൾ കൂടുമ്പോൾ വിമാനത്തിൽ വരുന്നവരും തീവണ്ടിയിൽ എത്തുന്നവരും നേരെ വീട്ടിലേക്ക് പോകുകയാണ്. ഇത് ഗുരുതരമായ സ്ഥിതിയാണ് ഉണ്ടാക്കുന്നതെന്നാണ് വിമർശനം. രോഗലക്ഷ്ണമില്ലാത്തവർക്ക് പോലും കൊറോണ സ്ഥിരീകരിക്കുന്നു. ഇതോടെ രോഗ വ്യാപനം കൂടുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരവും തൃശൂരും മലപ്പുറത്തും വ്യാപന സാധ്യത കൂടുതലാണ്. മലപ്പുറത്ത് സ്വകാര്യ ആശുപത്രികളിലെ 2 ഡോക്ടർമാർക്കും 3 നഴ്സുമാർക്കും സമ്ബർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു കണ്ടക്ടർക്കു കോവിഡ് സ്ഥിരീകരിച്ചതോടെ കെഎസ്ആർടിസി ഗുരുവായൂർ ഡിപ്പോ താൽക്കാലികമായി അടച്ചു. ചാലക്കുടി നഗരസഭയിലെ വനിതാ കൗൺസിലർക്കു രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് തൃക്കണ്ണാപുരത്തുകാരന്റേയും വള്ളക്കടവുകാരന്റേയും സമ്പർക്ക പട്ടിക വിപുലമാണ്.

സമ്പർക്ക വ്യാപനം കുറഞ്ഞെന്ന സർക്കാരിന്റെ വാദം തള്ളി വിദഗ്ധരും രംഗത്ത വരുന്നു. സമ്പർക്ക പട്ടികയിൽ രോഗലക്ഷണം പ്രകടിപ്പിച്ചവർക്കു മാത്രമായി പരിശോധന കുറച്ചതോടെയാണു എണ്ണം കുറഞ്ഞത്. ഇവിടെനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്നവരിൽ രോഗം സ്ഥിരീകരിക്കുന്നത് സമ്പർക്ക വ്യാപന സൂചനയാണെന്നും വിദഗ്ദ്ധർ പറയുന്നു. മെയ് 4 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിലെ 499 രോഗികളിൽ 165 പേർക്കും സമ്ബർക്കം വഴിയായിരുന്നു കോവിഡ് 33%.

ഇപ്പോൾ സമ്പർക്ക രോഗികൾ 11.82% ആയി കുറഞ്ഞെന്നാണു സർക്കാരിന്റെ വാദം. ഇതിൽ കാര്യമില്ലെന്നും സമ്പർക്കത്തിലൂടെ രോഗം എത്താനുള്ളവരുടെ പരിശോധന കുറഞ്ഞെന്നുമുള്ള ആരോപണം ഗൗരവമുള്ളതാണ്.

കേരളത്തിലെ രോഗികളിൽ 62% പേരും ലക്ഷണം പ്രകടിപ്പിക്കാത്തവരാണെന്ന് ആരോഗ്യ വകുപ്പ് തന്നെ ചൂണ്ടിക്കാട്ടുന്നു. സമ്പർക്ക പട്ടികയിലുള്ളവർക്കു ലക്ഷണങ്ങളില്ലെന്ന പേരിൽ പരിശോധന ഒഴിവാക്കുന്നത് സമൂഹ വ്യാപന സാധ്യത കൂട്ടും. തിരുവനന്തപുരത്തും തൃശൂരിലും മലപ്പുറത്തും കോവിഡ് പടരാൻ കാരണം ഇത്തരം രോഗികളുടെ സാന്നിധ്യമാണെന്ന വിലയിരുത്തൽ സജീവമാണ്. പ്രവാസികൾക്ക് ക്വാറന്റീനും ഇല്ല. വിമാനം ഇറങ്ങുന്നവർക്കെല്ലാം ഇനി നേരിട്ട് വീട്ടിൽ പോകാം. വീട്ടിലാണ് നിരീക്ഷണം. എന്നാൽ പലരും ഇത് തെറ്റിക്കുന്നു. രോഗ ലക്ഷണമില്ലാത്ത വൈറസ് വാഹകർ വലിയ തോതിൽ രോഗ വ്യാപനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

മലപ്പുറത്ത് എടപ്പാളിലെ ആശുപത്രിയിലെ ഡോക്ടർക്കും നഴ്സിനും സമീപപ്രദേശമായ ശുകപുരത്തെ ആശുപത്രിയിലെ ഡോക്ടർക്കും 2 നഴ്സുമാർക്കുമാണു കോവിഡ് സ്ഥിരീകരിച്ചത്. ഇവർ 25 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ശുകപുരത്തെ ആശുപത്രി അടച്ചു. വട്ടംകുളം, എടപ്പാൾ, ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകൾ പൂർണമായും പൊന്നാനി നഗരസഭയിൽ 47 വാർഡുകളും കണ്ടെയ്‌ന്മെന്റ് സോണുകളായി. 1500 പേർക്കു റാൻഡം പരിശോധന നടത്തും. എടപ്പാളിൽ 2 ദിവസത്തിനിടെ 11 രോഗികളായി. ബാങ്ക് ഉദ്യോഗസ്ഥ, ഓട്ടോ ഡ്രൈവർ, കുടുംബശ്രീ പ്രവർത്തക, കെഎസ്ആർടിസി കണ്ടക്ടർ എന്നിവരടക്കം പത്തും സമ്ബർക്കരോഗികൾ. ഇതാണ് മലപ്പുറത്തെ ആശങ്കയിലാക്കുന്നത്.

ഇവരിൽ കെഎസ്ആർടിസി കണ്ടക്ടർ ഗുരുവായൂർ ഡിപ്പോയിൽ നിന്ന് 15നും 22നും പട്ടാമ്പി വഴി പാലക്കാട്ടേക്കു പോയ ബസിലും 25നു ചാവക്കാട് വഴി തൃശൂരെത്തി വൈറ്റിലയ്ക്കു പോയ ബസിലും ഡ്യൂട്ടി ചെയ്തിരുന്നു. യാത്രക്കാരുടെ സമ്പർക്കപ്പട്ടിക തയാറാക്കുന്നു. 22 ജീവനക്കാർ നിരീക്ഷണത്തിലാണ്. കണ്ടക്ടർ പ്രാർത്ഥനയ്ക്കെത്തിയ വട്ടംകുളത്തെ ജുമാ മസ്ജിദ് അടച്ചു. പള്ളിയിലുണ്ടായിരുന്ന 60 പേർ നിരീക്ഷണത്തിലാണ്. ചാലക്കുടിയിലെ കൗൺസിലറുടെ വീട്ടിൽ സഹോദരി കഴിഞ്ഞദിവസമെത്തിയപ്പോൾ പനിയും തൊണ്ടവേദനയുമുണ്ടായിരുന്നു.

സംസ്ഥാനത്ത് ഇന്നലെ 118 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. 14 പേർക്കു സമ്ബർക്കത്തിലൂടെയാണു രോഗം. 42 പേർ രോഗമുക്തരായി. നിലവിൽ ചികിത്സയിലുള്ളതു 2015 പേർ. പുതിയ രോഗികളിൽ 68 പേർ വിദേശത്തു നിന്നും 36 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.