
കോട്ടയത്ത് കോവിഡിനിടെ ആനക്കാര്യം : ജില്ലയിൽ മാത്രം ആനകൾക്കും പശുക്കൾക്കും ഭക്ഷണം നൽകാൻ സർക്കാർ ചിലവിട്ടത് 30.89 ലക്ഷം രൂപ
സ്വന്തം ലേഖകൻ
കോട്ടയം : കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആനകൾക്കും പശുക്കൾക്കും ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാൻ കോട്ടയം ജില്ലയിൽ മൃഗ സംരക്ഷണ വകുപ്പ് ചിലവിട്ടത് 30.89 ലക്ഷം രൂപയാണ്.
ക്വാറന്റൈനിൽ കഴിയുന്നവരുടെ ഉടമസ്ഥതയിലുള്ള 892 പശുക്കൾക്ക് 24.97 ലക്ഷം രൂപ ചിലവിട്ട് നാൽപ്പത് ദിവസത്തേക്കുള്ള കാലിത്തീറ്റയും വർഷ കാല സുഖ ചികിത്സ കൂടി ലക്ഷ്യമിട്ട് ആനകൾക്കായി 5.92 ലക്ഷം രൂപയുടെ ആഹാര സാധനങ്ങളുമാണ് വിതരണം ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതിയിൽ ഉൾപ്പെട്ട ഓരോ പശുവിനും 2800 രൂപയുടെ തീറ്റ വീതം നൽകി. കേരള ഫീഡ്‌സ് മുഖേന ലഭ്യമാക്കിയ തീറ്റ മൃഗാശുപത്രികൾ വഴിയാണ് വിതരണം ചെയ്തത്. ഉത്സവങ്ങൾ മുടങ്ങിയതിനെ തുടർന്ന് വരുമാനം നിലച്ച ഉടമകൾ ആനകളെ പരിപാലിക്കാൻ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ആനകൾക്കുള്ള തീറ്റ വിതരണം നടത്തിയത്. 15 വയസിന് മുകളിലുള്ള ആനകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
ഒരു ദിവസം മൂന്ന് കിലോഗ്രാം വീതം അരിയും റാഗിയും നാല് കിലോഗ്രാം ഗോതമ്പ്, അര കിലോഗ്രാം വീതം മുതിരയും ചെറു പയറും, 100 ഗ്രാം ഉപ്പ്, 10 ഗ്രാം മഞ്ഞൾപ്പൊടി, 150 ഗ്രാം കരിപ്പെട്ടി എന്ന കണക്കിൽ 40 ദിവസത്തേക്കുള്ള തീറ്റയാണ് ലഭ്യമാക്കിയത്. ഒരു ദിവസത്തെ ഭക്ഷണ സാധനങ്ങൾക്ക് 400 രൂപയാണ് ചെലവ്. വിവിധ മേഖലകളിലായി 37 ആനകൾക്ക് ഭക്ഷണം നൽകിയിരുന്നത്.
കിരൺ ഗണപതി എന്ന ആനയ്ക്ക് ഭക്ഷണം നൽകി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ജില്ലാ തല വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്.എൻ. ബിന്ദു, ചീഫ് വെറ്ററിനറി ഓഫീസർ ഒ.ടി. തങ്കച്ചൻ, ആന ഉടമാ സംഘടനാ ഭാരവാഹികളായ രവീന്ദ്രൻ നായർ, കിരൺ മധു എന്നിവർ പങ്കെടുത്തു.