
തുണ്ട് ഗ്രൂപ്പുകൾക്കു പൊലീസിന്റെ വിലങ്ങ്..! അശ്ലീല വെബ് സൈറ്റുകളിൽ കയറിയിറങ്ങുന്ന അശ്ലീല പ്രേമികൾ കോട്ടയത്തും: മുന്നൂറിലേറെ വാട്‌സ്അപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ; പേരില്ലാതെ ടെലഗ്രാമിൽ കയറിയാലും കുടുങ്ങും; ജില്ലയിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നു സൂചന
തേർഡ് ഐ ബ്യൂറോ
കോട്ടയം: വാട്‌സ്അപ്പിലെ അശ്ലീല വീഡിയോ കൂട്ടായ്മയ്ക്കും, ടെലഗ്രാമിലെ പേരില്ലാ തുണ്ട് ഗ്രൂപ്പുകൾക്കും വിലങ്ങുമായി സൈബർ സെല്ലും പൊലീസും. ഓപ്പറേഷൻ പി – ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ ഹൈട്ടക്ക് സെൽ നടത്തിയ പരിശോധനകളിൽ കഴിഞ്ഞ ദിവസം മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും, അഞ്ചു പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുന്നൂറിലേറെ വാട്‌സ്അപ്പ് ഗ്രൂപ്പുകൾ പൊലീസിന്റെ നിരീക്ഷണത്തിലുണ്ടെന്ന വിവരം ലഭിച്ചത്.
നേരത്തെ സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ പി – ഹണ്ടിന് പൊലീസ് തുടക്കമിട്ടിരുന്നു. ശനിയാഴ്ച മാത്രം 47 പേരെയാണ് ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അറസ്റ്റ് ചെയ്തിരുന്നത്. നേരത്തെ ഓപ്പറേഷൻ പി – ഹണ്ട് വാട്‌സ്അപ്പിലെ അശ്ലീല ഗ്രൂപ്പുകളെ മാത്രം കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ, പൊലീസ് വാട്‌സ്അപ്പ് മാത്രം കേന്ദ്രീകരിച്ചതോടെ അശ്ലീല കൂട്ടായ്മ ടെലഗ്രാമിലേയ്ക്കു കുടിയേറുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെലഗ്രാമിൽ പേരുപോലുമില്ലാതെയാണ് പലരും അക്കൗണ്ട ആരംഭിച്ചിരിക്കുന്നത്. ഈ അക്കൗണ്ടുകളിൽ പലരും അശ്ലീല ഗ്രൂപ്പിലേയ്ക്കുള്ള വഴികാട്ടിയാണ് താനും. ഇത്തരത്തിൽ അശ്ലീല ഗ്രൂപ്പിന്റെയും കൂട്ടായ്മയുടെയും ഭാഗമായാണ് ചേരുന്നത്. ഇത്തരത്തിൽ കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതിനു വേണ്ടി മാത്രം കൂട്ടായ്മകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് ജില്ലാ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
കുട്ടികളുടെ അശ്ലീല വീഡിയോ ഇന്റർനെറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്യുകയും, ഇത് പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘങ്ങൾ ജില്ലയിൽ സജീവമാണ്. ഇത്തരത്തിൽ ഇന്റർനെറ്റിൽ നിന്നും അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തിയത്. കൊച്ചിയിലും തൃശൂരിലും നടന്ന സംഭവങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ ജില്ലയിലും നടത്തിയ റെയ്ഡ് എന്നാണ് ലഭിക്കുന്ന സൂചന.
വരും ദിവസങ്ങളിൽ കൂടുതൽ ഗ്രൂപ്പുകളിലേയ്ക്കു അന്വേഷണം നീണ്ടേയ്ക്കും. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും ജില്ലാ പൊലീസിലെ സൈബർ സെൽ അധികൃതർ സൂചന നൽകുന്നു.