
കോവിഡിനെ പ്രതിരോധിക്കാൻ കോട്ടയത്ത് സൗകര്യങ്ങൾ വിപുലീകരിക്കുന്നു ; പ്രാദേശിക തലത്തിലും സാമ്പിൾ പരിശോധന : നിർദ്ദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
കോട്ടയം : കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ രോഗചികിത്സയ്ക്കും സാമ്പിൾ പരിശോധനയ്ക്കുമുള്ള സൗകര്യങ്ങൾ അടിയന്തരമായി വിപുലീകരിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ച കോവിഡ് കർമ്മ പദ്ധതിയുടെ (സർജ് പ്ലാൻ) അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു.
ജൂലൈ 15ഓടെ സംസ്ഥാനത്തെ പ്രതിദിന സാമ്പിൾ ശേഖരണം പതിനയ്യായിരത്തിൽ എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിന് ആനുപാതികമായി പ്രതിദിനം ശരാശരി ആയിരം സാമ്പിളുകൾ ശേഖരിക്കാൻ കഴിയും വിധം ജില്ലയിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ കോട്ടയം മെഡിക്കൽ കോളേജ്, കോട്ടയം ജനറൽ ആശുപത്രി, പാലാ ജനറൽ ആശുപത്രി, വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലും ഒരു മൊബൈൽ യൂണിറ്റു വഴിയുമാണ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കുന്നത്. കൂടുതൽ കേന്ദ്രങ്ങളിൽ ശേഖരണ സംവിധാനം ഏർപ്പെടുത്തുന്നതിനും മൊബൈൽ യൂണിറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കും.
രോഗബാധിതരെ ചികിത്സിക്കുന്നതിനും കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തും. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, പാലാ ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിക്കുന്നവരെ പ്രവേശിപ്പിക്കുന്നത്. ഈ ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.
ഗുരുതരമല്ലാത്ത ലക്ഷണങ്ങളുള്ളവരെ ചികിത്സിക്കുന്ന പ്രത്യേക കേന്ദ്രങ്ങളും (കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർസി.എഫ്.എൽ.ടി.സി) സജ്ജമാക്കിത്തുടങ്ങി. ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ മറ്റ് ചികിത്സാ സംവിധാനങ്ങൾക്ക് തടസമുണ്ടാകാത്ത രീതിയിൽ ഈ വിഭാഗത്തിൽപെടുന്ന രോഗികളെ പ്രവേശിപ്പിക്കും.
ഇതിനു പുറമെ തെക്കുംതലയിലെ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്‌സ്, മുട്ടമ്പലം ഗവൺമെന്റ് വർക്കിംഗ് വിമെൻസ് ഹോസ്റ്റൽ, കങ്ങഴ എം.ജി.ഡി.എം. ആശുപത്രി എന്നിവയും ആദ്യഘട്ടത്തിൽ സി.എഫ്.എൽ.ടി.സികളാക്കും. ഇത്തരം കേന്ദ്രങ്ങളിൽ ഓക്‌സിജൻ തെറാപ്പി സംവിധാനവും ക്രമീകരിക്കും.
ജില്ലയിൽ ആകെ 23 സി.എഫ്.എൽ.ടി.സികളിലായി 3200 പേരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണം പതിനായിരം എത്തുന്നതുവരെയുള്ള ചികിത്സാ ക്രമീകരണങ്ങളുടെ രൂപരേഖ കർമ്മ പദ്ധതിയിലുണ്ട്. ഒരേ സമയം ഇതിലും അധികം പേർ രോഗബാധിതരാകുന്ന സാഹചര്യമുണ്ടായാൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക സി.എഫ്.എൽ.ടി.സികൾ സജ്ജമാക്കും.
കൂടുതൽ ആംബുലൻസുകൾ ആവശ്യമായി വരുന്ന സാഹചര്യം നേരിടുന്നതിന് സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടും. കോവിഡ് മുക്തരാകുന്നവരെ വീടുകളിൽ എത്തിക്കുന്നതിന് ആംബുലൻസുകൾ ഉപയോഗിക്കുന്നതിനു പകരം ഡ്യുവൽ ചേംബർ ടാക്‌സി കാറുകൾ ആശുപത്രികളിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.
രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും കാലതാമസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി തിലോത്തമൻ നിർദേശിച്ചു. മാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജനങ്ങൾ കൂടുതലായി എത്തുന്ന മറ്റു കേന്ദ്രങ്ങളിലെയും തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പൊലീസ് ജാഗ്രത പുലർത്തണം. മാസ്‌ക് ഇല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കണംമന്ത്രി പറഞ്ഞു
ജില്ലാ കളക്ടർ എം. അഞ്ജന, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനിൽ ഉമ്മൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, വിവിധ വകുപ്പുകളുടെ മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.