
തേർഡ് ഐ ബ്യൂറോ
കോട്ടയം: വിദേശത്തു നിന്നെത്തി കൊവിഡ് നിരീക്ഷണത്തിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്ന യുവാവ് കുഴഞ്ഞു വീണു മരിച്ചു. കുഴഞ്ഞു വീണ യുവാവിനു കൃത്യ സമയത്തു ചികിത്സ നൽകിയില്ലെന്നാരോപിച്ച് ബന്ധുക്കളും രംഗത്ത് എത്തി. ദുബായിയിൽ നിന്നും എത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുറുമുള്ളൂർ കല്ലംമ്പാറ മനോഭവനിൽ മഞ്ജുനാഥ്(39) ആണ് മരിച്ചത്. മൂന്നു മണിക്കൂറോളം ഇദ്ദേഹത്തിനു മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചതായാണ് ആരോപണം ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ 21 നാണ് മഞ്ജുനാഥ് ദുബായിയിൽ നിന്നും വീട്ടിലെത്തിയത്. കല്ലംമ്പാറയിലെ തറവാട്ട് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഇദ്ദേഹം. വ്യാഴാഴ്ച രാവിലെയോടെ ബന്ധുക്കൾ ഇദ്ദേഹത്തിനു ഭക്ഷണവുമായി തറവാട്ട് വീട്ടിൽ എത്തി. എന്നാൽ, ഇദ്ദേഹം പുറത്തേയ്ക്കു എത്തിയില്ല. തുടർന്നു, ഇവർ ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു, ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി മഞ്ജുനാഥിനെ ആശുപത്രിയിലേയ്ക്കു മാറ്റി. 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, വൈകിട്ട് നാലു മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച രോഗിയെ രാത്രി എഴു മണിയോടെയാണ് ഡോക്ടർമാർ പരിശോധിക്കാൻ തയ്യാറായത് എന്നു പരാതി ഉയർന്നിട്ടുണ്ട്. ഈ സമയം വരെ ആശുപത്രി വളപ്പിൽ ആംബുലൻസിൽ തന്നെ ഇദ്ദേഹത്തെ കിടത്തിയിരിക്കുകയായിരുന്നു.
ബന്ധുക്കൾ പരാതി ഉയർത്തിയതിനെ തുടർന്നു മഞ്ജു നാഥിനെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തു മണിയോടെ ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. കൊറോണ പരിശോധനയ്ക്കായി സ്രവം ശേഖരിക്കുമെന്ന് ആശുപത്രി അധികൃതര് അറിയിച്ചു.
ചികിത്സ പിഴവുള്ളതായി ആരും പരാതി നല്കിയിട്ടില്ല. കൊറോണ സംബന്ധിച്ച പരിശോധനകള്ക്കാവശ്യമായ കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് പ്രാഥമിക അന്വേഷണത്തില് അറിയാന് കഴിഞ്ഞതെന്ന് മെഡിക്കല് കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര് പറഞ്ഞു.
ഗായത്രിയാണ് മഞ്ജുനാഥിന്റെ ഭാര്യ. മക്കൾ: ശിവാനി, സൂര്യകിരൺ.