കുമാരനല്ലൂർ സ്വദേശിയായ സ്‌കൂൾ അദ്ധ്യാപനു നാപ്‌റ്റോൾ വക സ്വിഫ്റ്റ്കാർ ‘സമ്മാനമടിച്ചു’..! കാറിനായി അദ്ധ്യാപകൻ നാപ്‌റ്റോളിന്റെ അക്കൗണ്ടിൽ ഇട്ടു നൽകിയത് 40,000 രൂപ; ആറുമാസം കഴിഞ്ഞിട്ടും കാറുമില്ല ടയറുമില്ല; തട്ടിപ്പിനു പിന്നിൽ പാമ്പാടി സ്വദേശിയായ പ്രദീപ്..!
തേർഡ് ഐ ബ്യൂറോ
കോട്ടയം: കുമാരനല്ലൂർ സ്വദേശിയായ കോട്ടയം നഗരത്തിലെ പ്രമുഖ സ്‌കൂളിലെ അദ്ധ്യാപകനു ഏഴു മാസം മുൻപ് സ്‌കൂളിന്റെ വിലാസത്തിൽ ഒരു കൊറിയറെത്തി. നാപ്‌റ്റോളിന്റെ നറക്കെടുപ്പിൽ നിങ്ങൾക്കു സ്വിഫ്റ്റ് കാർ സമ്മാനമായി ലഭിച്ചു എന്നതായിരുന്നു കൊറിയറിനുള്ളിലെ സന്ദേശം. ഇതിനു പിന്നാലെ നാപ്‌റ്റോളിൽ നിന്നെന്ന പേരിൽ പാമ്പാടി സ്വദേശിയായ പ്രദീപ് എന്നു പരിചയപ്പെടുത്തിയ ആൾ അദ്ധ്യാപകന്റെ ഫോണിലേയ്ക്കു വിളിച്ചു. നല്ല പോലെ ആലോചിച്ച ശേഷമാണ് ഇടപെട്ടതെങ്കിലും ഏഴു മാസം കൊണ്ടു മൂന്ന തവണയായി അദ്ധ്യാപകന് നഷ്ടമായത് 42400 രൂപയാണ്..!
കഴിഞ്ഞ വർഷം ജൂൺ മുതലായിരുന്നു തട്ടിപ്പുകൾക്കു തുടക്കമായത്. നാപ്‌റ്റോളിൽ നിന്നും ഈ അദ്ധ്യാപകൻ സാധനങ്ങൾ വാങ്ങിയിരുന്നു. സ്‌കൂളിന്റെ വിലാസത്തിലാണ് സാധനങ്ങൾ വാങ്ങിയിരുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് ആദ്യമായി ഇദ്ദേഹത്തിന്റെ ഓഫിസിലേയക്കു ആദ്യമായി കൊറിയർ എത്തിയത്. കൊറിയർ പ്രകാരം നാപ്‌റ്റോളിന്റെ നറക്കെടുപ്പിൽ ഇദ്ദേഹത്തിനു സമ്മാനം അടിച്ചതായും, സ്വിഫ്റ്റ് ഡിയർ കാർ അധികം താമസിയാതെ വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊറിയർ ഇദ്ദേഹം കൈപ്പറ്റിയതിനു പിന്നാലെ പാമ്പാടി സ്വദേശിയായ പ്രദീപാണെന്നും, നാപ്‌റ്റോളിന്റെ മാനേജരാണെന്നും പരിചയപ്പെടുത്തിയ ഒരാൾ ഇദ്ദേഹത്തിന്റെ ഫോണിൽ വിളിച്ചു. കാർ ലഭിക്കുന്നതിനായി, 12000 രൂപ അടയ്ക്കണമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. സഹപ്രവർത്തകരും ബന്ധുക്കളുമായി ചർച്ച ചെയ്തപ്പോൾ എല്ലാവരും പണം അടയ്ക്കാൻ ഇദ്ദേഹത്തോട് നിർബന്ധിച്ചു. ഇത് അനുസരിച്ച് ഇദ്ദേഹം കാർ ലഭിക്കുന്നതിനായി 12000 രൂപ തട്ടിപ്പ് സംഘം നിർദേശിച്ച് അക്കൗണ്ടിലേയ്ക്കു അദ്ദേഹം ഇട്ടു നൽകി.
ഇതിനു ശേഷം വണ്ടിയുടെ രജിസ്‌ട്രേഷൻ ചാർജ് ഇനത്തിലേയ്ക്കു 12400 രൂപ വേണം എന്നാവശ്യപ്പെട്ട് വീണ്ടും കോൾ എത്തി. വണ്ടിയുടെ രജിസ്‌ട്രേഷനു വേണ്ടിയല്ലേ എന്നു വിശ്വസിച്ച് ഇദ്ദേഹം ഈ തുകയും അയച്ചു നൽകി. പിന്നീട്, ആഴ്ചകൾക്കു ശേഷം നാപ്‌റ്റോളിൽ നിന്നെന്ന പേരിൽ വീണ്ടും ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടു. കേരളത്തിലേയ്ക്കു കാറുമായി വരുന്ന ട്രക്ക് അപകടത്തിൽപ്പെട്ടതായും, ഇതിന്റെ ചിലവിനായി 20,000 രൂപ അയച്ചു നൽകണമെന്നും അറിയിച്ചു. കുടുക്കിൽപ്പെട്ടു പോയ അദ്ധ്യാപകൻ ആദ്യം അയച്ച പണം നഷ്ടമാകാതിരിക്കാൻ വീണ്ടും 20,000 രൂപ അയച്ചു നൽകി.
പിന്നീടും, പല വിധകാരണങ്ങൾ പറഞ്ഞ് തട്ടിപ്പ് സംഘം തുടർച്ചയായി ഫോണിൽ വിളിച്ചുകൊണ്ടിരുന്നപ്പോഴാണ് ഇദ്ദേഹത്തിനു തട്ടിപ്പാണ് എന്നു ബോധ്യപ്പെട്ടത്. തുടർന്നു, അധ്യാപകൻ കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ ഓഫിസിലെത്തിയും, സൈബർ സെല്ലിലും പരാതി നൽകി. എന്നാൽ, പരാതിയിൽ ഇതുവരെയും കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നു അധ്യാപകൻ ആരോപിക്കുന്നു.
ഇതിനിടെ പണം അയച്ചു നൽകിയ കളത്തിപ്പടി എസ്.ബി.ഐയിൽ എത്തി താൻ തട്ടിപ്പിനു ഇരയായതായി ഇദ്ദേഹം അറിയിച്ചു. തുടർന്നു, ബാങ്ക് മാനേജർ ഇടപെട്ട് തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ട് മരവിപ്പിച്ചു. ഇതിൽ 7000 രൂപ ബാക്കിയുണ്ടായിരുന്നു. ഈ തുക മരവിപ്പിച്ചു നിർത്തിയിരിക്കുകയാണ്.
നാപ്‌റ്റോൾ എന്ന വ്യാജ പേരിലാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.