ഇന്ത്യ – ചൈന അതിർത്തി സംഘർഷം : കമാൻഡർതല ചർച്ചയ്ക്ക് പിന്നാലെ തർക്ക മേഖലകളിൽ നിന്നും ഇരുരാജ്യങ്ങളുടെയും സൈന്യങ്ങളെ പിൻവലിക്കാൻ ധാരണയായതായി റിപ്പോർട്ട്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിർത്തിയിൽ നിലനിൽക്കുന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ അയവ് വരുന്നു. ഗൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ശേഷം ആദ്യമായി ഇന്ത്യ- ചൈന സൈന്യങ്ങളുടെ കോർപ്‌സ് കമാൻഡർമാർ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, അതിർത്തിയിൽ നിലവിൽ തർക്കമുള്ള മേഖലകളിൽ നിന്നും ഇരുരാജ്യങ്ങളിൽ നിന്നുമുള്ള സൈനികരെ പിൻവലിക്കാൻ ധാരണയായതായി റിപ്പോർട്ട്.
ഇന്ത്യ-ചൈന സൈനിക കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായതെന്നാണ് റിപ്പോർട്ട്. ചുഷുലുൽ അതിർത്തിയിലെ മോൾഡോയിൽ ഇരു സൈനിക കമാൻഡർമാരും തമ്മിൽ നടന്ന കൂടിക്കാഴ്ച പത്തു മണിക്കൂറോളം നീണ്ട് നിൽക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ചർച്ചകൾ ക്രിയാത്മകവും സൗഹാർദ്ദപരവുമായ അന്തരീക്ഷത്തിലാണ് നടന്നതെന്നും ഇരുപക്ഷവും അഭിപ്രായ സമന്വയത്തിലെത്തിയെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചിരുന്നു.
ഇന്ത്യയെ പ്രതിനിധീകരിച്ച് 14 കോർപ്‌സ് കമാൻഡർ ല്ര്രഫനന്റ് ജനറൽ ഹരീന്ദർ സിങ്, ചൈനയ്ക്കു വേണ്ടി സൗത്ത് സിൻജിയാങ് മിലിട്ടറി ഡിസ്ട്രിക്ട് കമാൻഡർ മേജർ ജനറൽ ലിയു ലിൻ എന്നിവരാണ് കമാൻഡർതല ചർച്ചയിൽ പങ്കെടുത്തത്.
യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽഎസി) സംഘർഷാവസ്ഥ കുറയ്ക്കുന്നതിനുള്ള മാർഗരേഖ ചർച്ച ചെയ്യുന്നതിനായി രണ്ട് കമാൻഡർമാരും ജൂൺ 6 ന് ആദ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഗൽവാൻ ഏറ്റുമുട്ടലിന് ശേഷം ഈ സാഹചര്യങ്ങൾ മാറുകയായിരുന്നു.
കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായാണ് നിയന്ത്രണ രേഖയിൽ ഇന്ത്യയുടെയോ ചൈനയുടെയോ സൈനികർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത്. 1975 ൽ അരുണാചൽ പ്രദേശിൽ ഒരു ഇന്ത്യൻ പട്രോളിങ് സംഘത്തിനു നേർക്ക് നടന്ന ചൈനീസ് ആക്രമണത്തിൽ ആൾനാശവും സംഭവിച്ചിരുന്നു.