
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഇരു കൈകളും കൂട്ടിക്കെട്ടി , ആ കെട്ടിൻ്റെ അറ്റത്ത് കരിങ്കൽ കെട്ടി, കിണറിൻ്റെ ഇരുമ്പ് മേൽമൂടിയുടെ ചെറുവിടവിലൂടെ ഒരാൾക്ക് ഒറ്റയ്ക്ക് കിണറ്റിൽ ചാടാനാകുമോ ..? അയർക്കുന്നം പുന്നത്തുറ സെന്റ് തോമസ് പള്ളിയിലെ വൈദികൻ ഫാ.ജോർജ് എട്ടുപറയിലിന്റെ മരണം ആത്മഹത്യയാണ് എന്ന് പൊലീസ് സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ ഉയരുന്ന പ്രധാന സംശയമാണ് ഇത്.
രണ്ടു കൈ കളും പ്ളാസ്റ്റിക്ക് ചരട് ഉപയോഗിച്ച് കുട്ടിക്കെട്ടി , ഈ കയറിൻ്റെ അറ്റത്ത് ചെങ്കല്ല് കെട്ടിയ ശേഷം വൈദികൻ കിണറ്റിൽ ചാടി എന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ മുട്ടിന് മുകളിൽ പൊക്കമുള്ള കിണറിൻ്റെ അരമതിലിൽ കയറി ഇരുന്നെങ്കിൽ മാത്രമേ കിണറിൻ്റെ മേൽ മൂടി മാറ്റി ഈ വിടവിലൂടെ വൈദികന് കിണറ്റിൽ ചാടാൻ സാധിക്കു. ഇനി മേൽമൂടി മാറ്റിയ ശേഷം കയ്യിൽ കയറും കല്ലും കെട്ടിയെങ്കിൽ അതിന് ഏറെ സമയം വേണ്ടി വരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരക്കേറിയ റോഡാണ് പള്ളിയ്ക്ക് മുന്നിലൂടെ കടന്ന് പോകുന്നത്. ഞായറാഴ്ച ആയതിനാൽ നിരവധി വിശ്വാകളാണ് പള്ളിയിലേയ്ക്ക് എത്തിയിരുന്നത്. ഈ കിണറിൻ്റെ അരമതിലിൽ വൈദികൻ കയറിയിരുന്നത് ആരും കണ്ടില്ലെന്നത് അസ്വാഭാവിക വിശദീകരണമായി മാറുന്നു.
അയർക്കുന്നം പുന്നത്തുറ സെന്റ് തോമസ് പള്ളിയിലെ വികാരി മങ്കൊപ്പ് എട്ടുപറയിൽ വീട്ടിൽ ജോർജ് എട്ടുപറയിലിന്റെ (സോണിയച്ചൻ -55) മൃതദേഹം തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ പള്ളി മുറ്റത്തെ കിണറ്റിലാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ ഒരു കയ്യിൽ പ്ലാസ്റ്റിക്ക് കയർ ഉപയോഗിച്ച് കെട്ടിയിരുന്നു. എന്നാൽ, വൈദികന്റെ കയ്യിലെ കെട്ടിന് ബലമില്ലായിരുന്നെന്നും, മരണ വെപ്രാളത്തിൽ ഒരു കയ്യിലെ കെട്ട് ഇദ്ദേഹം തന്നെ അഴിച്ചു കളഞ്ഞതായും പൊലീസ് വിശദീകരിക്കുന്നു. മറ്റൊരാൾ കെട്ടിയതാണ് എങ്കിൽ കയ്യിലെ കെട്ടിനു ഇതിലും ബലമുണ്ടാകുമായിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു.
ഞായറാഴ്ച രാവിലെ മുതലെ പത്ത് മണി മുതലാണ് വൈദികനെ കാണാതായത്. ഈ സമയം മുതൽ പള്ളിയിലെ സി.സി.ടി.വി കാമറകൾ ഓഫായിരുന്നു. ആരോ മനപൂർവം സിസിടിവി ക്യാമറ ഓഫ് ചെയ്തതായാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ, പള്ളിയിലെ സി.സി.ടി.വി ഓഫ് ചെയ്യുന്നത് മരിച്ച വൈദികൻ ജോർജ് തന്നെയാണ് എന്നു സഭയും പൊലീസും വിശദീകരിക്കുന്നു.
വൈദികൻ്റെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തി മണിക്കൂറുകൾക്കകം സഭ അനുശോചനക്കുറിപ്പ് പുറത്തിറക്കിയിരുന്നു. വൈദികൻ്റെ മരണത്തിൻ്റെ കാരണം പൊലീസ് കണ്ടെത്തും മുൻപ് അത് ആത്മഹത്യയാണ് എന്ന് സഭ ഉറപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ പള്ളിയിലുണ്ടായ തീ പിടുത്തം ആണ് വൈദികൻ്റെ മരണത്തിന് കാരണം എന്നും സഭ കണ്ടെത്തി.
ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ വൈദികൻ ജോർജിൻ്റെ മരണത്തിൽ സഭ പ്രതിക്കൂട്ടിൽ തന്നെയാണ്.