
ശ്രീകാര്യത്ത് യുവാവിനെ തല്ലിക്കൊന്നു കെട്ടിത്തൂക്കിയതെന്നു ബന്ധുക്കൾ: ഗുണ്ടാ ബന്ധമുള്ള യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയത് ക്വട്ടേഷൻ സംഘമെന്നു സൂചന; തലസ്ഥാന നഗരം കീഴടക്കി വീണ്ടും ഗുണ്ടാ സംഘങ്ങൾ
ക്രൈം ഡെസ്ക്
തിരുവനന്തപുരം: ശ്രീകാര്യത്ത് യുവാവിനെ തല്ലിക്കൊന്നു കൊലപ്പെടുത്തി കെട്ടിത്തൂക്കിയത് ഗുണ്ടാ സംഘമെന്നു സൂചന. ഗുണ്ടാ സംഘമുള്ള യുവാവിനെ ക്വട്ടേഷൻ സംഘങ്ങൾ, ക്വട്ടേഷൻ ഏറ്റെടുത്ത് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. യുവാവിനു നേരത്തെ തന്നെ ഭീഷണി നിലവിലുണ്ടായിരുന്നതായും അമ്മയും ഭാര്യയും ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യുവാവിനെ മരണം വിവാദമായി മാറിയിരിക്കുന്നത്.
ശ്രീകാര്യത്ത് കെട്ടിത്തൂങ്ങിയ നിലയിൽ കാണപ്പെട്ട വർക്കല ചാവടിമുക്ക് മുട്ടപ്പലം തുണ്ടുവിള സ്വദേശി ഷൈജുവിന്റെ (40) മരണം ആത്മഹത്യയെന്ന് പൊലീസ് ഉറപ്പിച്ചതിനു പിന്നാലെയാണ് ബന്ധുക്കൾ ആരോപണവുമായി രംഗത്ത് എത്തിയത്. ഗുണ്ടാ സംഘങ്ങളുടെ ഭീഷണി നിലനിന്നിരുന്ന ഷൈജുവിനെ ക്വട്ടേഷൻ സംഘം ആക്രമിച്ച് അതിക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടത്തിലാണ് ഷൈജു തൂങ്ങിമരിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. മരണപ്പെടുന്നതിന് മുമ്പ് ഇയാളുടെ മുഖത്തും ശരീരത്തും കാണപ്പെട്ട പരിക്കുകൾ ബൈക്ക് അപകടത്തിൽ സംഭവിച്ചതാണെന്നും പൊലീസ് ഉറപ്പിച്ചു.
അപകടത്തിൽ മുഖം അടിച്ച് വീഴുമ്പോഴുണ്ടാകുന്ന പരിക്കുകളാണ് ഷൈജുവിന്റെ ശരീരത്തുണ്ടായത്. മുഖത്തല്ലാതെ മരണകാരണമാകും വിധത്തിൽ ആന്തരികമായി മറ്റ് യാതൊരു പരിക്കുകളും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്താനായിട്ടില്ല. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഷൈജുവിന് ഡ്രിപ്പും മരുന്നുകളും നൽകാൻ കൈയ്യിലെ ഞരമ്ബിൽ ഘടിപ്പിച്ചിരുന്ന സൂചിയിൽ നിന്നുണ്ടായ രക്ത സ്രാവമാണ് മൃതദേഹം കാണപ്പെട്ട സ്ഥലത്ത് പലയിടത്തും രക്തത്തുള്ളികളായി കാണപ്പെട്ടത്.
ഇതല്ലാതെ ഷൈജുവിന്റെ ശരീരത്ത് നിന്ന് രക്തം വാർന്നൊഴുകാൻ തക്ക പരിക്കുകളോ മുറിവുകളോ ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിനെ അറിയിച്ചു.
ഇതോടെ കൊലപാതകമായിരിക്കാനമെന്ന സംശയത്തിന് നിവൃത്തിയുണ്ടായെങ്കിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കാനിടയായ കാരണങ്ങളെ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പേ ആരോ തന്നെ കൊല്ലാൻ വരുന്നുവെന്ന് പറഞ്ഞ് ബന്ധുവീട്ടിലെ മുറിയിൽ അടച്ചുപൂട്ടിയിരുന്നതും തന്നെ അക്രമിച്ചെന്ന വിധത്തിൽ കല്ലമ്പലം പൊലീസിൽ ഇയാൾ നേരിട്ടെത്തി നടത്തിയ വെളിപ്പെടുത്തലും കണക്കിലെടുത്ത് ആരിൽ നിന്നെങ്കിലും ഭീഷണിയുണ്ടായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഇയാൾ കുടുംബപ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കിയതാണോയെന്നും അന്വേഷണ വിധേയമാകും. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ അവിടെനിന്ന് രക്ഷപ്പെട്ടാണ് ജീവനൊടുക്കിയത്. ആശുപത്രിയിൽ അത്തരത്തിൽ എന്തെങ്കിലും കാര്യങ്ങളുണ്ടായോയെന്നും തൂങ്ങി മരിക്കാൻ ശ്രീകാര്യത്തെ ബാങ്ക് കെട്ടിടത്തിന്റെ പിൻവശത്തെത്തിയതെങ്ങനെയെന്നും പൊലീസ് അന്വേഷിക്കും.
ഞായറാഴ്ച വൈകിട്ട് ഷൈജു ശ്രീകാര്യത്തും ഉള്ളൂരുമുള്ള രണ്ട് പരിചയക്കാരെ ഫോണിൽവിളിച്ച് രാത്രി താമസിക്കാൻ മുറി കിട്ടുമോ എന്ന് അന്വേഷിച്ചിരുന്നു. ഷൈജുവിന്റെ മൊബൈൽ ഫോണും കണ്ടെത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ശ്രീകാര്യത്തെ പുതുവലിൽ ബിൽഡിംഗിലാണ് മൃതദേഹം കണ്ടത്. കല്ലമ്പലത്തുനിന്ന് ബൈക്കും കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് പുറമേ, മൃതദേഹം കാണപ്പെട്ട സ്ഥലത്ത് നിന്ന് സംശയിക്കത്തക്ക മറ്റ് തെളിവുകളോ പുറത്തുനിന്ന് ആരുടെയും സാന്നിദ്ധ്യമോ ബലപ്രയോഗമോ ഉണ്ടായ ലക്ഷണങ്ങളോ ഇല്ലാത്തതിനാൽ ആത്മഹത്യയെന്ന നിലയിൽ കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.