വാഹനം ഇടിച്ചു പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച യുവതിയെ പ്രതിയാക്കി കേസെടുത്ത ചിങ്ങവനം എസ്.ഐയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

വാഹനം ഇടിച്ചു പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച യുവതിയെ പ്രതിയാക്കി കേസെടുത്ത ചിങ്ങവനം എസ്.ഐയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

സ്വന്തം ലേഖകൻ

എറണാകുളം: വാഹനം ഇടിച്ചു പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ച യുവതിയെ പ്രതിയാക്കി കേസെടുത്ത ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. 2017 ഒക്ടോബർ 18ന് ഉച്ചകഴിഞ്ഞ് 3.30 ന് ദീപ്തി മാത്യുവും സുഹൃത്തുക്കളായ ആതിര ജോസഫ്, ജാനറ്റ് മാത്യു, കീർത്തി ജയകുമാർ എന്നിവർ വിവാഹ സത്കാരത്തിൽ പങ്കെടുത്ത് മടങ്ങി വരും വഴി അവർക്ക് മുമ്പേ പോയ വാഹനം വഴിയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയതായി കണ്ടു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ദീപ്തിയും സുഹൃത്തുക്കളും ചേർന്ന് പരിക്കേറ്റ പാക്കിൽ പതിനഞ്ചിൽപടി വാളംപറമ്പിൽ ബേബിയെ ഇവരുടെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം അന്നു രാത്രി മരിച്ചു. ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സയ്ക്കു വേണ്ട സഹായങ്ങൾ ചെയ്തശേഷം ദീപ്തിയും സുഹൃത്തുക്കളും മോനിപ്പള്ളിയിലേക്ക് യാത്ര തുടർന്നു. എന്നാൽ, പിറ്റേന്ന് രാവിലെ ചിങ്ങവനം എസ്ഐ അനൂപ് .സി. നായർ ദീപ്തിയെ സ്റ്റേഷനിൽ വിളിപ്പിക്കുകയും നിങ്ങളുടെ വാഹനം ഇടിച്ചാണ് ബേബി മരിച്ചത് എന്നു പറഞ്ഞ് അറസ്റ്റ് ചെയ്ത് വാഹനം കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. തന്റെ വാഹനമിടിച്ചല്ല അപകടമുണ്ടായതെന്ന് ദീപ്തി പറഞ്ഞെങ്കിലും എസ്.ഐ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. തൊട്ടടുത്ത ദിവസം ദീപ്തി ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകി. എന്നാൽ അന്വേഷണം ശരിയാംവിധം നടക്കാത്തതിനാൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പുനരന്വേഷിച്ച് പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്നു ഹൈക്കോടതി ജസ്റ്റീസ് ഏബ്രഹാം മാത്യു ഉത്തരവിട്ടു. ദീപ്തിയുടെ വാഹനം പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതി നടപടി. അപകടത്തിൽ പരിക്ക് പറ്റിയവരെ ആശുപത്രിയിൽ എത്തിക്കുന്നവരെ കേസിൽ സാക്ഷി പോലും ആക്കരുത് എന്ന സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലർ നിലനിൽക്കേ പോലീസുകാരുടെ ഈ പ്രവണത വച്ചു പൊറുപ്പിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.