
മൂന്നാറിലെ സുന്ദരവില്ലന്മാർ..! കർഷകർക്ക് ആനച്ചോറ് കൊലച്ചോറാകുമ്പോൾ; മൂന്നാറിലെ വില്ലന്മാരായ കൊമ്പൻമാരുടെ ക്രൂരകൃത്യങ്ങൾ കർഷകർക്ക് കണ്ണീരാകുന്നു; വൈറൽ വീഡിയോയ്ക്കു പിന്നിലെ കണ്ണീർക്കഥ
തേർഡ് ഐ ബ്യൂറോ
മൂന്നാർ: ലോക്ക് ഡൗൺ കാലത്ത് മൂന്നാറിനെ വിറപ്പിച്ച കൊമ്പന്മാർ വില്ലന്മാരാകുന്നു. കർഷകരുടെ കൃഷി നശിപ്പിച്ച പടയപ്പയും ഗണേശനും മൂന്നാറിലെ സാധാരണക്കാരുടെയും കർഷകരുടെയും ഉറക്കം കെടുത്തുകയാണ്. കൊമ്പന്മാരായ പടയപ്പയും ഗണേശനുമാണ് മൂന്നാറിലെ കൃഷിയിടങ്ങളും കടകളും തകർത്ത് തരിപ്പണമാക്കി വിളയാടി നടക്കുന്നത്.
കാട്ടിൽ ഭക്ഷണമില്ലാതായതും വിനോദ സഞ്ചാരികളുടെ വരവ് നിലച്ചതും ഈ കൊമ്പന്മാർക്ക് പ്രദേശവാസികളുടെ കൃഷിയിടത്തേക്കും പഴക്കടകളിലേക്കും തുമ്പിക്കൈയിട്ട് വാരാൻ ഇടയാക്കുകയാണ്. ജനങ്ങലോട് ഇണങ്ങിയ കൊമ്പന്മാർ ഭക്ഷണമില്ലാത്തതിനാലാണ് പഴക്കടകൾ ആക്രമിക്കുന്നതെന്നും കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് എന്നുമാണ് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും അവർ ആവശ്യപ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാർ ഹെഡ് വർക്‌സ് ഡാമിനു സമീപത്താണു കണ്ണൻ ദേവൻ കമ്പനിയിലെ ഡ്രൈവർ പി.ഭാസ്‌കരനും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു രാത്രി 8 മണിക്കു വീട്ടിലെത്തി അൽപ സമയത്തിനുള്ളിൽ വീടിനു പിന്നിൽ നിന്ന് അനക്കം കേട്ടു നോക്കുമ്പോൾ രണ്ടു കൊമ്പന്മാർ. അടുക്കളത്തോട്ടത്തിൽ നട്ടതൊക്കെ അകത്താക്കുന്ന തിരക്കിലാണ് ഇരുവരും.
ബീൻസും ചോളവും മുതൽ പാഷൻ ഫ്രൂട്ട് വള്ളിയെ പോലും വെറുതേ വിട്ടില്ല. വീടിന്റെ ചുവരിനോടു തൊട്ടുരുമ്മിയാണു കൊമ്പന്മാരുടെ നിൽപ്. ജനാലയുടെ കർട്ടൻ മാറ്റിനോക്കി ഭാസ്‌കരൻ കൊമ്പന്മാരെ മുഖത്തോടു മുഖം കണ്ടു. ആനച്ചൂര് പണ്ടേ ശീലമാണ്. പക്ഷേ, പ്രായമായ അച്ഛനമ്മമാരും പേരക്കുട്ടികളും വീട്ടിലുണ്ട്. എല്ലാം നശിപ്പിച്ചു പുലർച്ചെ 4 മണിയോടെയാണു രണ്ടുപേരും തിരികെ പോയത്. പിറ്റേ ദിവസം വീണ്ടുമെത്തി. ഒന്നും ബാക്കിയായില്ലെന്ന് ഉറപ്പിച്ചു.
മൂന്നാർ ടൗണിൽ 7 വർഷമായി പഴക്കച്ചവടം ചെയ്യുകയാണ് കെ.കാളിദാസ്. ഞായർ ലോക്ഡൗണിൽ കടയടച്ചു വീട്ടിലിരിക്കുന്നതിനിടെയാണ് ഫോൺ വന്നത്. കട തകർത്തു പഴങ്ങൾ ആന കാലിയാക്കുന്നു. ഉടൻ സ്ഥലത്തെത്തിയെങ്കിലും നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. വനം വകുപ്പ് അധികൃതരെത്തി പടക്കമെറിഞ്ഞാണ് ആനയെ തുരത്തിയത്.
പടയപ്പയും ഗണേശനും കൂടെയുള്ള കുട്ടിക്കൊമ്പനുമാണ് വില്ലന്മാർ. വിനോദസഞ്ചാര മേഖലയായ മൂന്നാറിലെ പ്രധാന ആകർഷണമായിരുന്നു പടയപ്പയും ഗണേശനും. കാട്ടാനകളാണെങ്കിലും നാടിനോടു മെരുങ്ങിയവർ. സഞ്ചാരികൾക്കു ഭയലേശമില്ലാതെ സമീപിക്കാൻ കഴിഞ്ഞിരുന്ന ഇവർ നാട്ടുകാരുടെയും പ്രിയപ്പെട്ടവരായിരുന്നു. മൂന്നാറിലെത്തുന്നവർക്കു കൗതുകക്കാഴ്ചയും. കാട്ടിൽ ഭക്ഷണമില്ലാതായതിനൊപ്പം സഞ്ചാരികളുടെ വരവും നിന്നപ്പോഴാണ് ആനകൾ കച്ചവടസ്ഥാപനങ്ങളിൽ തുമ്പിക്കൈ വച്ചത്.
കാട്ടാനശല്യത്തിൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണു കർഷകർ. തേയിലത്തോട്ടത്തിൽ നേരത്തോടു നേരം പണിയെടുത്ത ശേഷം വീട്ടിലെത്തി നട്ടുനനച്ചുണ്ടാക്കുന്നതാണ് ആനക്കൂട്ടം നശിപ്പിക്കുന്നത്. വനം വകുപ്പിനു പരാതി നൽകിയാൽ തുച്ഛമായ തുക മാത്രമാണു നഷ്ടപരിഹാരം ലഭിക്കുന്നത്. അര ലക്ഷം രൂപയുടെ നാശനഷ്ടത്തിന് 240 രൂപ നഷ്ടപരിഹാരം ലഭിച്ച അവസ്ഥ വരെയുണ്ടായതായി കർഷകർ പറയുന്നു.
3 ആനകളും കൂടി 4 പഴക്കടകളാണു കാലിയാക്കിയത്. കൃഷിയിടവും കടന്ന് ആനകൾ നഗരത്തിലെ കടകളിലും കൈവച്ചതോടെ ജനമിളകി. നഗരമധ്യത്തിൽ നൂറുപേർ നോക്കി നിൽക്കുന്നതിനിടയിലാണ് ഒരു പാടുപേരുടെ ജീവനോപാധിയായ കച്ചവടസ്ഥാപനങ്ങളെ കൊമ്പന്മാർ വെളുപ്പിക്കുന്നത്. മൂന്നാർ എംഎൽഎ എസ്.രാജേന്ദ്രന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു കച്ചവടക്കാർ പ്രതിഷേധിച്ചു. ജനവാസ മേഖലയിലേക്ക് ആനയിറങ്ങാതെ നോക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാമെന്നും കച്ചവടക്കാർക്കു നഷ്ടപരിഹാരം നൽകാമെന്നും അധികൃതർ സമ്മതിച്ച ശേഷമാണു പ്രതിഷേധം അവസാനിച്ചത്.